പണം വേണം, പോണ്‍സൈറ്റുകളില്‍ ചിത്രങ്ങളും വീഡിയോയും പങ്കിട്ട് ചില ഒളിമ്പിക്‌സ് താരങ്ങള്‍

കഴിവ് മിനുക്കിയെടുത്ത്, കഠിനാധ്വാനത്തിലൂടെ എത്രയോ നാളുകളെടുത്താണ് ഏതൊരു താരവും ഒളിമ്പിക്‌സിലെത്തുന്നത്. എന്നാല്‍ കഴിവും കഠിനാധ്വാനവും മാത്രം മതിയോ? അതുപോര, സാമ്പത്തികം കൂടിയുണ്ടെങ്കിലേ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിയൂ. അതിനായി വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയാണ് ചില താരങ്ങള്‍. അവര്‍ മാത്രമല്ല, മുന്‍താരങ്ങള്‍ ജീവിക്കാനുള്ള പണം കണ്ടെത്തുന്നതും അതേ വഴിയിലൂടെ.
ബ്രിട്ടീഷ് നീന്തല്‍ ടീമിലെ അംഗമായ ജാക്ക് ലോഫറിന്റെ വെളിപ്പെടുത്തലിലൂടെയാണ് ലോകം ഇതറിയുന്നത്. തന്റെ അര്‍ധനഗ്നചിത്രങ്ങള്‍ ഒണ്‍ലിഫാന്‍സ് എന്ന അഡള്‍ട്ട്‌സ് സൈറ്റില്‍ പോസ്റ്റ് ചെയ്താണ് ലോഫര്‍ പണമുണ്ടാക്കുന്നത്. ലോഫറിന്റെ അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതിനായി പ്രതിമാസം 10 ഡോളറാണ് ഈടാക്കുന്നത്.
''ആളുകള്‍ക്ക് വേണ്ടതെല്ലാം എനിക്കുണ്ട്. അത് ഞാന്‍ പണമാക്കുന്നുവെന്ന് മാത്രം,'' ലോഫര്‍ 'ടെലഗ്രാഫി'നു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മറ്റ് പരസ്യങ്ങളില്‍നിന്നും ലഭിക്കുന്നത് ചെറിയ തുകയാണ്. ഇതും കൂടിയുണ്ടാവുമ്പോഴാണ് എല്ലാ ആവശ്യങ്ങള്‍ക്കും തികയുന്നതെന്നാണ് ലോഫര്‍ പറയുന്നത്. ഫോളോ ചെയ്യുന്നവര്‍ക്ക് പേഴ്‌സണല്‍ ചാറ്റിനുള്ള അവസരം കൂടി നല്‍കുന്നുണ്ട് ലോഫര്‍. അതിന് വേറെ തുക ഈടാക്കുന്നുമുണ്ട്. പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമേ ചിത്രങ്ങള്‍ കാണാന്‍ കഴിയൂ. അതില്‍നിന്നു കിട്ടുന്ന പണമാണ് പരിശീലനത്തിനും മറ്റുമായി ഉപയോഗിക്കുന്നത്. ചിത്രങ്ങള്‍ മാത്രമല്ല വീഡിയോയും അവര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
ലോഫറിന്റെ പല സഹകളിക്കാരും ഈ പ്ലാറ്റ്‌ഫോമില്‍ സജീവമാണ്. നോഹ വില്യംസ്, ഡാനിയേല്‍ ഗുഡ്‌ഫെലോ, മാറ്റി ലീ എന്നിവരും ഇവിടെയുണ്ട്. ഡാനിയേല്‍ ഗുഡ്‌ഫെല്ലോ റിയോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ ജേതാവാണ്. ''രസമുള്ള, എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാം. എന്നെക്കുറിച്ച് അറിയാനും, സംസാരിക്കാനും, എവിടെയും കാണാത്ത ചിത്രങ്ങളും പോസ്റ്റുകളും കാണാനും സ്വാഗതം''. ഇതാണ് ഡാനിയേലിന്റെ പ്രൊഫൈലിൽ പറയുന്നത്. കാനഡയിലെ പോള്‍വാള്‍ട്ട് താരമായ അലീഷ ന്യൂമാനും ഒണ്‍ലിഫാന്‍സില്‍ സജീവമാണ്. ബിക്കിനി ചിത്രങ്ങളാണ് അലീഷ പ്രധാനമായും പങ്കുവെക്കുന്നത്. അത്‌ലറ്റുകള്‍ക്ക് ഇത്തരം സൈറ്റുകളില്‍ നല്ല അവസരങ്ങളാണുള്ളതെന്ന് ന്യൂസിലന്‍ഡിന്റെ റോബി മാന്‍സന്‍ പറയുന്നു. 2012-ലെ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഓസ്‌ട്രേലിയന്‍ ബാസ്‌കറ്റ് ബോള്‍ ടീമിലെ അംഗമായ ലിസ് കാംബേജും ഒണ്‍ലിഫാന്‍സില്‍ അംഗമാണ്.
