മലയാളിയുടെ വിഷു പ്ലേലിസ്റ്റുകളില്‍ ഇടംപിടിക്കുന്ന ആൽബം ഗാനങ്ങൾ

വിഷുപ്പാട്ടുകള്‍ക്ക് ചില മാന്ത്രികവിദ്യകള്‍ വശമുണ്ട്, അവ ഓര്‍മ്മകളുടെ വിഷുപ്പുലരിയിലേക്ക് കൈപിടിക്കും. ഗ്രാമം, കണിക്കൊന്നപ്പൂക്കള്‍ കൊഴിഞ്ഞുവീണ വഴിയോരങ്ങള്‍, ആവിപാറുന്ന ഉണ്ണിയപ്പത്തിന്റെ നറുമണം, പടക്കത്തിന്റെ ഒച്ചകള്‍, കൃഷിവിഭവങ്ങള്‍ നിറച്ച വിഷുക്കണിത്താലങ്ങള്‍, കൈനീട്ടമായി കിട്ടുന്ന ചില്ലറത്തുട്ടുകള്‍, കൃഷ്ണവേഷംകെട്ടി വീടുകള്‍തോറും കയറി കണികാണിക്കുന്ന ചങ്ങാതിക്കൂട്ടങ്ങള്‍... കാലമെത്ര മാറിയാലും, നാം തമ്മിലെത്ര അകന്നാലും വിഷുപ്പാട്ടുകള്‍ മലയാളിയെ ഒരുവട്ടംകൂടി ആ ഓര്‍മ്മകള്‍ മേയുന്ന വിഷുക്കാലത്തേക്ക് തിരിച്ചുപോകാന്‍ കൊതിപ്പിക്കും. കേട്ട മാത്രയില്‍തന്നെ ദിവ്യാനുഭൂതിയില്‍ ആണ്ടുപോകുന്ന, പഴമയും ഗ്രാമീണ സൗന്ദര്യവും ശ്രീകൃഷ്ണഭക്തിയും അലയടിക്കുന്ന വിഷുപ്പാട്ടുകള്‍ മലയാളികളുടെ വിഷു പ്ലേലിസ്റ്റുകളില്‍ എന്നെന്നും ഇടംപിടിക്കുന്നവയാണ്.
കണികാണും നേരം...(ഓമനക്കുട്ടന്‍), ചെത്തി മന്ദാരം തുളസി...(അടിമകള്‍), വിഷുക്കിളി കണിപൂകൊണ്ടുവാ...(ഇവന്‍ മേഘരൂപന്‍), മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...(ദേവാസുരം), ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ...(ആനച്ചന്തം), മഴമുകിലൊളിവര്‍ണന്‍ ഗോപാല കൃഷ്ണന്‍...(ആഭിജാത്യം), മൗലിയില്‍ മയില്‍പീലി ചാര്‍ത്തി...(നന്ദനം), കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ...(അമ്മയെ കാണാന്‍)... തുടങ്ങി വിഷുവും കൃഷ്ണഭക്തിയും നിറഞ്ഞുതുളുമ്പുന്ന സിനിമാ ഗാനങ്ങള്‍ ധാരാളമുണ്ട്. വിഷുപ്പാട്ടുകളെന്നാല്‍ ശ്രീകൃഷ്ണ ഭക്തിഗാനങ്ങള്‍കൂടിയാണ്. കോലക്കുഴലൂതിക്കൊണ്ട് അനുഗ്രഹം ചൊരിയുന്ന മായക്കണ്ണനെ വര്‍ണിക്കുന്ന ആല്‍ബങ്ങളുമുണ്ട് ഒരുപാട്. പ്രേക്ഷകര്‍ക്ക് എന്നെന്നും പ്രിയപ്പെട്ട ചില ആല്‍ബങ്ങള്‍ ഇതാ...
"ഒരുനേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം...
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍
മുരളി പൊഴിക്കുന്ന ഗാനാലാപം...
മുരളി പൊഴിക്കുന്ന ഗാനാലാപം..."
