മകള്‍ക്ക് സിഡ്‌നി എന്നു പേരിട്ട ലാറ, ഇന്ത്യയെന്ന് വിളിച്ച റോഡ്‌സ്

ഡേവിഡ് ബെക്കാം ബ്രൂക്ക്‌ലിനൊപ്പം- ഫോട്ടോ: എ.പി.
ഡേവിഡ് ബെക്കാം ബ്രൂക്ക്‌ലിനൊപ്പം- ഫോട്ടോ: എ.പി.

ജനിക്കുന്ന കുഞ്ഞിന് എന്ത് പേരിടണമെന്നത് ഏത് രക്ഷിതാക്കള്‍ക്കും തലവേദനയാണ്. വ്യത്യസ്തമായ പേരിനായി ചിലപ്പോള്‍ മാസങ്ങളോളം ആലോചനകള്‍ നീളും. ഒടുവില്‍ മാതാപിതാക്കള്‍ക്ക് ഏറ്റവും അടുപ്പമുളള വ്യക്തികളുടെ പേര് മക്കള്‍ക്ക് ആലോചിക്കുന്നവരുണ്ട്. അക്കൂട്ടത്തില്‍ വ്യത്യസ്തരായ ചില കായികതാരങ്ങളുമുണ്ട്. അവര്‍ സ്വന്തം മക്കള്‍ക്ക് നല്‍കിയിട്ടുളളത് ഇഷ്ടപ്പെട്ട സ്ഥലങ്ങളുടെ പേരുകളാണ്. പേരിന്റെ കഥയിലൂടെ.


ബ്രയാന്‍ ലാറ- സിഡ്‌നി

വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസമായ ബ്രയാന്‍ ലാറ സ്വന്തം മകള്‍ക്ക് നല്‍കിയത് ഓസ്‌ട്രേലിയന്‍ നഗരം സിഡ്‌നിയുടെ പേരാണ്. ലാറയുടെ ക്രിക്കറ്റിങ് കരിയറില്‍ ഏറെ പ്രധാനപ്പെട്ട നഗരമാണ് സിഡ്‌നി. അവിടത്തെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ലാറയുടെ മനോഹരമായ ടെസ്റ്റ് ഇന്നിങ്‌സ് പിറന്നത്.

ബ്രയാന്‍ ലാറ- ഫോട്ടോ: എ.പി.

കരിയറിന്റെ തുടക്കത്തില്‍ 1993-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ 277 റണ്‍സാണ് ലാറ നേടിയത്. ഏറെ പേരുകേട്ട ഓസീസ് ബൗളര്‍മാര്‍ക്കെതിരേ നേടിയ ഡബിള്‍ സെഞ്ചുറി ലാറയ്ക്ക്  ഹീറോ പരിവേഷം നല്‍കി. ഇതോടെ ഈ നഗരം ലാറയ്ക്ക് പ്രിയപ്പെട്ടതായി. ആദ്യം പിറന്ന പെണ്‍കുഞ്ഞിന് നല്‍കിയ പേര് സിഡ്‌നി എന്നുതന്നെ.

ഡേവിഡ് ബെക്കാം- ബ്രൂക്ക്‌ലിന്‍

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഡേവിഡ് ബെക്കാം മൂത്തമകന് നല്‍കിയിരിക്കുന്നത് ബ്രൂക്ക്‌ലിന്‍ എന്നാണ്. അമേരിക്കയിലെ ന്യൂയോര്‍ക്കിനോട് ചേര്‍ന്ന് കിടക്കുന്ന നഗരമാണ് ബ്രൂക്ക്‌ലിന്‍. ഈ പേരിടാന്‍ കാരണം ബെക്കാമിന്റെ ഭാര്യ വിക്ടോറിയ  പിന്നീട് വെളിപ്പെടുത്തിയിരുന്നു. 'ബ്രൂക്ക് എന്നത് ഇഷ്ടപ്പെട്ട പേരായിരുന്നു. ആ പേരിന് പകരം ബ്രൂക്ക്‌ലിന്‍ എന്നിട്ടാലോ ആലോചിച്ചു. അങ്ങനെ ആ പേര് സ്വീകരിച്ചു. അക്കാലത്ത് ഞാന്‍ ന്യൂയോര്‍ക്കിലുമായിരുന്നു.'

ജോണ്ടി റോഡ്‌സ് - ഇന്ത്യ
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് സ്വന്തം മകള്‍ക്ക് നല്‍കിയത് ഇന്ത്യ എന്ന പേരായിരുന്നു. കുഞ്ഞ് പിറക്കുമ്പോള്‍ ജോണ്ടിയും ഭാര്യ മെലാനിയും ഇന്ത്യയിലായിരുന്നു താമസം.

ജോണ്ടി റോഡ്‌സ്- ഫോട്ടോ: പി.ടി.ഐ.

ഇന്ത്യ എന്ന പേര് നല്‍കിയതിനെക്കുറിച്ച് പിന്നീട് റോഡ്‌സ് പറഞ്ഞു. ' ഇന്ത്യ എനിക്ക് ഏറെ ഇഷ്ടപ്പെട്ട രാജ്യമാണ്. ഞാന്‍ ഒരുപാട് കാലം ഇവിടെ ചിലവഴിച്ചു. രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരങ്ങളുമെല്ലാം ഏറെയിഷ്ടമാണ്.'
 

Content Highlights: players name their children after places