'മമ്മ എന്നുവിളിക്കുന്ന ചിമ്പാന്‍സികള്‍; മൊബൈല്‍ അഡിക്ഷനുള്ള ഗൊറില്ലകൾ

ചിമ്പാന്‍സികള്‍ക്ക് സംസാരിക്കാന്‍ കഴിവുണ്ടെന്ന് പുതിയ പഠനം. ചിമ്പാന്‍സികളുടെ പഴയ കുറേ വീഡിയോകള്‍ വിശകലനം ചെയ്ത ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിയത്. അതില്‍ പല വീഡിയോകളിലും ചിമ്പാന്‍സികള്‍ 'മമ്മ' എന്ന ശബ്ദമുണ്ടാക്കുന്നുവെന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു. ജേര്‍ണല്‍ സയന്റിഫിക്കിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഫ്ളോറിഡയിലെ ജോണി, ഇറ്റലിയിലെ റെനെറ്റ എന്നീ ചിമ്പാന്‍സികളുടെ വീഡിയോയാണ് അവര്‍ പ്രധാനമായും പരിശോധിച്ചത്. 2007-ലെ ഒരു വീഡിയോയില്‍ ജോണിക്ക് ഭക്ഷണം കൊടുക്കുന്ന ഒരു സ്ത്രീയെ 'മമ്മ' എന്ന് വിളിക്കുന്നത് വ്യക്തമായി കേള്‍ക്കാമത്രേ. റെനെറ്റയുടെ ഒരു പഴയ വീഡിയോയിലും ഇത് കേള്‍ക്കാം. 1940-കളില്‍ കെയ്ത്-കാതറീന് ദമ്പതിമാര്‍ ഒരു ചിമ്പാന്സിയെ എടുത്തുവളര്‍ത്തി, അതിനവര്‍ പേരുമിട്ടു, വിക്കി. പപ്പ, മമ്മ, അപ്പ്, കപ്പ് എന്നീ വാക്കുകള്‍ വിക്കിയും പറയുമായിരുന്നു. എന്നാലിത് വളരെ സ്ഫുടമായിരുന്നില്ലെന്നത് മറ്റൊരു കാര്യം. ഇന്ത്യാനപോളിസിലുള്ള റോക്കി എന്ന ഒറാങ്കുട്ടാന് മനുഷ്യരുടെ സംഭാഷണം അനുകരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും മറ്റൊരു പഠനം പറയുന്നു.
കുറച്ചുനാള്‍ മുമ്പ് മൊബൈല്‍ അഡിക്ഷനുള്ള ഒരു ഗൊറില്ലയുടെ കഥയും വൈറലായിരുന്നു. ഷിക്കാഗോയിലെ ലിങ്കണ് പാര്‍ക്ക് മൃഗശാലയിലെ അമാരെ എന്ന 18 വയസ്സുള്ള ഗൊറില്ലയ്ക്കാണ് മൊബൈല്‍ ഫോണ്‍ ലഹരിയായത്. തന്നെ കാണാനെത്തുന്നവരുടെ ഫോണിലെ ചിത്രങ്ങള്‍ നോക്കിനോക്കി അമാരെയ്ക്ക് അത് കൗതുകമായി മാറി. മണിക്കൂറുകള്‍ അത് നോക്കിയിരുന്നാലും ബോറടിക്കില്ല. തന്നെയും ചേര്‍ത്ത് അവരെടുക്കുന്ന സെല്ഫികള്ക്കെല്ലാം അവന് കൗതുകത്തോടെ നിന്നുകൊടുത്തു. മറ്റ് ഗൊറില്ലകള്ക്കൊപ്പമാണ് താമസമെങ്കിലും, പതുക്കെപ്പതുക്കെ അവരോട് കൂട്ടുകൂടാതായി. അവരോടൊപ്പം കളിക്കാതായി. എല്ലാത്തിനോടും അമാരെയ്ക്ക് താത്പര്യം കുറഞ്ഞു.
മൊബൈലിനോടുള്ള അവന്റെ താത്പര്യം കണ്ട് ആളുകള്‍ അവനെ ഫോണ്‍ പിന്നെയും പിന്നെയും കാണിക്കാന്‍ തുടങ്ങി. അതോടെ മൃഗശാലാ അധികൃതര്‍ വടിയെടുത്തു. അവന് മൊബൈല്‍ കാണിക്കരുതെന്ന് അവര്‍ സഞ്ചാരികള്‍ക്ക് കര്‍ശനനിര്‍ദേശം നല്കി. മൃഗശാലയില്‍ അത്തരം ബോര്‍ഡുകളും സ്ഥാപിച്ചു. പതുക്കെ അവന്റെ ശീലം മാറി. കൂട്ടുകാരിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
ടൊറന്റോ മൃഗശാലയിലെ 13 വയസ്സുള്ള നസിര്‍ എന്ന ഗൊറില്ലയും മൊബൈല്‍ അഡിക്ടായിരുന്നു. ഫോണില്‍ എത്രനേരം വേണമെങ്കിലും നസിര്‍ നോക്കിയിരിക്കാന്‍ തുടങ്ങി. മൃഗങ്ങളുടെ വീഡിയോ കാണാനായിരുന്നു അവന് കൂടുതല്‍ താത്പര്യം. അതോടെ മറ്റ് ഗൊറില്ലകളുമായുള്ള അടുപ്പവും കുറഞ്ഞു. ഇതേത്തുടർന്ന് മൃഗശാല അധികൃതര്‍ മൊബൈല്‍ കാണിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ബോര്‍ഡുകള്‍ തൂക്കി.
ഷാങ്ഹായ് മൃഗശാലയിലെ ചിമ്പാന്‍സികളും ആളുകളെ ആകര്‍ഷിച്ചിരുന്നു. ചിമ്പാന്‍സികളുടെ ശ്രദ്ധ ആകര്‍ഷിക്കാനായി അവിടെയെത്തുന്നവര്‍ മൊബൈലിലെ ഷോര്‍ട്ട് വീഡിയോ അവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ തുടങ്ങി. ചിമ്പാന്‍സികള്‍ വായ തുറന്ന് മൊബൈലില്‍ സൂക്ഷിച്ചുനോക്കുന്നതും നിലത്തുകിടന്ന് ചിരിക്കുന്നതും ആളുകള്‍ക്ക് കൗതുകമായി. എന്നാല്‍, വളരെ കുറച്ചുസമയമേ ഈ ചിമ്പാന്‍സികള്‍ മൊബൈലില്‍ നോക്കുന്നുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ അവരെ അതില്‍നിന്ന് മാറ്റിനിര്‍ത്താന്‍ നോക്കുന്നില്ലെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. എന്നാല്‍, ചിമ്പാന്‍സികളെ ഇട്ടിരിക്കുന്ന ഗ്ലാസ് ഡോറില്‍ തട്ടുകയോ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്നും അവര്‍ സഞ്ചാരികളോട് അഭ്യര്‍ഥിക്കുന്നു. മൃഗങ്ങളുടെ സ്വാഭാവികജീവിതത്തിന് തടസ്സമാകുമെന്നതിനാലാണിത്.
Content Highlights: mobile addiction in gorilla and chimpanzees calling mama