സെലന്‍സ്‌കിയുടെ ഇറങ്ങിപ്പോക്കും സേനയിലെ സ്ത്രീകളും... തുടരുന്ന യുക്രൈന്‍ യുദ്ധം

യുക്രൈനില്‍ റഷ്യ ആരംഭിച്ച അധിനിവേശത്തിന് മുന്നുവര്‍ഷം തികയുകയാണ്. കണക്കനുസരിച്ച് അറുപതിനായിരത്തോളംപേര്‍ കൊല്ലപ്പെടുകയും വലിയതോതില്‍ അഭയാര്‍ഥി പ്രവാഹത്തിന് കാരണമാകുകയും ചെയ്ത യുദ്ധം. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് സാക്ഷ്യംവഹിച്ച ഏറ്റവും മാരകമായ സംഘര്‍ഷമാണിത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനെ തുടര്‍ന്ന് യുക്രൈന്‍- റഷ്യ യുദ്ധം അന്ത്യത്തിലേക്കെത്തുന്നു എന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിന് നേരെതിരായാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.
അപൂര്‍വ ധാതുക്കരാറില്‍ ഒപ്പുവയ്ക്കാന്‍ യു.എസിലെത്തിയ യുക്രൈന്‍ പ്രസിഡന്റ് വിലാദിമിര്‍ സെലന്‍സ്‌കി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്ന് വൈറ്റ്ഹൗസില്‍ നിന്ന് മടങ്ങിയ വാര്‍ത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. യുക്രൈന്റെ അത്യപൂര്‍വ ധാതു സമ്പത്തിന്റെ ഒരു പങ്കിനുള്ള അവകാശം യു.എസിന് നല്‍കുന്നതിനുള്ള കരാറില്‍ ഒപ്പിടാതെയായിരുന്നു സെലന്‍സ്‌കിയുടെ മടക്കം. ഇതോടെ സൗദിയില്‍ വച്ച് യു.എസും റഷ്യയും ചേര്‍ന്ന് പ്രഖ്യാപിച്ച യുക്രൈന്‍ സമാധാനശ്രമങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായി. നിങ്ങളുടെ രാജ്യം വലിയ അപകടത്തിലാണെന്നും നിങ്ങള്‍ക്ക് ജയിക്കാന്‍ കഴിയില്ലെന്നുമുള്ള മുന്നറിയിപ്പ് നല്‍കിയാണ് ട്രംപ് സെലന്‍സ്‌കിയെ മടക്കിയയച്ചത്. റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തിന് നല്‍കിയ സഹായത്തിന് പ്രതിഫലമായാണ് യുക്രൈന്റെ പ്രകൃതിവിഭവങ്ങളിലുള്ള അവകാശം യു.എസ്. ആവശ്യപ്പെട്ടത്.
ഏത് ദേശത്തുമെന്നപോലെ യുക്രൈനിലും യുദ്ധത്തിന്റെ കെടുതികള്‍ക്ക് ഇരയായവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. അഭയാര്‍ഥികളാക്കപ്പെടുന്നവരില്‍ തൊണ്ണൂറു ശതമാനവും ഇവരാണ്. കൂട്ടപ്പലായനത്തിന്റെയും രക്തച്ചൊരിച്ചിലുകളുടെയും പ്രവാഹത്തില്‍ യുക്രൈനിലെ വനിതകള്‍ ജീവിതവും സമാധാനവും നിലനിര്‍ത്താനുള്ള നിരന്തര പരിശ്രമത്തിലാണ്. യുക്രൈനിലെ ബിസിനസ് സംരംഭങ്ങളില്‍ രണ്ടിലൊന്നിന്റെ വീതം നേതൃസ്ഥാനത്ത് സ്ത്രീകളാണുള്ളതെന്നോര്‍ക്കുക. ആഭ്യന്തര സുരക്ഷയും ഗതാഗതവും ഖനനവും ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ സജീവ സാന്നിധ്യമുറപ്പിച്ച രാജ്യമാണ് യുക്രൈന്‍. യുക്രൈന്റെ സേനാവിഭാഗങ്ങളില്‍ എഴുപതിനായിരത്തോളം സ്ത്രീകള്‍ ജോലിചെയ്യുന്നു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് സേനയില്‍ ഇടം നേടാന്‍ കൂടുതല്‍ സ്ത്രീകള്‍ സജ്ജരാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പതിനായിരത്തിലേറെ സ്ത്രീ സൈനികര്‍ യുദ്ധമുഖത്ത് മുന്നണിപ്പോരാളികളായുണ്ട്.
