'എന്നോടുള്ള വെറുപ്പ് വർഷങ്ങളായി ഉള്ളിൽ അടിഞ്ഞുകൂടിയതാണ്; പുരുഷാധിപത്യം തുറന്നുകാട്ടപ്പെടാൻ ഞാൻ നിമിത്തമായി'

2017-ലെ 'കസബ' വിവാദത്തിന് പിന്നാലെ താൻ നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ചും ഒറ്റപ്പെടലുകളെക്കുറിച്ചും മനസ്സ് തുറന്ന് നടി പാർവതി തിരുവോത്ത്. രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്ന 'ദി ഗ്രീൻ റൂം' സീസൺ 2-ൽ അതിഥിയായെത്തിയപ്പോഴാണ് പാർവതി തൻ്റെ ജീവിതത്തിലെ നിർണ്ണായകമായ കാലഘട്ടത്തെക്കുറിച്ച് സംസാരിച്ചത്. അന്ന് തനിക്കെതിരെ ഉണ്ടായത് വ്യക്തിപരമായ ആക്രമണം എന്നതിലുപരി, സമൂഹത്തിൽ വർഷങ്ങളായി അടിഞ്ഞുകൂടിക്കിടന്ന പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയും പുറത്തുവന്നതാണെന്ന് പാർവതി പറഞ്ഞു.
"ആ ആക്രമണത്തിൻ്റെ വ്യാപ്തി കണ്ടപ്പോഴാണ് ഇതൊന്നും എന്നെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്ന് എനിക്ക് മനസ്സിലായത്. പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയും അത്രത്തോളം വലിയ തോതിൽ തുറന്നുകാട്ടപ്പെടാൻ ഞാൻ ഒരു നിമിത്തം മാത്രമായി മാറുകയായിരുന്നു. വർഷങ്ങളായി ഉള്ളിൽ കെട്ടിക്കിടന്നിരുന്ന വെറുപ്പാണ് അന്ന് എനിക്ക് നേരെ ഒഴുകിയെത്തിയത്," പാർവതി വ്യക്തമാക്കി.
വിവാദങ്ങൾക്ക് പിന്നാലെ സിനിമയ്ക്കകത്തും പുറത്തും പലരും തന്നിൽ നിന്ന് അകലം പാലിക്കുന്നത് തിരിച്ചറിഞ്ഞിരുന്നതായും കടുത്ത ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായും താരം ഓർത്തെടുത്തു. എന്നാൽ ആ സമ്മർദ്ദങ്ങൾക്ക് മുന്നിൽ തളർന്നുപോകാതെ സ്വയം കരുത്താർജിക്കാനാണ് താൻ ശ്രമിച്ചതെന്ന് പാർവതി പറയുന്നു.
"സ്വന്തം നിലനിൽപ്പിന് വേണ്ടി ശബ്ദമുയർത്താനും എൻ്റെ ശരീരത്തെയും ആരോഗ്യത്തെയും നിയന്ത്രിക്കാനും ഞാൻ പഠിച്ചു. കടുത്ത സമ്മർദ്ദത്തിലൂടെയാണ് ഞാൻ കടന്നുപോയത്. ഒരു ഘട്ടത്തിൽ, അവർക്ക് എൻ്റെ ജീവിതവും കരിയറും വേണമെങ്കിൽ എടുത്തോട്ടെ, പക്ഷേ എല്ലാം കത്തിച്ചാമ്പലാക്കിയിട്ടേ ഞാൻ വിട്ടുകൊടുക്കൂ എന്ന ചിന്തയിലേക്ക് ഞാനെത്തി. ഒരു പോരാട്ടമില്ലാതെ കീഴടങ്ങാൻ ഞാൻ തയ്യാറായിരുന്നില്ല."
2017-ൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) ഭാഗമായി വിമൻ ഇൻ സിനിമ കളക്ടീവ് (WCC) സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ പാർവതി നടത്തിയ പരാമർശങ്ങളാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 2016-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'കസബ'യിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളെയും രംഗങ്ങളെയും പാർവതി വിമർശിച്ചിരുന്നു. മഹാനായ ഒരു നടൻ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കുന്നത് കാണുമ്പോൾ നിരാശ തോന്നുന്നു എന്നായിരുന്നു പ്രതികരണം.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പാർവതിക്കെതിരെ ക്രൂരമായ സൈബർ ആക്രമണമാണ് അരങ്ങേറിയത്. ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉൾപ്പെടെ നേരിട്ടതോടെ താരം പോലീസിൽ പരാതി നൽകുകയും സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാർ', 'ഐ, നോബഡി' എന്നിവയാണ് പാർവതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Parvathy discusses the severe cyber attacks faced after her 2017 Kasaba controversy comments., She believes the backlash was a manifestation of deep-rooted patriarchy and misogyny., Addressed feelings of isolation and how she built resilience during intense pressure., Recalled the WCC open forum at IFFK 2017 where she criticized misogynistic dialogues in Mammootty's Kasaba.