'എല്ലാവര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും, അത് എപ്പോഴും പൊരുത്തപ്പെടണമെന്നില്ല'-രജനീകാന്ത്

രജനികാന്ത് (AP)
രജനികാന്ത് (AP)

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാചടങ്ങില്‍ താന്‍ പങ്കെടുത്തത് തികച്ചും ആത്മീയകാര്യമാണെന്നും രാഷ്ട്രീയമല്ലെന്നും നടന്‍ രജനീകാന്ത്. രാമക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തിയശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനാണ് രജനി മറുപടി പറഞ്ഞത്. 

'രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരില്‍ ഒരാളായിരുന്നു ഞാന്‍. എനിക്ക് നല്ല ദര്‍ശനം ലഭിച്ചു. അതെനിക്ക് വലിയ സന്തോഷം തന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ആത്മീയതയാണ്, രാഷ്ട്രീയമല്ല. എല്ലാവര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും. അത് എല്ലാ സമയത്തും പൊരുത്തപ്പെടണമെന്നില്ല.'-അദ്ദേഹം പറഞ്ഞു. 

രജനിക്ക് കൃത്യമായി സീറ്റ് നല്‍കിയില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും അവിടെയുണ്ടായിട്ടില്ലെന്നായിരുന്നു മറുപടി. ഇതൊരു ചരിത്ര സംഭവമാണ്, ഞാന്‍ വലിയ ഭാഗ്യവാനാണ്, എല്ലാ വര്‍ഷവും അയോധ്യയില്‍ വരുമെന്നും അദ്ദേഹം അയോധ്യയില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തിങ്കളാഴ്ചയായിരുന്നു അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ്.
 

Content Highlights: rajinikanth ayodhya ram mandir spirituality politics