‘ശ്രീദേവിയുടേത് മെലിഞ്ഞ കാലുകളായിരുന്നുവെങ്കിൽ അവർ താരമാകുമായിരുന്നില്ല. ബിഗ് ബിയുടെ കാര്യവും അങ്ങനെ തന്നെ'

ഫിലിം മേക്കർ രാം ഗോപാൽ വർമ, നടി ശ്രീദേവിയുടെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ആരാധനയെക്കുറിച്ച് പല കഥകളുമുണ്ട്. ആർ.ജി.വിയുടെ കോളേജ് കാലത്ത് ശ്രീദേവിയുടെ സിനിമ കാണാൻ മണിക്കൂറുകളോളം തിയേറ്ററിൽ ക്യൂനിന്ന കഥ അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യസിനിമയുടെ ചിത്രീകരണം ചെന്നൈയിലായിരുന്നു. അന്ന് ശ്രീദേവി താമസിക്കുന്ന സ്ഥലത്തെത്താൻ കിലോമീറ്ററുകളോളം നടന്നു.
മണിക്കൂറുകളോളം വീടിനുനേരെ നോക്കിനിന്നു. ''ഞാൻ ശ്രീദേവിയുടെ വീട് നോക്കി നിൽക്കുമായിരുന്നു. കാഴ്ചയിൽ മണ്ടൻവീട് പോലെയുള്ള അവിടെ ആ സൗന്ദര്യദേവത എങ്ങനെയാണ് കഴിയുന്നതെന്ന് ചിന്തിച്ചു. ഇഷ്ടികകളും സിമന്റും കൊണ്ട് നിർമിച്ച ആ വീടിന് ശ്രീദേവിയുടെ അഭൗമസൗന്ദര്യം ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിച്ചു. ശ്രീദേവി വീട്ടിലേക്ക് പോകുമ്പോഴോ പുറത്തു പോകുമ്പോഴോ ഒരു നോക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചു. പക്ഷേ അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചില്ല''.
എങ്കിലും ശ്രീദേവിയെ നായികയാക്കി ഒരു സിനിമ മാത്രമേ അദ്ദേഹത്തിന് സംവിധാനം ചെയ്യാൻ കഴിഞ്ഞുള്ളൂ. 'ക്ഷണാ ക്ഷണം' എന്ന തെലുഗുസിനിമ. ആർജിവിയുടെ രണ്ടാമത്തെ സിനിമയായിരുന്നുവത്. ആ സിനിമ ശ്രീദേവിക്കുള്ള തന്റെ പ്രണയലേഖനമായിരുന്നുവെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
''ശ്രീദേവിയെ ആകർഷിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് ഞാൻ 'ക്ഷണന ക്ഷണം' എഴുതിയത്. അതവർക്കുള്ള എന്റെ പ്രണയലേഖനമായിരുന്നു''.
എന്നാൽ രാംഗോപാൽ വർമയുടെ ശ്രീദേവിയോടുള്ള ആരാധന ഒരിക്കൽ വിവാദങ്ങൾക്ക് തിരികൊളുത്തി. 2015-ൽ സോഷ്യൽമീഡിയയിൽ ആർ.ജി.വി ഒരു കുറിപ്പ് പങ്കുവെച്ചു. ശ്രീദേവിയുടെ അത്യുജ്ജ്വലമായ കരിയറിനെക്കുറിച്ചുള്ള കുറിപ്പായിരുന്നുവത്. ശ്രീദേവിയുടെ തടിച്ച കാലുകളായിരുന്നുവെന്നും അതാണ് അവരെ ഐതിഹാസികതാരമാക്കിയത് എന്നുമായിരുന്നു ആ കുറിപ്പ്. ആർ.ജി.വിയുടെ ആരാധകർ വരെ ആ കുറിപ്പിനെതിരെ രംഗത്തുവന്നു. ഭ്രാന്തനെന്ന് പലരും ആർ.ജി.വിയെ വിശേഷിപ്പിച്ചു.
'അഭിനയിക്കാനുള്ള കഴിവ് മാത്രമാണ് താരമൂല്യത്തിന്റെ അളവുകോൽ എങ്കിൽ, സ്മിത പാട്ടീൽ എന്തുകൊണ്ട് ശ്രീദേവിയേക്കാൾ വലിയ താരമായില്ല? ശ്രീദേവിയുടെ തടിച്ച കാലുകളാണ് ഇവിടെ വ്യത്യാസമുണ്ടാക്കിയത്''.
ആ വിവാദങ്ങളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ആർ.ജി.വി. ''ഞാനന്ന് പറഞ്ഞതിലെന്താണ് തെറ്റ്? ശരീരമായി മാത്രം കണക്കാക്കുന്നതിൽ ഒരു കുഴപ്പവുമില്ല. ഒരു വ്യക്തി എങ്ങനെയാണ് അതുല്യനാകുന്നത്? അതിന് കാരണങ്ങളുണ്ടാകും. ശ്രീദേവിയുടെ കാര്യത്തിൽ ഇതും ഒരു കാരണമാകാം. എന്തുകൊണ്ട് അത് ഒഴിവാക്കണം?''.
''ശ്രീദേവിക്ക് മെലിഞ്ഞ കാലുകളായിരുന്നുവെങ്കിൽ അവർ ഒരിക്കലും ഇത്ര വലിയ താരമാകുമായിരുന്നില്ല എന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു. അമിതാഭ് ബച്ചന് 6 ഇഞ്ച് ഉയരം കുറവായിരുന്നെങ്കിൽ, അദ്ദേഹം ഒരു വലിയ താരമാകുമായിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല. അല്ലെങ്കിൽ ഷാരൂഖ് ഖാന് 6 ഇഞ്ച് ഉയരമുണ്ടായിരുന്നെങ്കിൽ, അദ്ദേഹം ഒരു വലിയ താരമാകുമായിരുന്നോ എന്ന് എനിക്കറിയില്ല'', ആർ.ജി.വി പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Filmmaker Ram Gopal Varma discusses his lifelong admiration for Sridevi and his controversial remarks about her physical attributes contributing to her stardom