പോരാളികളായ ആ സ്ത്രീകളില്‍ ചിലരെ ഐക്യരാഷ്ട്രസഭ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലോകത്തിന് പരിചയപ്പെടുത്തുന്നുണ്ട്.
സെനി മിഷ്യാന
സെനി മിഷ്യാന യുക്രൈനിലെ രൂക്ഷ യുദ്ധബാധിത മേഖലയായ നിപ്പോക്‌സിലെ നാല് ഗ്രാമങ്ങളുടെ ചുമതലക്കാരിയാണ്. ഗ്രാമവാസികളുടെ സുരക്ഷാ ചുമതല ഇവരുടെ പക്കലാണ്. അവശ്യസാധനങ്ങള്‍ എത്തിക്കലും ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെനി മിഷ്യാനയുടെ ചുമതലയാണ്. ഏത് കഠിനപാതകളിലൂടെയും വാഹനമോടിച്ച് ചെന്നെത്താനുള്ള കഴിവാണ് ഇവരെ പോരാട്ട മുഖത്തെ പ്രതിഭയാക്കി മാറ്റുന്നത്. ഷെല്ലാക്രമണങ്ങളിലും മറ്റും തകര്‍ന്നടിഞ്ഞ ഇടങ്ങളിലേക്ക് ഏത് പ്രതികൂലാവസ്ഥയേയും മറികടന്ന് അവര്‍ ചെന്നെത്തും. "ഈ കെട്ടകാലത്ത് എന്റെ രാജ്യത്തിനൊപ്പമല്ലാതെ ഞാനെവിടെ നില്‍ക്കാന്‍," അവര്‍ ചോദിക്കുന്നു. തന്റെ ടീമിനെ നിയന്ത്രിച്ചും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും അവര്‍ മാസങ്ങളായി അവിശ്രമം യുദ്ധമുഖത്ത് നിലനില്‍ക്കുന്നു. "രണ്ട് കൈകളുമായാണ് മനുഷ്യന്‍ പിറക്കുന്നത്. ഒരു കൈ സ്വയരക്ഷയ്ക്കും മറുകൈ മറ്റുള്ളവരെ സംരക്ഷിക്കാനും," ഇതാണവരുടെ കാഴ്ചപ്പാട്.
ഹന്ന ഡെമിഡെങ്കോ
ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി നേടുക, ജീവിതം മുന്നോട്ട് കൊണ്ടുപോകുക ഇതൊക്കെയായിരുന്നു ഒരുകാലം വരെ ഹന്ന ഡെമിഡെങ്കോയുടെ സ്വപ്നം. പക്ഷേ, അവര്‍ ചെന്നെത്തിയതോ യുദ്ധമുഖത്തും. യുദ്ധത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസത്തിന്റെ തുരുത്താണ് ഇന്നിവര്‍. യുദ്ധത്തിന്റെ കെടുതികള്‍ക്ക് ഇരയായവരെ സംരക്ഷിക്കാനായി ഒരു സുഹൃത്തിനൊപ്പംചേര്‍ന്ന് ഒരു സംഘടനയ്ക്ക് തുടക്കമിട്ടു ഇവര്‍. യുദ്ധം കവര്‍ന്നെടുത്ത ഉറ്റവരെ ഓര്‍ത്ത് വിലപിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാനുതകുന്ന കൈത്താങ്ങ് ഇവര്‍ നല്‍കുന്നു. ഹന്നയുടെ കൂടി ശ്രമഫലമായാണ് യുദ്ധക്കെടുതികള്‍ക്ക് ഇരയാകുന്നവര്‍ക്ക് അനുകൂലമായി യുക്രൈന്‍ നിയമം പുതുക്കിയത്. സേനയിലെ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച വെറ്ററങ്ക എന്ന സംഘടനയിലെ അംഗം കൂടിയാണിവര്‍. യുദ്ധമുഖത്തുനിന്നും
മടങ്ങിയെത്തുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനുമായുള്ളതാണ് ഈ സംഘടന.