ഗുരുവായൂരപ്പനെ സ്തുതിക്കുന്ന ഈ ഗാനം, ജീവിതത്തില്‍ ഒരിക്കലെങ്കിലും മൂളാത്ത കൃഷ്ണഭക്തര്‍ വിരളമാണ്. തുളസീതീര്‍ഥം എന്ന ആല്‍ബത്തിലെ കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര എന്നിവരുടെ മാന്ത്രിക ശബ്ദത്തില്‍ അമൃതായി പൊഴിയുന്ന ഈ ഗാനം ഒട്ടുമിക്ക കൃഷ്ണ ഭക്തരുടെയും ഇഷ്ടഭക്തിഗാനമായിരിക്കും. 1986-ല്‍ പുറത്തിറങ്ങിയ ഈ ആല്‍ബത്തിന്റെ ഗാനരചന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയും ഈണം നല്‍കിയത് ടി.എസ്. രാധാകൃഷ്ണനുമാണ്.
"എന്നുണ്ണിക്കണ്ണാ, പൊന്നുണ്ണിക്കണ്ണാ,
നീയെന്തേ വന്നില്ലാ...
നീയിങ്ങുവന്നാല്‍, പൊന്നുമ്മ തന്നാല്‍
വെണ്ണക്കുടം നല്‍കാം...
അമ്പാടിക്കണ്ണാ നീയാട്
പൂമയില്‍പീലി തന്‍ചേലാട്
ഒരു വെള്ളിത്താലം നിറയെ പൂവും
എന്നുണ്ണിക്കണ്ണനല്ലേ"
2009 ല്‍ പുറത്തിറങ്ങിയ ശ്രീനന്ദനം എന്ന ആല്‍ബത്തിലെ അമ്പാടിക്കണ്ണാ നീയാട്... എന്ന ഗാനം ഓരോ ഭക്തരുടെയും ഉള്ളില്‍ ഉണ്ണിക്കണ്ണന്റെ രൂപത്തിലുള്ള ശ്രീകൃഷ്ണനോടുള്ള വാത്സല്യവും ഭക്തിയും നിറയ്ക്കുന്നതാണ്. ശ്വേതാ മോഹന്റെ സ്വരമാധുരിയില്‍ പൊഴിയുന്ന ഈ ഗാനം ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷകര്‍ അത്രമേല്‍ പ്രിയപ്പെട്ടതായി. അര്‍ഷാദ് കെ. റഹീമിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ജയാനന്തന്‍ ചേതനയാണ്.
"തുളസിക്കതിര്‍ നുള്ളിയെടുത്ത്, കണ്ണന്നൊരു മാലയ്ക്കായ്...
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍..."
ചിത്ര അരുണ്‍ പാടി, ശിവകുമാര്‍ അമൃതകല രചനയും സംഗീതവും നിര്‍വഹിച്ചത് ഈ കൃഷ്ണ ഭക്തിഗാനം എക്കാലത്തെയും ഹിറ്റാണ്.
"കണ്ടു ഞാന്‍ കണ്ണനെ.. കായാമ്പൂ വര്‍ണനെ ഗുരുവായൂരമ്പല നടയില്‍...
രാജീവിലോചനന്‍ എന്റെ കണ്ണന്‍... അമ്പാടിപ്പൂനിലാവ് എന്റെ കണ്ണന്‍
മണിമുരളിയയൂതിയെന്റെ മുന്നില്‍ വന്നുനീ...പുല്‍കി നിന്നുനീ..."
തേന്‍പോലെ മധുരിക്കും വരികളും കാതില്‍ കുളിര്‍മഴയായ് പെയ്തിറങ്ങുന്ന സ്വരമാധുരിയും നിറയുന്ന ഈ ഗാനം ആലപിച്ചത് കെ.എസ്. ചിത്രയും എം.ജി. ശ്രീകുമാറും ചേര്‍ന്നാണ്.
"കാത്തിരുന്നു കാത്തിരുന്നു കണ്ണുകഴച്ചു കണ്ണന്‍
കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലുചമച്ചു
പാട്ടുകൊണ്ടു പേരെടുത്തു സഖിയെ വിളിച്ചു
അവള്‍ കേട്ട പാതി കാല്‍ തളിരിന് ചിറകുമുളച്ചു..."
