ഭക്ഷണം കിട്ടിയില്ലെങ്കില്‍ തുമ്പിക്കൈ കൊണ്ട് ഡ്രൈവറെ പതുക്കെ തട്ടും; ഗ്രാമവാസികളുടെ പ്രിയപ്പെട്ടവന്‍

ശ്രീലങ്കയില്‍ വളരെ പ്രശസ്തനായ ഒരു ആനയുണ്ട്, രാജ. ബി.ബി.സി എര്‍ത്തില്‍ അവനെക്കുറിച്ചുള്ള വീഡിയോ വന്നതോടെ, രാജയ്ക്ക് ഒരു രാജപരിവേഷം തന്നെ കിട്ടിയിരിക്കുകയാണ്.
വന്യമൃഗങ്ങളേറെയുള്ള കാട്ടിലൂടെയാണ് ബുട്ടാല-കതരഗാമ റോഡ് കടന്നുപോകുന്നത്. അവിടെയാണ് രാജ സ്ഥിരമായിട്ടുണ്ടാവുന്നത്. രാജ ക്ഷമയോടെ വഴിയരികില്‍ കാത്തുനില്‍ക്കും. റോഡിനിരുവശത്തേക്കും അവന്റെ നോട്ടം പോവും. ഏതെങ്കിലും വശത്തുനിന്ന് വാഹനം വരുന്നതുകണ്ടാല്‍ റോഡിന് നടുവിലേക്ക് ചെല്ലും. വാഹനം നിര്‍ത്തുമ്പോള്‍, തുമ്പിക്കൈ നീട്ടുന്നതാണ് അവന്റെ അടുത്ത പരിപാടി. ചക്ക, പേരയ്ക്ക, മാങ്ങ, തേങ്ങ, പഴം...എന്തെങ്കിലും കഴിക്കാന്‍ കിട്ടണം. കിട്ടിയില്ലെങ്കില്‍ പതുക്കെ, ഡ്രൈവറെ തോണ്ടും. അതിലും വീണില്ലെങ്കില്‍, വണ്ടിക്കുള്ളിലേക്ക് തുമ്പിക്കൈ നീട്ടിനില്‍ക്കും. തുമ്പിക്കൈയില്‍ തീറ്റ കിട്ടുന്നതുവരെ അതേ നില്‍പ്പ് തന്നെ. സാധനം കിട്ടിയാല്‍ അനുസരണയോടെ വഴിയില്‍നിന്ന് മാറിക്കൊടുക്കുകയും ചെയ്യും.
40 വയസ്സോളമുണ്ട് രാജയ്ക്ക്. എന്നോ ഒരിക്കല്‍ ഭക്ഷണം തേടി റോഡിലെത്തിയതാണ്. അതിലേ പോകുന്നവര്‍ അവന് കഴിക്കാനുള്ളത് കൊടുക്കുകയും ചെയ്തു. ഭക്ഷണം കിട്ടുമെന്ന് മനസ്സിലായതോടെ രാജ, അവിടുന്ന് പോവാതായി. അത് പിന്നീടൊരു ആചാരമായി മാറുകയും ചെയ്തു. നാട്ടുകാരാണ് അവന് പേരിട്ടതും.
രാജയെക്കുറിച്ചുള്ള വീഡിയോ പുറത്തുവന്നതോടെ അവനെക്കുറിച്ചാണിപ്പോള്‍ ചര്‍ച്ച. ആനയുടെ പ്രവര്‍ത്തിയെ ജി.എസ്.ടി.യോടാണ് ഒരാള്‍ ഉപമിക്കുന്നത്. 'ഗജ് രാജ് സര്‍വീസ് ടാക്‌സ്'.
ശാന്തമായിട്ടാണ് അവന്റെ ഓരോ നീക്കവും. ഭക്ഷണം കിട്ടിയില്ലെങ്കില്‍, വണ്ടി കുത്തിമറിക്കാനോ, ആളുകളെ പേടിക്കാനോ ഒന്നും അവന്‍ ശ്രമിക്കില്ല. ആ വഴിയിലൂടെ പോവുന്നവര്‍ക്കെല്ലാമറിയാം, രാജ നോക്കിയിപ്പുണ്ടാവുമെന്ന്. അതുകൊണ്ട് അവന് കൊടുക്കാനായി എന്തെങ്കിലും അവര്‍ കൈയില്‍ കരുതും.
Content Highlights: raja the famous elpehant collects food from drivers