ഐറിന ക്ലൊച്‌കോ
വന്‍തോതിലുള്ള റഷ്യന്‍ അധിനിവേശത്തെ തടുക്കാനായി യുക്രൈന്‍ സൈന്യത്തില്‍ നിരവധി സ്ത്രീകളാണ് അംഗമായത്. അവരില്‍ പലര്‍ക്കും പുരുഷന്മാര്‍ക്ക് മാത്രം പാകമായ യൂണിഫോം അണിയേണ്ടിവന്നു. കീവിലെ ടെലിവിഷന്‍ സംവിധായികയായ ഐറിന ക്ലൊച്‌കോയും അവരില്‍ ഒരാളാണ്. ഈ മുപ്പത്തെട്ടുകാരി ഇന്ന് യുക്രൈനിയന്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ ഇന്റലിജന്‍സ് അനലിസ്റ്റാണ്. "റഷ്യന്‍ അധിനിവേശം രൂക്ഷമായതോടെ സേനയില്‍ ചേരുക എന്ന ഉറച്ച തീരുമാനത്തിലേക്ക് ഞാന്‍ സ്വയം എത്തിച്ചേരുകയായിരുന്നു. സേനയില്‍ എത്തുന്ന ഏത് സ്ത്രീയ്ക്കും ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുക യൂണിഫോമാണ്. പുരുഷന്മാര്‍ക്കിണങ്ങുന്ന യൂണിഫോമുകളാണ് നിലവിലുള്ളത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലും പുരുഷന്റെ ഘടനയ്ക്ക് യോജിക്കും വിധമാണുള്ളത്." ഐറിന വെറ്ററങ്ക സംഘടനയുടെ ഭാഗമായി. സംഘടനയുടെ ശ്രമഫലമായി സ്ത്രീകളുടെ യൂണിഫോം പരിഷ്‌കരിക്കപ്പെട്ടു.
വിക്ടോറിയ കുചെറിവ
യുക്രൈനിലെ യുദ്ധമേഖലയായ കീവില്‍ അഗ്നിരക്ഷാ സേനയുടെ ഭാഗമായ മുപ്പത്തൊന്നുകാരി. റഷ്യന്‍ മിസൈലുകള്‍ നാശംവിതയ്ക്കുന്ന കീവിലെ പ്രശ്‌നബാധിത മേഖലകളില്‍ അഗ്നിയുമായി പോരാടാന്‍ സദാസന്നദ്ധയായ പോരാളി. ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന ജീവനെ പറ്റി ആശങ്കകളില്ലാതെ അവര്‍ ജന്മദേശത്തിനായി പോരാടുന്നു. വന്‍ അഗ്നിപാതത്തില്‍ മഞ്ഞുപോലെ ചാരം മൂടിയ തെരുവുകളില്‍, നഷ്ടങ്ങളുടെ പുകമറയ്ക്കുള്ളില്‍ സ്വജീവന്‍ മറന്നുള്ള പോരാട്ടം. യുക്രൈനില്‍ അഗ്നിരക്ഷാ സേനയുടെ ഭാഗമായി ചുരുക്കം സ്ത്രീകളെ പ്രവര്‍ത്തിക്കുന്നുള്ളൂ. അക്കൂട്ടത്തില്‍ കീവിലെ ഏക സ്ത്രീയാണ് വിക്ടോറിയ.
