അമിതസമയ ജോലിക്ക് പ്രശംസ, നോ പറയാന്‍ കഴിയാത്തതിനാലെന്ന് രശ്മിക; അതൊട്ടും നല്ലതല്ലെന്നും നടി

രശ്മിക മന്ദാന / AFP
രശ്മിക മന്ദാന / AFP

തന്റെ അഭിനയമികവു കൊണ്ട് തിളങ്ങി നില്‍ക്കുന്ന നടിയാണ് രശ്മിക മന്ദാന. അവരുടെ പുതിയ ചിത്രമായ 'ദി ഗേള്‍ഫ്രണ്ടി'ന്റെ ഒരു ചടങ്ങില്‍ വെച്ച്, കൃത്യമായ ജോലി സമയം ആവശ്യപ്പെടാത്ത ഒരേയൊരു നടിയായതിന് നിര്‍മ്മാതാവ് എസ്‌കെഎന്‍ രശ്മിക മന്ദാനയെ പ്രശംസിച്ചിരുന്നു. എന്നാല്‍ കൃത്യമായ ജോലി സമയമില്ലാതെ അമിതമായി ജോലി ചെയ്യുന്നത് അത്ര നല്ല കാര്യമല്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് രശ്മികയിപ്പോള്‍.

എട്ടു മണിക്കൂര്‍ ജോലിസമയമാവശ്യപ്പെട്ട ദീപിക പദുകോണ്‍ വിവാദം കത്തിനില്‍ക്കുമ്പോഴാണ് രശ്മികയുടെ വെളിപ്പെടുത്തല്‍. ചിട്ടയായ ജോലി സമയത്തെക്കുറിച്ചുള്ള ചര്‍ച്ചകളെപ്പറ്റി ചോദിച്ചപ്പോള്‍, താന്‍ അമിതമായി ജോലി ചെയ്യാറുണ്ടെന്നും എന്നാല്‍ അത് ആരോടും ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും രശ്മിക പറഞ്ഞു. ഒരു കൃത്യമായ ഷെഡ്യൂള്‍ ഉള്ളതാണ് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു:

''ഞാന്‍ അമിതമായി ജോലി ചെയ്യാറുണ്ട്. പക്ഷേ അത് ഒട്ടും നല്ല കാര്യമല്ലെന്ന് ഞാന്‍ നിങ്ങളോട് പറയുകയാണ്. അത് സുസ്ഥിരമല്ല, നിങ്ങള്‍ അത് ചെയ്യരുത്. നിങ്ങള്‍ക്ക് സൗകര്യപ്രദമായത് ചെയ്യുക. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. ആ 8 മണിക്കൂര്‍, അല്ലെങ്കില്‍ 9-10 മണിക്കൂര്‍ ഉറക്കം നേടുക. എന്നെ വിശ്വസിക്കൂ, അത് നിങ്ങളെ പിന്നീട് രക്ഷിക്കും. ജോലി സമയത്തെക്കുറിച്ച് അടുത്തിടെയായി ഒരുപാട് ചര്‍ച്ചകള്‍ ഞാന്‍ കാണുന്നുണ്ട്. ഞാന്‍ ഈ രണ്ടു രീതികളും പരീക്ഷിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളോട് പറയുന്നു, ഇത് അത്ര നല്ലതല്ല.''

തന്റെ ടീമുകളോട് 'ഇല്ല' എന്ന് പറയാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് തനിക്ക് കഴിയുന്നതിലും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നതെന്നും ഇതേ അഭിമുഖത്തില്‍ രശ്മിക വിശദീകരിച്ചു. ''ഒരുപക്ഷേ എനിക്ക് വേണ്ടി തിരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍, ദയവായി ഞങ്ങളെപ്പോലുള്ള നടീനടന്മാരെക്കൊണ്ട് അങ്ങനെ ചെയ്യിക്കരുതെന്ന് ഞാന്‍ പറയും.

ഓഫീസുകള്‍ക്ക് 9 മുതല്‍ 5 വരെ സമയമുള്ളതുപോലെ, ഞങ്ങള്‍ക്കും അത് അനുവദിക്കണം. കാരണം എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു കുടുംബ ജീവിതമുണ്ട്. വേണ്ടത്ര ഉറക്കം ലഭിക്കണം, വര്‍ക്കൗട്ട് ചെയ്യാനുമുണ്ട്. അങ്ങനെയാകുമ്പോള്‍ പിന്നീട് എനിക്ക് ഖേദിക്കേണ്ടി വരില്ല. ഞാന്‍ എന്റെ ഭാവിയെക്കുറിച്ച്  ചിന്തിക്കുന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് അതില്‍ ഒരു അഭിപ്രായം പറയാന്‍ കഴിയില്ല. കാരണം ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ഏറ്റെടുക്കുന്നു''

8 മണിക്കൂര്‍ വര്‍ക്ക് ഷിഫ്റ്റ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 'സ്പിരിറ്റ്', 'കല്‍ക്കി 2898 എഡി'യുടെ രണ്ടാം ഭാഗം എന്നീ സിനിമകളില്‍ നിന്ന് ദീപിക പദുകോണ്‍ പിന്മാറിയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്, ജോലി സമയം ആവശ്യപ്പെടാത്തതിന് നിര്‍മ്മാതാവ് എസ്‌കെഎന്‍ രശ്മികയെ പ്രശംസിച്ചത്.

''ഒരാള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യണം എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്ത്, ആവശ്യമുള്ളത്ര മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള ഒരേയൊരു പാന്‍-ഇന്ത്യന്‍ നായികയേയുള്ളൂ. അവര്‍ ജോലിയെ സ്‌നേഹത്തോടെയാണ് കാണുന്നത്. മണിക്കൂറുകളുടെ കണക്കിലല്ല. അവരുടെ പ്രതിബദ്ധത സമയക്രമത്തോടാണ്, കര്‍ശനമായ പരിധികളോടല്ല. അതുകൊണ്ടാണ് എല്ലാവര്‍ക്കും രശ്മികയെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ തോന്നുന്നത്.'' അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: rashmika mandanna addresses work-life balance concerns after producer skn`s praise. she shares her struggles with overworking & prioritizes family life ahead of her wedding.