‘അർജുൻ കപൂറുമായി പിരിഞ്ഞത് വേദനിപ്പിച്ചു; 52-ാം വയസ്സിലും ഐറ്റംഡാൻസ് ചെയ്യുന്നത് ശാക്തീകരണം'

ബോളിവുഡിൽ ഏറ്റവും കൂടുതൽ ഹിറ്റായിട്ടുള്ള ഐറ്റംഡാൻസുകൾ ചെയ്ത താരമാണ് മലൈക അറോറ. 2025-ൽ അവർ പ്രശസ്തമായ രണ്ട് ഐറ്റംഡാൻസുകൾ ചെയ്തിരുന്നു. യോ യോ സിങ്ങിന്റെ 'ചിൽഗം', 'തമ്മ' എന്ന സിനിമയിലെ 'പോയിസൺ ബേബി' എന്നിവയിലാണ് മലൈക നൃത്തം ചെയ്തത്. ഇതിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുമുണ്ട് താരം. എന്നാൽ തന്റെ ജീവിതത്തിലെ അത്തരം തിരഞ്ഞെടുപ്പുകളിൽ ഒരു തരത്തിലും താൻ ഖേദിക്കുന്നില്ലെന്ന് മലൈക വ്യക്തമാക്കുന്നു.
''എന്തുകൊണ്ട് ഞാൻ അതൊന്നും ചെയ്യാൻ പാടില്ല. ഞാനെന്തിനാണ് അതിന്റെ തീവ്രത കുറയ്‌ക്കേണ്ടത് അല്ലെങ്കിൽ ഖേദം പ്രകടിപ്പിക്കേണ്ടത്? നിങ്ങൾ പല കാര്യങ്ങൾക്കും ട്രോൾ ചെയ്യപ്പെടുന്നു. പലരും പല കാര്യങ്ങളും വ്യത്യസ്തമായി പറയുന്നു. പക്ഷേ ഇതിലെന്താണ് ഇത്ര ചർച്ച ചെയ്യപ്പെടാൻ എന്നെനിക്ക് മനസ്സിലാകുന്നില്ല. നൃത്തം ഒരു പ്രകടനമാണ്. അതിന്റെ യഥാർഥരൂപത്തിലും ഭാവത്തിലും അത് ആസ്വദിക്കപ്പെടുന്നു. 52-ാം വയസ്സിലും ഇതൊക്കെ ചെയ്യാൻ കഴിയുന്നതിൽ ഞാൻ ഭാഗ്യവതിയാണെന്ന് കരുതുന്നു''. 'ദ നമ്രത സക്കറിയ ഷോ'യിലാണ് മലൈക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഐറ്റംഡാൻസുകൾ എങ്ങനെ സ്വാധീനിച്ചുവെന്ന ചോദ്യത്തിന് അവർ നൽകിയ മറുപടിയിങ്ങനെ, ''ഇത് ശരിക്കും ശാക്തീകരമാണ്. അതെന്നെ അദ്ഭുതപ്പെടുത്തുന്നു. ഞാൻ മുമ്പ് പറഞ്ഞതുപോലെ, സ്ത്രീകൾ ഇതൊരു ഉദാഹരണമായി എടുക്കുകയോ അല്ലെങ്കിൽ അതവരെ ശാക്തീകരിക്കുന്ന ഒന്നായി കാണുകയോ അല്ലെങ്കിൽ അവർക്ക് സന്തോഷം നൽകുന്ന ഒന്നായി കാണുകയോ ചെയ്താൽ, ഞാനെന്റെ ജോലി നന്നായി ചെയ്തുവെന്ന് ഞാനുറപ്പിക്കും''.
ടോക് ഷോയിൽ അർജുൻ കപൂറുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും മലൈക തുറന്നുസംസാരിച്ചു. അർജുൻ തന്റെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായി തുടരുമെന്ന് അവർ ഉറപ്പിച്ചുപറഞ്ഞു. ബന്ധം തകർന്നപ്പോൾ കോപവും വേദനയും തോന്നിയെന്നും അവർ പറയുന്നു. ''കോപവും വേദനയും ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിലോ സമയത്തോ ഉണ്ടാവുമെന്ന് ഞാൻ കരുതുന്നു. എല്ലാവർക്കും അങ്ങനെയുണ്ടാവാം. നമ്മൾ മനുഷ്യരാണ്, നമ്മളെല്ലാം കോപത്തിന്റെയും അസ്വസ്ഥതയുടെയും നിരാശയുടെയും ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അത് മനുഷ്യസ്വഭാവം മാത്രമാണ്. എന്നാൽ നിങ്ങൾ മുന്നോട്ട് പോകുമ്പോൾ, കാലവും സമയവും എല്ലാം സുഖപ്പെടുത്തുന്നു''.
മറ്റൊരു വ്യക്തിയുമായി തന്നെ ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങളോടും അവർ പ്രതികരിച്ചു. ''നിങ്ങളെ ആരുടെയെങ്കിലും കൂടെ കണ്ടാൽ, ആളുകൾ അതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങും. അത് വലിയ ചർച്ചയാവും. അത്തരം കാര്യങ്ങളിൽ കൂടുതൽ സംസാരിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. ഞാൻ പുറത്തുകടക്കുമ്പോഴെല്ലാം, ദീർഘകാലസുഹൃത്ത്, കല്യാണം കഴിഞ്ഞ സുഹൃത്ത്, പഴയ സുഹൃത്ത്, മാനേജർ, കൂടെയുള്ളത് അങ്ങനെ ആരുമാകട്ടെ- ഉടനടി ആ വ്യക്തിയുമായി എന്നെ ബന്ധപ്പെടുത്തി സംസാരിക്കാൻ തുടങ്ങും''. കുറച്ചുമാസങ്ങൾ മുമ്പ് എൻറിക് ഇഗ്ലേഷ്യസിന്റെ മുംബൈയിലെ ഷോയ്ക്കിടെയാണ് മലൈകയ്ക്കൊപ്പം ഒരു അപരിചിതനായ മനുഷ്യനെ ആദ്യമായി കാണുന്നത്. പരിപാടിയിലുടനീളം മലൈകയും അയാളും ഒരുമിച്ചായിരുന്നു. അതോടെ ആ വ്യക്തിയുമായി മലൈക പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായി. ദിവസങ്ങൾക്കുശേഷം മുംബൈ വിമാനത്താവളത്തിൽവെച്ചും ഇരുവരെയും ഒരുമിച്ചുകണ്ടു. ഇത് ഗോസിപ്പുകൾക്ക് ഊർജം പകരുകയും ചെയ്തു.
ഛയ്യ ഛയ്യ, മുന്നി ബദ്നാം ഹുയി, ഗുർ നാൽ, അനാർക്കലി ഡിസ്‌കോ ചലി, ആപ് ജൈസാ കോയി, ഏക് നമ്പർ, മാഹി വേ...തുടങ്ങി ഐക്കോണിക് ആയിട്ടുള്ള പല ഐറ്റംസോങ്ങുകൾക്കുവേണ്ടിയും നൃത്തം ചെയ്തിട്ടുണ്ട് മലൈക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Malaika Arora discusses the empowerment of item dances and the pain of her split with Arjun Kapoor. She addresses rumours