വെടിയൊച്ചകളുടെ ഭയപ്പാടില്‍ വിളവെടുപ്പിനിറങ്ങുന്നവര്‍; ചിരിമാഞ്ഞ ഒലീവ് തോട്ടങ്ങള്‍

പാലസ്തീനികളുടെ ഏറ്റവും പ്രിയപ്പെട്ട മരമാണ് ഒലീവ്, വളരെ പതിയെ മാത്രം വളരുന്ന, എന്നാല്‍ ദീര്‍ഘകാലം ആയുസ്സുള്ള നിത്യഹരിത വൃക്ഷം. പാലസ്തീനിന്റെ പാരമ്പര്യവും സംസ്‌കാരവുമായി വളരെ ഇഴയടുപ്പമുള്ള ഒലീവ് മരങ്ങള്‍ അവരുടെ പ്രധാന വരുമാനസ്രോതസ്സുകളിലൊന്നായിരുന്നു. പാലസ്തീനിന്റെ മലയോര പ്രദേശങ്ങളിലും ഉയര്‍ന്ന മേഖലകളിലും വ്യാപകമായി ഒലീവ് മരങ്ങള്‍ കാണാം. വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനിലയെ ചെറുക്കുമെന്നതും ജലസേചനം കുറച്ചുമതിയെന്നതും ഇവയ്ക്ക് വളരാന്‍ സാഹചര്യമൊരുക്കി. വീടിനോടു ചേര്‍ന്ന് എല്ലാവരും ഒന്നോ രണ്ടോ ഒലീവ് മരങ്ങള്‍ വെച്ചുപിടിപ്പിക്കും. അതിന്റെ വളര്‍ച്ചയും വിളവെടുപ്പുമെല്ലാം പാലസ്തീനി കുടുംബങ്ങള്‍ക്ക് ആഘോഷമാണ്. ജറുസലേമിലെ തെക്കന്‍ മലനിരകളില്‍ 5500 വര്‍ഷം പഴക്കമുള്ള ഒലീവ് മരമുണ്ട്, ഇതാണ് ലോകത്തെ ഏറ്റവും പ്രായം ചെന്ന ഒലീവ് മരമെന്ന് കരുതപ്പെടുന്നു.
ഇത് ഒലീവ് പഴങ്ങള്‍ വിളവെടക്കുന്ന സമയമാണ്. യുദ്ധമില്ലായിരുന്നെങ്കില്‍ പാലസ്തീനിലുടനീളം കര്‍ഷകരെല്ലാം സന്തോഷത്തോടെ കൊയ്ത്തിനിറങ്ങുമായിരുന്നു. വര്‍ഷങ്ങളെടുത്ത്, ജീവനോട് ചേര്‍ത്തുവെച്ച് പരിപാലിച്ചുകൊണ്ടുവന്ന മരങ്ങളില്‍ നിന്ന് കായ പറിച്ചെടുക്കാന്‍ കുടുംബങ്ങളൊന്നിച്ചുണ്ടാകും. എന്നാല്‍ സമാധാനത്തിന്റെ ഒലീവ് മരങ്ങളിലേക്കും യുദ്ധം പിടിമുറുക്കുന്ന അവസ്ഥയാണിന്ന്.
ഗാസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമവും വര്‍ധിച്ചു. 1,400-ലധികം അധിനിവേശ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, 1,200-ലധികം പാലസ്തീനികള്‍ സ്വന്തം വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായി, അനധികൃത ഔട്ട്പോസ്റ്റുകളും റോഡുകളും കുടിയേറ്റക്കാര്‍ വിപുലീകരിച്ചു. ഒക്ടോബര്‍ 1 മുതല്‍ ഒലിവ് വിളവെടുപ്പുമായി നേരിട്ട് ബന്ധപ്പെട്ട 250 കുടിയേറ്റ സംഭവങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 2023-ലെ വിളവെടുപ്പുകാലത്ത് ഇത്തരത്തില്‍ 90 സംഭവങ്ങളാണ് ഉണ്ടായിരുന്നത്.
ഒലീവ് വിളവെടുക്കാന്‍ വന്നതിന്റെ പേരില്‍ 60-ലേറെപ്പേര്‍ക്ക് ഇസ്രായേലികളുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 2,800-ലധികം ഒലിവ് മരങ്ങളും തൈകളും നശിപ്പിക്കപ്പെടുകയും ചെയ്തു. തങ്ങളുടെ അതിരുകള്‍ക്കുള്ളിലാണെങ്കിലും ഒലീവ് വളരുന്ന സ്വകാര്യഭൂമിയിലും ഗ്രാമങ്ങളിലും പ്രവേശിക്കുന്നതില്‍ നിന്ന് പാലസ്തീനികളെ ഇസ്രായേല്‍ സൈന്യം വിലക്കുകയാണ്.
കുടിയേറ്റ മേഖലയോടു ചേര്‍ന്ന സ്ഥലങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ വിളവെടുക്കാന്‍ കുടുംബങ്ങള്‍ക്ക് ഇസ്രായേല്‍ സൈന്യം അനുമതി നല്‍കും, പക്ഷേ, അവിടെപ്പോലും കണ്ണീര്‍ വാതക, ഗ്രനേഡ് ആക്രമണങ്ങളും വെടിവെപ്പുമുണ്ടാവാറുണ്ട്. കൊയ്ത്തുകാരെ അവരുടെ ഭൂമിയിലെത്തുന്നതില്‍ നിന്ന് തടയുകയാണ് സൈന്യമടക്കമുള്ളവര്‍. ഒക്ടോബര്‍ 17-ന്, മകനോടൊപ്പം ഒലീവ് പറിക്കുന്നതിനിടെ ഇസ്രായേല്‍ സൈനികന്റെ വേടിയേറ്റ് ഒരാള്‍ മരിച്ചിരുന്നു.
യുദ്ധം സാഹചര്യങ്ങളെ ആകമാനം മാറ്റി. ഇസ്രായേല്‍ ആക്രമണങ്ങളില്‍ വീടുവിട്ടോടിയവരെല്ലാം സുരക്ഷിതമെന്ന് തോന്നുന്ന ബന്ധുവീടുകളില്‍ താത്കാലിക ആശ്വാസം തേടാറുണ്ട്. ഒരു വീടിനെ ചുറ്റിപ്പറ്റിതന്നെ 50-ഓളം പേര്‍ താമസിക്കും. ഇത്രയധികം പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ തീകത്തിക്കുന്നതിനുവേണ്ടി ഒലീവ് മരങ്ങള്‍ മുറിക്കേണ്ടി വന്നവരുണ്ട്. വര്‍ഷങ്ങളെടുത്തു വളര്‍ത്തിക്കൊണ്ടുവന്നതാണെങ്കിലും വേദനയോട് നോക്കിനില്‍ക്കാനേ പലര്‍ക്കും സാധിച്ചുള്ളൂ.
പ്രാദേശിക വില്ലേജ് കൗണ്‍സിലുകള്‍, പാലസ്തീനിയന്‍, ഇസ്രായേല്‍, അന്തര്‍ദേശീയ വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് മേഖലയില്‍ ഐക്യദാര്‍ഢ്യ വിളവെടുപ്പ് നടത്തുന്നുണ്ട്. ഇത് ഒരു പരിധിവരെ വിളവെടുപ്പ് വിജയമാക്കി. വരും കാലങ്ങളില്‍ പാലസ്തീനികള്‍ക്ക് ഒലീവ് മേഖലയില്‍ സ്വാധീനം കുറയുമെന്നാണ് സൂചനകള്‍.
Content Highlights: palestinian family’s olive harvest amid war