യുദ്ധകാലത്ത് സൈന്യത്തിന്റെ ഭാഗമാകാനായി അഭിനയം നിര്‍ത്തിയ നാനാ പടേക്കര്‍

നാനാ പടേക്കര്‍ / ANI
നാനാ പടേക്കര്‍ / ANI

ചെറുപ്പകാലത്ത് രണ്ട് ആഗ്രഹങ്ങളായിരുന്നു വിശ്വനാഥ് പടേക്കറിന്. സിനിമയില്‍ അഭിനയിക്കുക, ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുക. ഈ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടപ്പോള്‍ പലരും അതിനെ ചിരിച്ചുതള്ളി. എന്നാല്‍ പില്‍ക്കാലത്ത് ഇതില്‍ രണ്ടിലും ആ കുട്ടി പ്രവര്‍ത്തിക്കുന്നതാണ് ആളുകള്‍ കണ്ടത്. 

വിശ്വനാഥ് പടേക്കര്‍ എന്നതിനേക്കാള്‍ നാനാ പടേക്കര്‍ എന്ന പേരാണ് ആളുകള്‍ക്ക് കൂടുതല്‍ പരിചിതം. മികച്ച അഭിനയത്തിന് മൂന്നുതവണ ദേശീയപുരസ്‌കാരം നേടിയ താരമാണ് അദ്ദേഹം. 'ക്രാന്തിവീറി'ലെ അഭിനയത്തിന് മികച്ചനടനുള്ള പുരസ്‌കാരവും 'പരിന്ദ'യിലെയും 'അഗ്നിസാക്ഷി'യിലെയും പ്രകടനങ്ങള്‍ക്ക് മികച്ച സഹനടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. മുഖ്യധാരാസിനിമകളിലും സമാന്തരസിനിമകളിലും ഒരുപോലെ കഴിവ് തെളിയിച്ച താരം. 

നാനാ പടേക്കറിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് 'പ്രഹാര്‍: ദ ഫൈനല്‍ അറ്റാക്ക്'. സൈനിക ഉദ്യോഗസ്ഥനായിട്ടുള്ള കഥാപാത്രമായിരുന്നു അതില്‍. സൈന്യത്തിന്റെ മറാത്ത ലൈറ്റ് റെജിമെന്റില്‍ മൂന്നുവര്‍ഷത്തെ സൈനികപരിശീലനത്തിനുശേഷമാണ് ആ കഥാപാത്രത്തെ അദ്ദേഹം ഭംഗിയാക്കിയത്. അതിനുശേഷം ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ക്യാപ്റ്റന്‍ റാങ്കും അദ്ദേഹത്തിന് ലഭിച്ചു. സിനിമയുടെ ചിത്രീകരണസമയത്ത് ജനറല്‍ വി.കെ.സിങ്ങിനൊപ്പം പരിശീലിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. സിനിമ വമ്പന്‍ഹിറ്റായി. സൈന്യത്തിന്റെ പലരെയും ഈ സിനിമ പ്രചോദിപ്പിച്ചുവെന്ന് നാനാ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. 

അതിനിടയിലാണ് 1999-ല്‍ കാര്‍ഗില്‍ യുദ്ധമുണ്ടാവുന്നത്. അതോടെ നാനാ പടേക്കറും സൈന്യത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹവുമായി മുന്നോട്ടുവന്നു. യുദ്ധസമയത്ത് അദ്ദേഹം സൈന്യത്തിനൊപ്പം ചേരുകയും ചെയ്തു. മറാത്ത ഇന്‍ഫന്‍ട്രി റെജിമെന്റിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമിലാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്. പ്രത്യേകപരിശീലനം ലഭിച്ച സംഘമാണ് ക്വിക്ക് റിയാക്ഷന്‍ ടീം. ഭീകരാക്രമണം മുതല്‍ പ്രകൃതിദുരന്തം വരെയുള്ള അടിയന്തരഘട്ടങ്ങളിലും അവരെ നിയോഗിക്കും. സൈനികര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുത്തും ആസ്പത്രികളില്‍ കഴിയുന്നവരെ ശുശ്രൂഷിച്ചും അദ്ദേഹം അതിര്‍ത്തിയില്‍ കഴിഞ്ഞു. സിനിമാഭിനയത്തിന് ബ്രേക്ക് കൊടുത്താണ് സൈന്യത്തിനൊപ്പം ചേര്‍ന്നത്. 


 

Content Highlights: nana patekar left his career to join indian army