വൈറ്റ് ഹൗസിലെ ക്രിസ്മസ് ഡിന്നറിന് മല്ലികാ ഷെരാവത്തും, 'അവിശ്വസനീയം'

മല്ലികാ ഷെരാവത്ത് | Instagram
മല്ലികാ ഷെരാവത്ത് | Instagram

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലൊരുക്കിയ ക്രിസ്മസ് ഡിന്നറിൽ പങ്കെടുത്ത് ബോളിവുഡ് നടി മല്ലികാ ഷെരാവത്ത്. ആഘോഷവേളയിലേക്ക് ക്ഷണം കിട്ടിയത് അവിശ്വസനീയമാണെന്നാണ് അവർ ഇൻസ്റ്റാഗ്രാമിലെഴുതിയത്. 'വൈറ്റ് ഹൗസ് ക്രിസ്മസ് ഡിന്നറിലേക്ക് ക്ഷണം ലഭിക്കുന്നത് തികച്ചും അവിശ്വസനീയമായി തോന്നുന്നു - നന്ദിയുണ്ട്'-അവർ കുറിച്ചു. ഒപ്പം, ക്ഷണക്കത്തിന്റെ ചിത്രങ്ങളും ചടങ്ങിൽ ട്രംപ് സംസാരിക്കുന്നതിന്റെ വീഡിയോകളും വൈറ്റ് ഹൗസിൽ നിന്നെടുത്ത ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തു.

അതേസമയം, അവരുടെ പോസ്റ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചു. മല്ലികയെ പലരും അഭിനന്ദിച്ചെങ്കിലും, വൈറ്റ് ഹൗസ് ക്രിസ്മസ് ഡിന്നറിലേക്ക് എങ്ങനെയാണ് അവർക്ക് ക്ഷണം ലഭിച്ചത് എന്നറിയാനായിരുന്നു അവരുടെ ആകാംഷ. 'അഭിനന്ദനങ്ങൾ! എങ്ങനെയാണ് ക്ഷണം ലഭിച്ചത്? എനിക്ക് ജിജ്ഞാസയുണ്ട്', 'ട്രംപ് ശൈലിയിലുള്ള ക്രിസ്മസ്'- എന്നിങ്ങനെ നീളുന്നു കമന്റുകൾ.

പിങ്ക് ഓംബ്രെ സ്ലിപ്പ് ഡ്രസ്സും തോളിൽ മൃദലമായ ഒരു വെള്ള ഫർ ജാക്കറ്റുമായിരുന്നു മല്ലികയുടെ വേഷം. 'ഹൃദയമെവിടെയാണോ അവിടെയാണ് വീട്' എന്നതായിരുന്നു ഇക്കൊല്ലത്തെ വൈറ്റ് ഹൗസ് ക്രിസ്മസ് ഡിന്നറിന്റെ തീം. 75 പുഷ്പചക്രങ്ങൾ, 51 ക്രിസ്മസ് ട്രീകൾ, 700 അടിയിൽ കൂടുതലുള്ള ഗാർലൻഡുകൾ, 2,000-ത്തിലധികം ലൈറ്റ് സ്ട്രിങ്ങുകൾ, 25,000 അടി റിബൺ, 2,800 സ്വർണ്ണ നക്ഷത്രങ്ങൾ, 10,000 ചിത്രശലഭങ്ങൾ, 120 പൗണ്ട് ജിഞ്ചർബ്രെഡ് എന്നിവ കൂടി ഉൾപ്പെടുന്നതായിരുന്നു ആഘോഷങ്ങൾ. അലങ്കാരത്തിന്റെ ഓരോ വിശദാംശവും യുഎസ് പ്രഥമവനിത മെലാനിയ ട്രംപ് വ്യക്തിപരമായി തിരഞ്ഞെടുത്തതാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. 

2009-ലാണ് മല്ലിക അമേരിക്കയിലേക്ക് താമസം മാറ്റിയത്. പ്രസിഡന്റായിരിക്കെ ബരാക് ഒബാമയെ രണ്ടുതവണ കണ്ടിട്ടുണ്ട്, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനായി ഹൃദയസ്പർശിയായ ഒരു കുറിപ്പുപോലും അവരെഴുതിയിരുന്നു.

ഇമ്രാൻ ഹാഷ്മിയും അശ്മിത് പട്ടേലും പ്രധാനവേഷത്തിലെത്തിയ അനുരാഗ് ബസുവിന്റെ മർഡർ (2004) എന്ന ചിത്രത്തിലൂടെയാണ് മല്ലിക പ്രശസ്തയായത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Mallika Sherawat attended the White House Christmas Dinner hosted by Donald Trump, sharing `surreal` moments and sparking curiosity. See her stunning look and Trump`s speech.