നിക്കിന്റെ പോരായ്മ എന്തെന്ന് പ്രിയങ്കയുടെ അമ്മ; മകളോട് ചോദിക്കൂവെന്ന് നിക് ജോനസ്

നിക് ജോനസ്, പ്രിയങ്ക ചോപ്ര, മധു ചോപ്ര | Instagram
നിക് ജോനസ്, പ്രിയങ്ക ചോപ്ര, മധു ചോപ്ര | Instagram

ഇന്ത്യക്കാരുടെ 'നാഷണൽ ജീജു'വാണ് നിക് ജോനസ്. നടി പ്രിയങ്കാ ചോപ്രയുടെ ഭർത്താവിനെ ഇന്ത്യക്കാർ തങ്ങളുടെ ജീജു (സഹോദരിയുടെ ഭർത്താവ്) ആയിട്ടാണ് കാണുന്നത്. അദ്ദേഹവും സഹോദരങ്ങളായ ജോ, കെവിൻ എന്നിവരും ഉൾപ്പെടുന്ന 'ജോനസ് ബ്രദേഴ്‌സ്' മ്യൂസിക് ബാൻഡ് വളരെ പ്രശസ്തമായതാണ്. എല്ലാം വളരെ ഭംഗിയായി പോവുന്നതിനിടയിൽ 2013-ൽ ഈ ബാൻഡ് പിരിഞ്ഞിരുന്നു. വർഷങ്ങൾക്കുശേഷം അവർ വീണ്ടും ഒരുമിക്കുകയും ചെയ്തു.

പ്രിയങ്കയുടെ അമ്മ ഡോ.മധു ചോപ്രയുമായുള്ള യൂട്യൂബ് അഭിമുഖത്തിൽ അക്കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് നിക്. തങ്ങൾ പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും 2019-ൽ വീണ്ടും ഒരുമിച്ചതിനെക്കുറിച്ചുമെല്ലാം അഭിമുഖത്തിൽ നിക് മനസ്സുതുറന്നു. അഭിമുഖം പൂർണമായി പുറത്തുവന്നിട്ടില്ലെങ്കിലും അതിൽനിന്നുള്ള പ്രൊമോഷണൽ വീഡിയോകൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.

''ഞങ്ങളുടെ അവസാന ആൽബം മുതൽ ഞങ്ങൾ പിരിയുന്നത് വരെ ഞങ്ങൾ ഒരുമിച്ചു വളർന്നു. വളർന്നുവന്ന ഘട്ടം, ഈ നിലയിലുള്ള വിജയം കൈവരിച്ചതിനെത്തുടർന്നുണ്ടായ അതികഠിനമായ സമ്മർദ്ദം, എന്നാൽ അതിനു മുൻപുള്ള പല വർഷങ്ങളിൽ ആ വിജയം പൂർണ്ണമായി കൈവരിക്കാൻ കഴിയാതിരുന്ന അവസ്ഥ -ഇവയെല്ലാം ചേർന്ന ഒരു സാഹചര്യമായിരുന്നു അത്. ഇനിയൊരു പക്ഷേ ആളുകൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് ഞങ്ങൾ ഭയപ്പെട്ടു'', നിക് ഓർക്കുന്നു.

സംഭാഷണത്തിനിടയിൽ, ഒരു പിതാവ്, ഭർത്താവ്, റോക്ക് സ്റ്റാർ എന്നീ നിലകളിലുള്ള തന്റെ ഉത്തരവാദിത്തങ്ങൾ ഒരുപോലെ കൊണ്ടുപോവുന്നതിന് മധു ചോപ്ര, നിക്കിനെ അഭിനന്ദിച്ചു. തുടർന്ന്, തന്നിലെ ഒരു പോരായ്മ എന്താണെന്ന് പറയാൻ മധു, നിക്കിനോട് ആവശ്യപ്പെട്ടു. അതിന് മറുപടിയായി നിക് പറഞ്ഞു, ''അത് നിങ്ങൾ നിങ്ങളുടെ മകളോട് ചോദിക്കുന്നതാകും നല്ലത്''.

സർഗാത്മക പ്രക്രിയയിൽ ചില കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതാണ് തന്റെ ഏറ്റവും വലിയ പോരായ്മയെന്ന് ഗായകൻ കൂട്ടിച്ചേർത്തു. ''അതാണെന്റെ പോരായ്മ. പരമാവധി പരിശ്രമം നടത്തുന്ന ഒരു ഘട്ടത്തിൽ കാര്യങ്ങൾ കൃത്യമായി വരാം, എന്നാൽ അമിതമായി ശ്രമിച്ചാൽ അത് വഷളാവാനും സാധ്യതയുണ്ട്. അതിനാൽ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും മികച്ചത് ചെയ്യുക എന്ന കൃത്യമായ സന്തുലിതാവസ്ഥ കണ്ടെത്തുകയും, ബാക്കി കാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുകയും ചെയ്യുക'', നിക് പറഞ്ഞു.

നോർത്ത് അമേരിക്കൻ കൺസേർട്ട് ടൂറായ 'ദ ബേണിംഗ് അപ് ടൂർ ഓൾ ഓവർ എഗെയ്നി'ന്റെ ഭാഗമായുള്ള തിരക്കുകളിലാണ് ജോനസ് ബ്രദേഴ്‌സ് ഇപ്പോൾ. 2026 ഓഗസ്റ്റ് 20 മുതൽ 2026 ഡിസംബർ 22 വരെ നീളുന്ന ടൂറാണത്. പ്രിയങ്ക ചോപ്രയുടെ ഷൂട്ടിങ് തിരക്കുകളിലാണ്. തെലുഗു ചിത്രമായ 'വാരണാസി', ഇംഗ്ലീഷ് ചിത്രങ്ങളായ 'അംമ്രി', 'ജഡ്ജ്‌മെന്റ് ഡേ' എന്നിവയാണ് പ്രിയങ്കയുടേതായി റിലീസാവാനുള്ളത്. തിരക്കുകൾക്കിടയിലും കുടുംബമൊരുമിച്ച് ദസറ ആഘോഷിച്ചിരുന്നു. അതിന്റെ ചിത്രങ്ങൾ പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nick Jonas discussed the Jonas Brothers' 2013 split and 2019 reunion in an interview with Dr. Madhu Chopra., He opened up about the intense pressure and fear of losing relevance during their peak years., When asked about his flaws, Nick playfully suggested asking his wife Priyanka Chopra, and admitted to overthinking creative processes.