'700 ഗ്രാമായിരുന്നു ഭാരം, ആറുതവണ രക്തം മാറ്റിവെച്ചു'; മകളെക്കുറിച്ചോർത്ത് കണ്ണുനിറഞ്ഞ് നിക് ജോനസ്

പ്രിയങ്കാ ചോപ്രയും നിക് ജോനസും മകൾ മാൾട്ടി മേരിക്കൊപ്പം, മാൾട്ടി മേരി / Instagram
പ്രിയങ്കാ ചോപ്രയും നിക് ജോനസും മകൾ മാൾട്ടി മേരിക്കൊപ്പം, മാൾട്ടി മേരി / Instagram

നടി പ്രിയങ്കാ ചോപ്രയുടെയും ഗായകൻ നിക് ജോനസിന്റെയും മകളാണ് മാൾട്ടി മേരി ചോപ്ര ജോനസ്. പ്രിയങ്കയുടെ അമ്മ മധു മാൽതി ചോപ്രയുടെയും നിക്കിന്റെ അമ്മ ഡെന്നീസിന്റെ മിഡിൽ നെയിമായ മേരിയും ചേർത്താണ് കുഞ്ഞിന് അവർ പേരിട്ടത്. ജനുവരി 2022-ൽ വാടകഗർഭധാരണത്തിലൂടെയാണ് മാൾട്ടി ജനിച്ചത്.

മാസം തികയുംമുമ്പേയായിരുന്നു കുഞ്ഞിന്റെ ജനനം. അതുകൊണ്ട് ജനിച്ചയുടൻ നിയോ നേറ്റൽ ഐ.സി.യു.വിലേക്ക് കുഞ്ഞിനെ മാറ്റിയെന്ന് മുമ്പ് പ്രിയങ്ക പറഞ്ഞിട്ടുണ്ട്. 100 ദിവസത്തോളം കുഞ്ഞ് അവിടെ തന്നെയായിരുന്നു. ''കുഞ്ഞിനെ ഓപ്പറേഷനിലൂടെ പുറത്തെടുക്കുമ്പോൾ തീരെ കുഞ്ഞായിരുന്നു അവൾ. എന്റെ കൈകളേക്കാളും ചെറുത്. അതിനുശേഷം പലപ്പോഴും അവളെ നഷ്ടപ്പെടുമോ എന്ന് ഞങ്ങൾ പേടിച്ചിട്ടുണ്ട്. അവളുടെ ഹൃദയം ശരിയായി മിടിക്കുന്നുണ്ടോ എന്നറിയാനായി ഞാനാ കുഞ്ഞ് നെഞ്ചിൽ ചെവി വെച്ച് നോക്കുമായിരുന്നു'', ആ ദിനങ്ങൾ പ്രിയങ്ക ഓർത്തെടുത്തതിങ്ങനെ.

ഇപ്പോഴിതാ മാൾട്ടിയുടെ അതിജീവനത്തെക്കുറിച്ച് തുറന്നുപറയുകയാണ് നിക് ജോനസ്. ജെയ് ഷെട്ടിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോൾ മകളെക്കുറിച്ചോർത്ത് നിക്കിന്റെ കണ്ണുകൾ നിറയുകയും ചെയ്തു. ''അവൾ എല്ലാ വിധത്തിലും പെർഫെക്ട് ആണ്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലാണ് അവൾ ഈ ലോകത്തിലേക്ക് വന്നത്. ഏപ്രിലിലാണ് മാൾട്ടി ജനിക്കുകയെന്നാണ് ആദ്യം ഞങ്ങളെല്ലാം പ്രതീക്ഷിച്ചത്. അതിനിടയ്ക്കാണ് ജനുവരിയിൽ തന്നെ ഓപ്പറേഷനിലൂടെ പുറത്തെടുക്കേണ്ടിവന്നത്. ജനിക്കുമ്പോൾ കുഞ്ഞിന് തീരെ ഭാരമില്ലായിരുന്നു. ഏകദേശം 700 ഗ്രാം മാത്രം. ഒരു പർപ്പിൾ നിറമായിരുന്നു ശരീരം മുഴുവൻ. അതോടെ ഐ.സി.യു.വിലേക്ക് മാറ്റി'', നിക് ഓർത്തെടുത്തു.

''കോവിഡ് കാലമായതിനാൽ പ്രിയങ്കയും ഞാനും മൂന്നര മാസത്തോളം 12 മണിക്കൂർ ഷിഫ്റ്റിൽ ആസ്പത്രിയിൽ തന്നെയായിരുന്നു. ഭയപ്പെടുത്തുന്ന ദിനങ്ങളായിരുന്നു അതെല്ലാം. ആറുതവണയാണ് രക്തം മാറ്റിവെക്കേണ്ടിവന്നത്. പക്ഷേ മാൾട്ടി പോരാടി. പതുക്കെ അവൾക്ക് ഭാരം കൂടാൻ തുടങ്ങി''. മൂന്നര മാസത്തിനുശേഷമാണ് കുഞ്ഞിനെ തങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയതെന്നും നിക് വെളിപ്പെടുത്തുന്നു.

പരീക്ഷണകാലത്ത് പ്രിയങ്ക പ്രകടിപ്പിച്ച ധൈര്യത്തെയും നിക് പ്രശംസിച്ചു. ''എന്റെ ഭാര്യ നല്ല ഹൃദയവും കാഴ്ചപ്പാടുകളുമുള്ള ഒരു മിടുക്കിയാണ്. അവൾ ആ ദിനങ്ങൾ കൈകാര്യം ചെയ്ത രീതി എനിക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു''. തങ്ങളുടെ ജോലികൾക്കിടയിലും കുഞ്ഞിനൊപ്പം നിക്കോ താനോ ഉണ്ടെന്ന് ഉറപ്പാക്കാറുണ്ടെന്ന് പ്രിയങ്ക എപ്പോഴും പറയാറുണ്ട്. എസ്.എസ്.രാജമൗലി ചിത്രമായ 'വാരണാസി'യുടെ ഷൂട്ടിങ്ങിനും പ്രിയങ്കയ്‌ക്കൊപ്പം മാൾട്ടിയുമുണ്ടായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nick Jonas shares emotional story of daughter Malti Marie`s premature birth and 100-day NICU stay. Learn about their battle.