ആമാശയം പുറത്തെടുത്ത് ഭക്ഷണം കഴിക്കുന്നവർ, ഒരു കൈ പോയാൽ പിന്നെയും മുളയ്ക്കും

നക്ഷത്രമത്സ്യം | AI
നക്ഷത്രമത്സ്യം | AI

തലച്ചോറില്ല, രക്തവുമില്ല, കാഴ്ചയിലും മത്സ്യങ്ങളെപ്പോലെയല്ല. പക്ഷേ പേര് നക്ഷത്രമത്സ്യമെന്നും. യഥാർഥത്തിൽ നക്ഷത്രമത്സ്യം, മത്സ്യങ്ങളുടെ ഗണത്തിൽ പെടുന്നവരല്ല. കടലിൽ കാണുന്ന ജീവികളെ പൊതുവെ മീനെന്ന് വിളിക്കുന്ന ശീലമുണ്ടായിരുന്ന ആദ്യകാലത്ത് ഇവയെ നിരീക്ഷിച്ചുപോന്നവർ നൽകിയ പേരാണിത്. സമുദ്രശാസ്ത്രജ്ഞർ ആ പേരുപയോഗിക്കാറില്ല. വിവിധവർണങ്ങളിൽ കാണപ്പെടുന്ന ഇക്കൂട്ടർ അവർക്ക് നക്ഷത്രമത്സ്യങ്ങളല്ല, കടൽ നക്ഷത്രങ്ങൾ അഥവാ സീ സ്റ്റാർസ് ആണ്.

ദിനോസറുകളേക്കാൾ പ്രായം

450 ദശലക്ഷം വർഷങ്ങൾക്ക് മുമ്പു മുതൽ നക്ഷത്രമത്സ്യങ്ങൾ കടലിൽ വിഹരിക്കുന്നുണ്ട്. ദിനോസറുകളെക്കാൾ മുമ്പ്. ഇന്ന് അറിയപ്പെടുന്ന 2,000-ത്തിലധികം സ്റ്റാർഫിഷ് ഇനങ്ങളുണ്ട്. ഉഷ്ണമേഖലാ പവിഴപ്പുറ്റുകളുടെ ആഴം കുറഞ്ഞ തീരങ്ങൾ തൊട്ട് ആഴക്കടലിൽ വരെ ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ ഇവയെ കാണാം.

സാവധാനമാണ് ചലനം. കൈകളുടെ അടിഭാഗത്ത് ആയിരക്കണക്കിന് ചെറിയ ട്യൂബ് പോലെയുള്ള പാദങ്ങളുണ്ടിവയ്ക്ക്. ഈ പാദങ്ങൾ സക്ഷൻ കപ്പുകൾ പോലെ ഉപയോഗിച്ചാണ് പാറകളിൽ പറ്റിപ്പിടിക്കുന്നതും മണലിലൂടെ തെന്നിനീങ്ങുന്നതും. ഇഷ്ടഭക്ഷണമായ കക്കകളുടെയും ചിപ്പികളുടെയും കട്ടിയുള്ള പുറന്തോടുകൾ തുറക്കാനും പാദങ്ങൾ തന്നെ ശരണം.

എങ്ങനെ ഭക്ഷണം കഴിക്കും?

നക്ഷത്രമത്സ്യത്തിന് അതിൻ്റെ ആമാശയം വായിലൂടെ ശരീരത്തിൽ നിന്ന് പുറത്തേക്ക് തള്ളാൻ കഴിയും. വായയേക്കാളും വലിയ ഇരകളെ അകത്താക്കേണ്ടിവരുമ്പോൾ ഈ രീതിയിൽ ആമാശയം പുറത്തെടുത്താണ് അവരെ ദഹിപ്പിക്കുക. കക്കയുടെയടക്കം തോടിനുള്ളിലേക്ക് ആമാശയം കടത്തി അവയെ ദഹിപ്പിക്കാനാവും. ശേഷം ദ്രവരൂപത്തിലാക്കിയ ഭക്ഷണം ഉള്ളിലേക്ക് വലിച്ചെടുക്കുകയും ചെയ്യും.

ഒരു കൈ മുറിച്ചാൽ, മറ്റൊന്ന് വളരും

ഒരു നക്ഷത്രമത്സ്യത്തിൻ്റെ ഏറ്റവും അത്ഭുതകരമായ കഴിവുകളിലൊന്നാണ് അതിൻ്റെ പുനരുജ്ജീവന ശക്തി. ശത്രുവിന്റെ ആക്രമണത്തിൽ ഒരു കൈ നഷ്ടപ്പെട്ടാലും പ്രശ്നമില്ല, പല ഇനത്തിൽപെട്ട നക്ഷത്രമത്സ്യങ്ങൾക്കും അത് വീണ്ടും വളർത്തിയെടുക്കാനാവും. ചില സന്ദർഭങ്ങളിൽ, ശരിയായ സമയവും സാഹചര്യങ്ങളും ലഭിച്ചാൽ, മുറിഞ്ഞുപോയ ഒരൊറ്റ കൈയിൽ നിന്ന് ഒരു പുതിയ നക്ഷത്രമത്സ്യം വളരുകയും ചെയ്യും.

നക്ഷത്രമത്സ്യങ്ങൾ ആവാസവ്യവസ്ഥയിൽ ശക്തമായ സ്വാധീനം ചെലുത്തുന്നവരാണ്. പസഫിക്കിന്റെ വടക്ക്-പടിഞ്ഞാറ് വേലിയേറ്റ മേഖലകളിൽ നിന്ന് നക്ഷത്രമത്സ്യങ്ങളെ നീക്കം ചെയ്തപ്പോൾ ചിപ്പികൾ ക്രമാതീതമായി വർധിക്കാനും മറ്റ് ഡസൻ കണക്കിന് ജീവജാലങ്ങൾ നശിക്കാനും കാരണമായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi