'ബീഫ് മാത്രം പോരാ, രണ്ട് മൊരിഞ്ഞ പൊറോട്ടയും വേണം'; 'കേരള സ്‌റ്റോറി' രണ്ടാംഭാഗത്തിന് ട്രോൾ

'കേരള സ്‌റ്റോറി 2'-ന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഇതിനെ തുടർന്ന് സെൻസർ ബോർഡിനും നിർമാതാക്കൾക്കും ഹൈക്കോടതി നോട്ടീസയച്ചു.
ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനുമെതിരെ ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരന്റെ ഹർജിയിൽ പറയുന്നു. തീവ്രവാദം, നിർബന്ധിതപരിവർത്തനം തുടങ്ങിയ വിഷയങ്ങളെ സിനിമയിലൂടെ കേരളവുമായി മാത്രം ബന്ധപ്പെടുത്തുകയാണെന്നും ഹർജിക്കാരൻ വാദിക്കുന്നു.
2023-ൽ റിലീസായ 'ദ കേരള സ്റ്റോറി'യുടെ സീക്വലാണ് 'ദ കേരള സ്‌റ്റോറി 2: ഗോസ് ബിയോണ്ട്'. സിനിമ ഫെബ്രുവരി 27-നാണ് റിലീസ് ചെയ്യുന്നത്. അതിനിടെ കഴിഞ്ഞ ദിവസമാണ് സിനിമയുടെ ടീസർ പുറത്തിറങ്ങിയത്. ഒരു ഹിന്ദു പെൺകുട്ടിയെ ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗമുൾപ്പെടെയുണ്ട് ടീസറിൽ. 'ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണ്' എന്നാണ് ഈ രംഗത്തിൽ ആ കഥാപാത്രം പറയുന്നത്.
ടീസർ പുറത്തുവന്നതോടെ ട്രോളുകളും പരിഹാസങ്ങളുമായി ആളുകൾ രംഗത്തെത്തി. കേരളത്തിൽ വരാതെ, കേരളത്തെക്കുറിച്ചറിയാതെ, മോശമായി ചിത്രീകരിക്കാനുള്ള ശ്രമമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. അതോടെ ബീഫിനൊപ്പം പൊറോട്ടയും ചർച്ചയായി. 'നല്ല മൊരിഞ്ഞ പൊറോട്ടയും നല്ല ബീഫ് ഫ്രൈയും, ബീഫ് കറിയിൽ ഗ്രേവി കുറഞ്ഞതിന് അടിയുണ്ടാക്കിയ നാടാണ് കേരളം, നമുക്ക് കഴിക്കാൻ തന്നെ തികയുന്നില്ല, അപ്പോഴാ വല്ലവന്റെയും വായിൽ കുത്തിക്കയറ്റാൻ, ബീഫിന്റെ വില ഇനിയും ഉയരും, മലയാളികളുടെ വികാരമാണ് ബീഫ്, അണ്ണാ ഒരു രണ്ട് പൊറോട്ട ഒരു ബീഫ് ഫ്രൈ പോരട്ടെ, എന്നെ ആരെങ്കിലും ഒന്ന് ബീഫ് തീറ്റിക്കാമോ...'വീഡിയോയ്ക്കുതാഴെ കമന്റുകൾ നീളുന്നു.
ദേശീയപുരസ്‌കാരജേതാവ് കൂടിയായ കാമാഖ്യ നാരായൺ സിങ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വിപുൽ ഷായാണ് ചിത്രം നിർമിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kerala Story 2 faces legal challenge & trolls over its trailer. Petition seeks to cancel sensor certificate due to alleged misrepresentation of Kerala.