താല്പര്യമില്ലെങ്കില്‍ ഒരിക്കലും വിവാഹം കഴിക്കേണ്ടതില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു; ഹൃത്വിക് റോഷന്റെ പങ്കാളി സബ ആസാദ്

ഹൃത്വിക് റോഷനുമായുള്ള ബന്ധത്തിലൂടെ പലപ്പോഴും നടി സബ ആസാദ് ശ്രദ്ധാകേന്ദ്രമാവാറുണ്ട്. ബോളിവുഡിന്റെ പതിവ് ചട്ടക്കൂടുകളില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കാത്ത ആളാണ് സബ. വിവാഹത്തെക്കുറിച്ചുള്ള തന്റെ കുടുംബത്തിന്റെ പുരോഗമന കാഴ്ചപ്പാടിനെക്കുറിച്ചും സങ്കീര്‍ണ്ണമായ വേഷങ്ങളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും അവര്‍ അടുത്തിടെ തുറന്നുപറഞ്ഞു.
'ഒരു നടി എന്ന നിലയില്‍ എനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട്. നഗരത്തില്‍ ജീവിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്റെ സ്വന്തം ജീവിതത്തിൽ നിന്ന് അത്ര വ്യത്യസ്തമല്ല. എന്നാല്‍ മറ്റൊരാളുടെ ലോകത്തേക്ക് കാലെടുത്തുവെക്കുക എന്നതാണ് എന്നെ ആവേശം കൊള്ളിക്കുന്നത്. അത്തരം കഥാപാത്രങ്ങളില്‍ എനിക്ക് പൂര്‍ണ്ണമായി മുഴുകാന്‍ കഴിയും.' അവര്‍ പറയുന്നു.
സബയെ സംബന്ധിച്ചിടത്തോളം, ഫോര്‍മുല സിനിമകളുടെ വിജയത്തേക്കാള്‍ സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളോടുള്ള ആകര്‍ഷണമാണ് എല്ലായ്‌പ്പോഴും ശക്തമായിരുന്നത്. വെല്ലുവിളികളില്‍ തഴച്ചുവളരുന്ന ഒരാളായാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഭാഷാപരവും സാംസ്‌കാരികവുമായ കംഫര്‍ട്ട് സോണുകള്‍ക്ക് പുറത്തുകടക്കുന്നതായാലും, പലതരം സ്ത്രീകളെ അവതരിപ്പിക്കുന്നതായാലും ഒക്കെ അതില്‍പ്പെടും.
സ്വന്തം ഇടം അടയാളപ്പെടുത്തുന്ന, തങ്ങളുടെ ഇടം നേടിയെടുക്കാന്‍ ഭയമില്ലാത്ത സ്ത്രീകളെ തനിക്ക് ഇഷ്ടമാണെന്ന് അവര്‍ പറയുന്നു. പങ്കാളിയായ നടന്‍ ഹൃത്വിക് റോഷനുമായുള്ള വിവാഹ പദ്ധതികളെക്കുറിച്ച് സബയ്ക്ക് പലപ്പോഴും ചോദ്യങ്ങള്‍ നേരിടേണ്ടി വരാറുണ്ട്.
വിവാഹത്തെ ജീവിതത്തിലെ പല കാര്യങ്ങളില്‍ ഒന്നുമാത്രമായി കാണുന്ന ഒരു കുടുംബത്തിലാണ് താന്‍ വളര്‍ന്നതെന്ന് അവര്‍ പറയുന്നു. 'ആറാം വയസ്സില്‍, എന്റെ മാതാപിതാക്കള്‍ എന്നെ അടുത്തിരുത്തി പറഞ്ഞു, 'മോളേ, നിനക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഒരിക്കലും വിവാഹം കഴിക്കേണ്ടതില്ല. ഞങ്ങള്‍ക്ക് നിന്നില്‍ നിന്ന് യാതൊരു പ്രതീക്ഷകളുമില്ല.' അതുകൊണ്ട്, എന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന കാര്യത്തില്‍ കുടുംബത്തില്‍ നിന്ന് എനിക്കൊരിക്കലും ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല,' സബ പറയുന്നു.
‘സോങ്സ് ഓഫ് പാരഡൈസി’ലാണ് സബയെ അവസാനമായി കണ്ടത്. സ്ഥിരമായി ഒരേതരം കഥാപാത്രങ്ങളിലേക്ക് ഒതുക്കപ്പെടുന്നതിനെക്കുറിച്ചും അവര്‍ മനസ്സുതുറന്നു. 'പലപ്പോഴും നഗര പശ്ചാത്തലമുള്ള കഥാപാത്രങ്ങളിലേക്ക് ഞാന്‍ ഒതുക്കപ്പെടാറുണ്ട്. അത്തരം വാര്‍പ്പുമാതൃകകളെ തകര്‍ക്കുന്നത് എല്ലായ്‌പ്പോഴും ഒരു വെല്ലുവിളിയാണ്', ടൈപ്പ്കാസ്റ്റിങ്ങിനെതിരായ പോരാട്ടം മിക്ക അഭിനേതാക്കളും നേരിടുന്ന ഒന്നാണെന്നും സബ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Saba Azad discusses her love for complex roles and her family`s open-minded approach to marriage. Read more about her journey and views on typecasting in Bollywood.