റഷ്യന്‍ സൈന്യം ഇരച്ചെത്തിയ ആ നാളുകളുടെ നടുക്കുന്ന ഓര്‍മകള്‍ വിക്ടോറിയയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. "ആ ദിവസം പുലര്‍ച്ചെ അഞ്ചുമണിക്ക് എന്റെ ഫോണ്‍ ശബ്ദിച്ചു. കീവിലെ വിഷ്ണിയിലുള്ള ഫയര്‍ സ്റ്റേഷനിലേക്ക് ഉടനെത്താനുള്ള സന്ദേശമായിരുന്നു." പിന്നെ മാസങ്ങളോളം വിക്ടോറിയയും സഹപ്രവര്‍ത്തരും ജോലിസ്ഥലത്തുതന്നെ തങ്ങി. വിശ്രമമില്ലാത്ത രാപകലുകള്‍. ശരീരം തളരുമ്പോള്‍ ബോംബ് ഷെല്‍ട്ടറിനുള്ളില്‍ അല്പനേരം ഉറങ്ങും.
ഫയര്‍ഫൈറ്റര്‍ ആകുന്നതിന് മുമ്പ് വിക്ടോറിയ ഷെഫ് ആയിരുന്നു. പക്ഷേ, ചെറപ്പം മുതല്‍ അവളുടെ മോഹം സൈന്യത്തില്‍ ചേരുക എന്നതായിരുന്നു. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാഷണല്‍ ഗാര്‍ഡിലേക്ക് തൊഴില്‍ അപേക്ഷ അയച്ചു. പക്ഷേ, സൈനിക ക്യാമ്പിലേക്ക് പാചകക്കാരിയായാണ് നിയമനം ലഭിച്ചത്. "ഞാന്‍ ആഗ്രഹിച്ച ജോലി അതായിരുന്നില്ല." വിക്ടോറിയ പറയുന്നു. തൊട്ടടുത്ത ഫയര്‍ സ്റ്റേഷനില്‍ എത്തി അവിടെ സ്ത്രീകള്‍ക്ക് ഒഴിവുണ്ടോ എന്ന് ചോദിച്ചു. ഫയര്‍ ഫൈറ്റിങ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്ത്രീകളുടെ നിയമനം തടഞ്ഞുകൊണ്ടുള്ള നിയമങ്ങള്‍ യുക്രൈന്‍ 2017-ല്‍ എടുത്തുമാറ്റിയിരുന്നു. അതോടെ കാര്യങ്ങള്‍ എളുപ്പമായി. കായികക്ഷമത ആവശ്യമുള്ള ജോലിയാണിത്. പതിനഞ്ച് കിലോയോളം ഭാരംവരുന്ന ഓക്‌സിജന്‍ ടാങ്ക് ചുമന്നുവേണം നടക്കാന്‍. കാലില്‍ അണിയുന്ന ബൂട്‌സിനും വരും ഒന്നര കിലോയിലധികം ഭാരം. പക്ഷേ, ഇതൊന്നും വിക്ടോറിയയ്ക്ക് തടസ്സമായില്ല. അവള്‍ സേനയില്‍ അംഗമായി. അഗ്നിയുമായുള്ള മല്‍പ്പിടിത്തത്തില്‍ സജീവമായി. "ഇഷ്ടജോലി തന്നെയാണിത്. പക്ഷേ, ഒരേയോരു ആഗ്രഹം മാത്രം... യുക്രൈനില്‍ സമാധാനം പുലരണം..." വിക്ടോറിയ പറയുന്നു.
Content Highlights: role of women in Ukraine war