മുകുന്ദമാല എന്ന ആല്‍ബത്തിലെ ഹൃദ്യമായ ഈ ഗാനം ആലപിച്ചത് പി. ജയചന്ദ്രനാണ്.
"ഗോകുല ബാലകനെ ഗോപാരി പാലകനെ
ഗുരുവായൂരമ്പല ശ്രീലകംവാഴുന്ന ഗോപാലപാലകനെ..."
അമ്പിളി കണ്ണന്‍ എന്ന ആല്‍ബത്തിലെ ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഈ ഗാനം ആലപിച്ചത് കെ.ജി. വിഷ്ണുവാണ്. സിജു തുരവൂര്‍ രചനയും ശ്രീഹരി സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.
"കണ്ണനുണ്ണിയേ കൈവണങ്ങവേ
വെണ്ണപോലെ ഞാന്‍ ഉരുകിയോ ഹരേ...
സ്വര്‍ണമുരളിതന്‍ മൂളല്‍ കേള്‍ക്കെയെന്‍
കാതിലും കരളിലും കവിത പെയ്തുവോ..."
ശ്രീനന്ദനം എന്ന ആല്‍ബത്തില്‍ ആശ ജി. മേനോന്‍ ആലപിച്ച ഈ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചത് ഗിരീഷ് പുത്തഞ്ചേരിയാണ്.
"എന്തുപറയും ഞാന്‍, എന്തുപറയും ഞാന്‍
എന്റെ ഭഗവാനോട് എന്തുപറയും ഞാന്‍
ഒന്നും പറയാതേ ഒക്കെയറിഞ്ഞോളും
നിന്‍ പരിതാപങ്ങള്‍ ഒക്കെയും തീര്‍ന്നോളും"
മായാമാധവം എന്ന ആല്‍ബത്തിലെ ഈ ഗാനം ആലപിച്ചത് ഭാമയാണ്.
"ഗുരുവായൂരപ്പാ നിന്‍ തിരുമുറ്റത്തൊരുമണ്ണിന്‍
തരിയായ് പുലരുവാന്‍ കഴിയുമെങ്കില്‍...
ഉരുകുന്ന വെയിലേറ്റ് തളരുമെന്‍ ഉടലില്‍ നിന്‍
കഴല്‍തൊട്ടാല്‍ സുകൃതമെന്‍ ഏഴുജന്മം..."
എന്റെ കണ്ണന്‍ എന്ന ആല്‍ബത്തിലെ ഈ ഗാനം ആലപിച്ചത് പി. ജയചന്ദ്രനാണ്.
"അറിയുമോ കൃഷ്ണാ... എന്നെ അറിയുമോ കൃഷ്ണാ...
അറിയുമോ കൃഷ്ണാ... എന്നെ അറിയുമോ കൃഷ്ണാ...
ആഴക്കല്‍ വെണ്ണയായ് നിന്‍ ആത്മാവില്‍ ഉരുകി വീഴും
പ്രണയനായിക മദനഗോപിക രാധയല്ലോ ഞാന്‍"
മീരാ പ്രഭു എന്ന ആല്‍ബത്തില്‍ ആശാ മേനോന്‍ ആലപിച്ച ഈ കൃഷ്ണ ഭക്തിഗാനത്തിന്റെ മനോഹരമായ വരികള്‍ പകര്‍ന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്.
"ചിരിതൂകി കളിയാടി വാ വാ കണ്ണാ
എന്‍ ഗുരുവായൂരമ്പാടി കണ്ണാ വാ വാ"
ചിരിതൂകി കളിയാടി വാ വാ കണ്ണാ എന്ന ആല്‍ബത്തിലെ ഈ ഗാനത്തിന് ചുവടുവെക്കാത്ത കുട്ടികള്‍ വിരളമായിരിക്കും. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ വരികള്‍ക്ക് തേജ മെര്‍വിന്‍ ഈണം പകര്‍ന്ന ഈ മനോഹരമായ ഗാനം പാടിയത് ബേബി ഐശ്വര്യയാണ്.
Content Highlights: list of vishu related album songs