‘16 മാസമായി, ഗര്‍ഭം ഇപ്പോഴും തുടരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭത്തിന്റെ ലോകറെക്കോര്‍ഡ് എനിക്ക്’

സൊനാക്ഷി സിൻഹ, സഹീർ ഇഖ്ബാൽ / instagram
സൊനാക്ഷി സിൻഹ, സഹീർ ഇഖ്ബാൽ / instagram

ഗര്‍ഭിണിയാണെന്നുള്ള വ്യാപകമായ ഊഹാപോഹങ്ങള്‍ക്ക് ശേഷം, ഒടുവില്‍ മൗനം വെടിഞ്ഞ് സൊനാക്ഷി സിന്‍ഹ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇതിനോട് പ്രതികരിച്ചത്. തനതായ ശൈലിയില്‍, അല്പം നര്‍മ്മം കലര്‍ത്തിയായിരുന്നു പ്രതികരണം.

ഡിസൈനര്‍ വിക്രം ഫഡ്നിസിന്റെ 35-ാം വാര്‍ഷികാഘോഷത്തില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായതോടെയാണ് സൊനാക്ഷി ഗര്‍ഭിണിയാണെന്ന തരത്തില്‍ പുതിയ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യുമ്പോള്‍ ഭര്‍ത്താവും നടനുമായ സഹീര്‍ ഇഖ്ബാല്‍ തമാശയായി സൊനാക്ഷിയുടെ വയറ്റില്‍ കൈ വെക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു.

അപ്രതീക്ഷിതമായ ഈ നീക്കത്തില്‍, സൊനാക്ഷി ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പേര് വിളിച്ച് ആ കൈ ഉടന്‍ തന്നെ മാറ്റുകയായിരുന്നു. എന്നാല്‍, ഈ രസകരമായ നിമിഷം, ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന അഭ്യൂഹങ്ങളിലേക്ക് പെട്ടെന്ന് വഴിമാറി. സഹീര്‍ പിന്നീട് ആ വീഡിയോയില്‍ തന്നെ ഞങ്ങള്‍ തമാശ പറയുകയാണ് എന്ന് പറഞ്ഞ് ആ പ്രവൃത്തിയെക്കുറിച്ച് വിശദീകരിച്ചിരുന്നു.

എന്നാല്‍ ഇന്റര്‍നെറ്റില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് അതുകൊണ്ടൊന്നും നിന്നില്ല. 'വയറിന് ചുറ്റും കൈ വെച്ച് പോസ് ചെയ്തതിന് മാത്രം, മനുഷ്യ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭത്തിന്റെ ലോക റെക്കോര്‍ഡ് ഉടമ (ഞങ്ങളുടെ പ്രിയപ്പെട്ടതും അതിബുദ്ധിശാലികളുമായ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് 16 മാസമായി, ഇപ്പോഴും തുടരുന്നു). ഞങ്ങളുടെ പ്രതികരണത്തിനായി അവസാന സ്ലൈഡിലേക്ക് സ്‌ക്രോള്‍ ചെയ്യുക... എന്നിട്ട് ഈ ദീപാവലിക്ക് തിളങ്ങുന്നത് തുടരുക' അവര്‍ കുറിച്ചു.

സൊനാക്ഷിയുടെ ഈ കുറിപ്പ് തല്‍ക്ഷണം വൈറലായി. അതിലെ നര്‍മ്മത്തിനും തന്റേടത്തിനും ആരാധകരില്‍ നിന്ന് ഏറെ പ്രശംസയും ലഭിച്ചു. അഭ്യൂഹങ്ങളെ നല്ല രീതിയില്‍ കളിയാക്കിക്കൊണ്ട് ദമ്പതികള്‍ ഒരുമിച്ച് ചിരിക്കുന്ന ഒരു കൂട്ടം കാന്‍ഡിഡ് ചിത്രങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

2024 ജൂണ്‍ 23-ന് മുംബൈയിലെ ബാസ്റ്റിയനില്‍ വെച്ച് ഒരു സ്വകാര്യ ചടങ്ങില്‍ വിവാഹിതരായ സൊനാക്ഷിയും സഹീറും, ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നവദമ്പതികളാണ്. സോഷ്യല്‍ മീഡിയയിലെ തമാശകള്‍ മുതല്‍ റെഡ് കാര്‍പെറ്റിലെ സാന്നിധ്യം വരെ, ബന്ധത്തെക്കുറിച്ച് അറിയാൻ ആരാധകർക്ക് എപ്പോഴും താത്പര്യമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: sonakshi sinha finally breaks silence on widespread pregnancy rumors with a witty Instagram post, addressing viral video and media speculation.