നിലവിലെ താരങ്ങള്‍ക്ക് മാത്രമല്ല ഒണ്‍ലിഫാന്‍സ് സഹായകരമാവുന്നത്. റിട്ടയര്‍ ചെയ്ത പല താരങ്ങളും ജീവിക്കുന്നതും ഒണ്‍ലി ഫാന്‍സ് പോലെയുള്ള സൈറ്റുകളുടെ സഹായത്താലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മൂന്നുതവണ ഒളിമ്പിക്‌സ് ചാമ്പ്യനായ ബ്രിട്ടീഷ് സ്‌കേറ്റര്‍ എലിസ് ക്രിസ്റ്റി 31-ാമത്തെ വയസ്സിലാണ് വിരമിക്കുന്നത്. അതോടെ അവരുടെ ജീവിതം തന്നെ മാറിമറിഞ്ഞു. കൈയില്‍ പണമില്ലാതെ ഒന്നുമില്ലായ്മയിലേക്കാണ് അവര്‍ പോയത്. അതവരെ എത്തിച്ചത് മദ്യപാനത്തിലേക്കും സ്വയം ഉപദ്രവിക്കുന്നതിലേക്കുമൊക്കെയാണ്. ''മൂന്നുതവണ ചാമ്പ്യനായി, പിന്നെ ഒന്നുമില്ലാതായ ആളാണ് ഞാന്‍. റിട്ടയര്‍മെന്റിനുശേഷം ആകെ ബുദ്ധിമുട്ടിലായിരുന്നു. വീട് നഷ്ടപ്പെട്ടു. ജീവിക്കാനായി ഒരുദിവസം തന്നെ മൂന്ന് ജോലികളാണ് ചെയ്തിരുന്നത്. അപ്പോഴാണ് ഒണ്‍ലി ഫാന്‍സിനെക്കുറിച്ച് അറിയുന്നത്. അതാണെന്നെ രക്ഷിച്ചതും. ഇപ്പോള്‍ ഞാനതിനെ പോസിറ്റീവായി ഉപയോഗിക്കുന്നു. ഇതില്‍ ആളുകള്‍ സ്‌പോര്‍ട്‌സിനെക്കുറിച്ചും ഫിറ്റ്‌നെസിനെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ട്''.
2002-ല്‍ നെതര്‍ലന്‍ഡ്‌സിലെ മികച്ച സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ജിംനാസ്റ്റിക് താരമാണ് വെറോണ വാന്‍ഡിലിയോര്‍. പക്ഷേ, വെറോണയുടെ ജീവിതം അതിനുശേഷം തകിടംമറിഞ്ഞു. ഗുരുതരമായ പരിക്കേറ്റ് കളിക്കാന്‍ കഴിയാതെ വന്നു. വീടുപോലും നഷ്ടപ്പെട്ടു, അതിനിടെ അച്ഛനുമായുള്ള സ്വത്ത് തര്‍ക്കങ്ങളും. ഒണ്‍ലിഫാന്‍സിലൂടെ താന്‍ പുതിയൊരു ജീവിതം തുടങ്ങിയതെന്ന് വെറോണ പറയുന്നു. രണ്ട് ഒണ്‍ലിഫാന്‍സ് അക്കൗണ്ടാണ് വെറോണയ്ക്കുള്ളത്. ഒന്ന് നഗ്നചിത്രങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യുന്നത്. മറ്റേത് അര്‍ദ്ധനഗ്നചിത്രങ്ങള്‍ക്കുള്ളതും.
Content Highlights: olympic stars making money from onlyfans account