ലക്ഷത്തിലധികം അക്ഷരങ്ങളുള്ള വാക്ക്; ഉച്ചരിക്കാൻ മൂന്നുമണിക്കൂറിലധികം വേണം

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

ഒരു വാക്കിൽ എത്ര അക്ഷരങ്ങളുണ്ടാവും? അഞ്ചോ പത്തോ പതിനഞ്ചോ? സാധാരണ അക്ഷരങ്ങൾ അങ്ങനെയൊക്കെയായിരിക്കും. എന്നാൽ അസാധാരണമായൊരു വാക്കിന്റെ കാര്യമാണിവിടെ പറയുന്നത്. ഒരു ലക്ഷത്തിലധികം അക്ഷരങ്ങളുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ വാക്ക്. സാധാരണ ഭാഷയിലെ ഒരു വാക്കല്ലാത്തതുകൊണ്ടുതന്നെ അധികമാളുകളും ഇതിനെപ്പറ്റി കേട്ടിരിക്കാനിടയില്ല. മനുഷ്യശരീരത്തിലെ ടിറ്റിൻ (Titin) എന്ന പ്രോട്ടീന്റെ പൂർണ്ണ രാസനാമമാണിത്. methionylthreonylthreonyl-ഇങ്ങനെയാണ് ഈ വാക്കിന്റെ തുടക്കം. എഴുതിത്തീരുമ്പോഴേക്കും മൊത്തത്തിൽ 1,89,000 അക്ഷരങ്ങളുണ്ടാവും.

എന്തുകൊണ്ടാണ് ഈ പേര് ഇത്രയും വലുതായതെന്നല്ലേ? അതിനും ഉത്തരമുണ്ട്. ടിറ്റിൻ ഒരു സാധാരണ പ്രോട്ടീനല്ല. ഏകദേശം 34,000-ത്തിലധികം അമിനോ ആസിഡുകൾ ചേർന്നാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പ്രോട്ടീന്റെ പൂർണ്ണ രാസനാമം അതിലുള്ള ഓരോ അമിനോ ആസിഡിന്റെയും ക്രമം അനുസരിച്ചാണ് രൂപപ്പെടുത്തുന്നത്. അതിനാലാണ് ടിറ്റിന്റെ സമ്പൂർണ്ണ രാസനാമത്തിന് ഏകദേശം 1,89,000 അക്ഷരങ്ങൾ വരുന്നത്. ഇത് തുടർച്ചയായി വായിക്കാൻ മൂന്ന് മുതൽ നാല് മണിക്കൂർ വരെ സമയം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം, ഇത് നിഘണ്ടുവിലെ ഏറ്റവും വലിയ വാക്കാണെന്ന് തെറ്റിദ്ധരിക്കരുത്. ടിറ്റിന്റെ രാസനാമം സാധാരണ നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ഇംഗ്ലീഷ് വാക്കല്ല, അതൊരു രാസനാമം (Systematic Chemical Name) മാത്രമാണ്. "ലോകത്തിലെ ഏറ്റവും നീളം കൂടിയ വാക്ക്" എന്ന് പറയുമ്പോൾ പല ഭാഷാശാസ്ത്രജ്ഞരും ഇതിനെ ഔദ്യോഗിക ഇംഗ്ലീഷ് പദമായി കണക്കാക്കാറില്ല.

അതേസമയം, ശാസ്ത്രജ്ഞർ ഈ പേര് ഉപയോഗിക്കാറുമില്ല. ഡോക്ടർമാരും ഗവേഷകരും ഉൾപ്പെടെയുള്ളവർ Titin എന്ന ചെറിയ പേരാണ് വിളിക്കുന്നത്.

ടിറ്റിൻ എന്താണ്?

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പ്രോട്ടീനാണിത്. ഇത് പ്രധാനമായും പേശികളിലാണ് കാണപ്പെടുന്നത്. പേശികൾക്ക് ഇലാസ്തികതയും ശക്തിയും നൽകുന്നതിൽ ടിറ്റിൻ നിർണായക പങ്ക് വഹിക്കുന്നു. ഹൃദയപേശികൾ ഉൾപ്പെടെ ശരീരത്തിലെ എല്ലാ Striated Muscles-ലും ഈ പ്രോട്ടീൻ കാണപ്പെടുന്നുണ്ട്. പേശികൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുമ്പോൾ അവയുടെ ഘടന സ്ഥിരമായി നിലനിർത്താൻ ടിറ്റിൻ സഹായിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: longest word in the world, Titin protein chemical name, word with 189000 letters, longest scientific name