ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള പണത്തിനായി വസ്ത്രവിൽപന തുടങ്ങിയ സൽമാൻ ഖാൻ; വാർഷികത്തിലെ ഫോട്ടോ വൈറലാവുന്നു

2007-ൽ മുംബൈ ആസ്ഥാനമാക്കി സൽമാൻ ഖാൻ തുടങ്ങിയതാണ് ബീയിങ് ഹ്യുമൻ ഫൗണ്ടേഷൻ. അതിന്റെ കീഴിലുള്ള ബീയിങ് ഹ്യുമൻ ക്ലോത്തിങ്ങിന്റെ 12-ാം വാർഷികത്തിൽ സൽമാൻ പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും ശ്രദ്ധനേടുകയാണ്. ബീയിങ് ഹ്യുമന്റെ ഏറ്റവും പുതിയ പരസ്യവീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സൽമാന്റെ കുടുംബം ഒന്നടങ്കം ബീയിങ് ഹ്യുമന്റെ വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. മാതാപിതാക്കളും സഹോദരങ്ങളും സഹോദരഭാര്യമാരും മക്കളുമെല്ലാം അതിലുണ്ട്.

എന്നാൽ, ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ആ സ്ലൈഡിലുള്ള അവസാനചിത്രമാണ്. അതിൽ അർബാസ് ഖാന്റെ മുൻഭാര്യ മലൈക അറോറ, സൊഹൈൽ ഖാന്റെ മുൻഭാര്യ സീമ സജ്‌ദേവ് എന്നിവരുമുണ്ട്. അതിനൊപ്പമുള്ള കുറിപ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ''12 വർഷങ്ങൾക്ക് മുമ്പ്, ബീയിങ് ഹ്യുമൻ ക്ലോത്തിങ് ആരംഭിച്ചു. ഇന്നത് ഒരു ബ്രാൻഡിനേക്കാൾ വലുതാണ്, വളർന്നു കൊണ്ടിരിക്കുന്ന ഒരു കുടുംബമാണ്. ഈ യാത്രയിൽ ഭാഗമായ എല്ലാവർക്കും നന്ദി''. സഹോദരങ്ങളുടെ മുൻഭാര്യമാരെയും ചിത്രത്തിൽ ഉൾക്കൊള്ളിച്ചതിലൂടെ, അവരുടെ സംഭാവനകളെയും സൽമാൻ അംഗീകരിക്കുകയാണെന്ന് ആരാധകർ പറയുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവർക്ക് വിദ്യാഭ്യാസ-ആരോഗ്യസേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബീയിങ് ഹ്യുമൻ തുടങ്ങുന്നത്. വിദ്യാഭ്യാസത്തിനുപുറമെ ഭിന്നശേഷിക്കാർക്ക് പരിശീലനവും നൽകുന്നു. അവിടെനിന്ന് പരിശീലനം പൂർത്തിയാക്കുന്നൊരാൾക്ക് ബീയിങ് ഹ്യുമൻ സ്റ്റോറുകളിൽ ജോലി നൽകാറുമുണ്ട്. അതിനുപുറമെ ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളുടെ ചികിത്സയ്ക്കായും സാമ്പത്തികസഹായം നൽകുന്നുണ്ട്.

ബീയിങ് ഹ്യുമൻ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി 2012-ൽ സൽമാൻ, ബീയിങ് ഹ്യുമൻ ക്ലോത്തിങ്ങും തുടങ്ങി. അന്ന് അതിനെക്കുറിച്ച് സൽമാൻ പറഞ്ഞതിങ്ങനെ, ''ഞങ്ങൾക്ക് ആളുകളിൽ നിന്ന് സംഭാവനകൾ ചോദിച്ചുവാങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ക്ലോത്തിങ് ലൈൻ സ്ഥാപിച്ചത്''.

ചിത്രകലയോടുള്ള സൽമാന്റെ ഇഷ്ടമാണ് പുതിയ ക്ലോത്തിങ് ശ്രേണി എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്. 2010 അവസാനത്തിലാണ് ബീയിങ് ഹ്യുമൻ എന്ന ചിന്ത സൽമാനുണ്ടാവുന്നത്. ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു വര ടീ-ഷർട്ടിൽ പ്രിന്റ് ചെയ്യാൻ സൽമാൻ തീരുമാനിച്ചു. അങ്ങനെ പ്രിന്റ് ചെയ്ത ടീ-ഷർട്ടിട്ട് ഒരു സിനിമയുടെ മ്യൂസിക് ലോഞ്ചിന് പോയി. കുറച്ചുദിവസത്തിനുശേഷം അതുപോലുള്ള കുറേ ടീ-ഷർട്ടുകൾ അദ്ദേഹം കണ്ടു. അങ്ങനെയാണ് ചാരിറ്റിക്കായി പണം സമ്പാദിക്കാൻ ടീ-ഷർട്ടുകൾ വിൽക്കാമെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പിന്നീട് ഓർത്തെടുത്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore Salman Khan`s Being Human Clothing`s 12th anniversary, featuring a family photoshoot and its charitable mission for education and healthcare