ട്രോളുകൾക്ക് രശ്മിക നൽകിയ മറുപടിക്കും വിമർശനം; ‘സിനിമയിലെ അതേ ഡയലോഗ്!’

താര ദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും അടുത്തിടെ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പുകളാണ് ഇപ്പോഴത്തെ ചർച്ച. 'കോഫി വിത്ത് കരൺ' പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ ഉയർന്ന രൂക്ഷമായ സൈബർ അധിക്ഷേപങ്ങൾക്കും ട്രോളുകൾക്കും മറുപടിയായാണ് ഇരുവരും രംഗത്തെത്തിയത്. എന്നാൽ, ട്രോളന്മാർക്ക് മറുപടിയായി രശ്മിക കുറിച്ച വൈകാരികമായ വരികൾ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത 'അനിമൽ' എന്ന ചിത്രത്തിലെ ഒരു സീനിന് സമാനമാണെന്നാണ് പുതിയ വിമർശനം.
തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും അനാവശ്യ ഉപദേശങ്ങൾക്കും മറുപടിയായാണ് ഇൻസ്റ്റഗ്രാമിലൂടെ രശ്മിക ദീർഘമായ ഒരു കുറിപ്പ് പങ്കുവെച്ചത്. ജീവിതത്തിലെ കഠിനമായ നിമിഷങ്ങളിൽ വിജയ് എങ്ങനെ ഒപ്പം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വരികളായിരുന്നു അതിൽ ശ്രദ്ധേയം.
"എന്റെ അസ്ഥി ഒടിയുമ്പോൾ നിങ്ങൾ അവിടെയില്ല, അവൻ ഉണ്ട്. എല്ലാ മാസവും എനിക്ക് വയറുവേദന വരുമ്പോൾ നിങ്ങൾ അവിടെയില്ല, അവൻ ഉണ്ട്. അർദ്ധരാത്രിയിൽ ഭയം കാരണം ഞാൻ ഞെട്ടിയുണരുമ്പോൾ നിങ്ങൾ അവിടെയില്ല, അവൻ ഉണ്ട്..." - രശ്മിക കുറിച്ചു.
ഈ വരികൾ വൈറലായതോടെയാണ് സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികൾ 'അനിമൽ' സിനിമയിലെ ഒരു രംഗവുമായി ഇതിനെ ഉപമിക്കാൻ തുടങ്ങിയത്. രൺബീർ കപൂർ നായകനായ 'അനിമൽ', ചിത്രത്തിൽ രശ്മിക അവതരിപ്പിച്ച 'ഗീതാഞ്ജലി' എന്ന കഥാപാത്രം സ്വന്തം മാതാപിതാക്കളോട് സംസാരിക്കുന്ന രംഗത്തിലെ ഡയലോഗുകളുമായി ഇതിന് വലിയ സാമ്യമുണ്ടെന്നാണ് എക്സ് (ട്വിറ്റർ) ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്.
ചിത്രത്തിൽ ഗർഭകാലത്തും പ്രസവസമയത്തും ഭർത്താവ് നൽകിയ പിന്തുണയെക്കുറിച്ച് സംസാരിക്കുന്ന കഥാപാത്രം, "എന്റെ അച്ഛനും അമ്മയും സഹോദരനും കാമുകനും ഭർത്താവും എല്ലാം അവൻ തന്നെയാണ്" എന്ന് വ്യക്തമാക്കുന്നുണ്ട്. ഈ രണ്ട് സന്ദർഭങ്ങളും കോർത്തിണക്കിക്കൊണ്ട് "ഇത് അനിമൽ സിനിമയുടെ സ്ക്രിപ്റ്റിൽ നിന്നുള്ള വരികൾ തന്നെയല്ലേ" എന്നാണ് ആരാധകരുടെ ചോദ്യം.
A version of these lines are literally there in Animal script, I am not lying https://t.co/nIQSph8rEh pic.twitter.com/k8ClfEZWrL
— B.H.Harsh (@film_waala) October 26, 2026
തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്ക് രശ്മിക നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "സാധാരണയായി ഇത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ട്. ചിലപ്പോഴൊക്കെ അത് വായിക്കുന്നത് എനിക്ക് ഇഷ്ടവുമാണ്. എന്നാൽ ഞങ്ങളുടെ അഭിമുഖത്തിന് ശേഷം നടക്കുന്ന ചർച്ചകൾ കേവലം അഭിപ്രായപ്രകടനമല്ല, മറിച്ച് ആരോടെങ്കിലും ദേഷ്യം തീർക്കാനുള്ള വഴിയായി മാറിയിരിക്കുന്നു. സ്നേഹത്തിൽ വിശ്വസിക്കുന്നവരെ സംരക്ഷിക്കാനാണ് ഞാൻ ഇത് എഴുതുന്നത്. ഞങ്ങളുടെ പ്രൊഫൈലുകളിൽ അനാവശ്യ കമന്റുകളും ഉപദേശങ്ങളും നിറയുകയാണ്. മനുഷ്യർ എത്ര പെട്ടെന്നാണ് മറ്റുള്ളവരെ വിചാരണ ചെയ്യുന്നത് എന്ന് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി."
രശ്മികയ്ക്ക് പിന്തുണയുമായി വിജയ് ദേവരകൊണ്ടയും സോഷ്യൽ മീഡിയയിൽ മറുപടി നൽകി. "എന്റെ മികച്ച സുഹൃത്ത്, എന്റെ ഭാര്യ, എന്റെ പെണ്ണ്... എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ശരിയായ തീരുമാനങ്ങളിൽ ഒന്നാണ് അവൾ. ഞങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരുടെയും അറിവിലേക്കായി പറയട്ടെ, ഞങ്ങൾ രണ്ടുപേരും അതീവ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ലോകം മുഴുവൻ ഞങ്ങൾക്ക് എതിരായാലും എനിക്ക് ഒരു പ്രശ്നവുമില്ല." - വിജയ് കുറിച്ചു.
വിവാദങ്ങൾക്ക് കാരണം
'കോഫി വിത്ത് കരൺ' സീസൺ 9-ൽ അതിഥികളായി എത്തിയപ്പോഴാണ് വിവാദങ്ങളുടെ തുടക്കം. പ്രണയകാലത്ത് വിമാനത്താവളത്തിൽ വെച്ച് താനാണ് ആദ്യം വിവാഹാഭ്യർത്ഥന നടത്തിയത് എന്ന് രശ്മിക വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഒരു വർഷത്തോളം നൂറു തവണയെങ്കിലും തന്നോട് ചോദിച്ച ശേഷമാണ് താൻ അതിന് സമ്മതിച്ചത് എന്ന് വിജയും തമാശയായി പറഞ്ഞു. ഈ സംഭാഷണത്തിലെ ചില ഭാഗങ്ങളെടുത്താണ് സോഷ്യൽ മീഡിയയിൽ താരങ്ങൾക്കെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna and Vijay Deverakonda responded to severe cyberbullying following their Koffee With Karan appearance., Social media users compared Rashmika's emotional social media post to a dialogue from the movie Animal., Vijay Deverakonda strongly supported Rashmika, affirming their happy married life after their February wedding.