കുടുംബ ബജറ്റില്‍ വലിയ മാറ്റമുണ്ടാക്കാം ഈ മൂന്ന് വഴികളിലൂടെ

ബജറ്റിങ്ങൊക്കെ നമുക്ക് പറഞ്ഞിട്ടുള്ളതല്ല. അതൊക്കെ ആണുങ്ങള്‍ക്ക്, അക്കൗണ്ടന്റുമാര്‍ക്ക്, അല്ലെങ്കില്‍ വലിയതുകയൊക്കെ കൈകാര്യം ചെയ്യാനുള്ളവര്‍ക്ക്. നമ്മള്‍ വെറും സാധാരണക്കാര്‍. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള സ്ത്രീകളുടെ യാത്രയുടെ ആദ്യ പടി ബജറ്റിങ് ആണ് എന്നുപറഞ്ഞപ്പോള്‍ ഒരു വായനക്കാരി പറഞ്ഞതാണിത്. ഇത്തരം മറുപടികള്‍ നിങ്ങളില്‍ പലരും പറഞ്ഞിട്ടുണ്ടാകുമല്ലോ അല്ലേ. സ്ത്രീകള്‍ പൊതുവേ പറയുന്നതാണിത്. പ്രത്യേകിച്ചും വീട്ടമ്മമാര്‍, ജോലിയോ വരുമാനമില്ലാത്തവര്‍. എന്നാല്‍ അവര്‍ മാത്രമല്ല, ജോലിക്കാരും, പ്രൊഫഷണലുകളും ബിസിനസുകാരുമൊക്കെ ആയ സ്ത്രീകള്‍ പോലും ബജറ്റിങ് എന്ന് കേള്‍ക്കുമ്പോഴേ നെറ്റിചുളിക്കും.
ബജറ്റിങ് എന്നാല്‍ ചെലവ് ചുരുക്കലെന്നല്ല അര്‍ത്ഥം. ചെലവിനെ വരുതിയിലാക്കുക, നിയന്ത്രണത്തിലാക്കുക എന്നൊക്കെയാണ്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്രത്തിന് ഏറ്റവും ആദ്യത്തേതും ഏറ്റവും സുപ്രധാനവുമായ ചുവടുവയ്പാണ് അത്.
എന്തിനാണ് സ്ത്രീകള്‍ക്ക് ബജറ്റിങ്. പലരും ചോദിച്ചേക്കാം. മലയാളി വീടുകളില്‍ വീട്ടുചെലവ് കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകള്‍ വളരെ സമര്‍ത്ഥരാണ്. ഒരായിരം രൂപകൊണ്ട് എങ്ങനെ ഒരുമാസത്തെ വീട്ടുചെലവ് നടത്താം, എന്ന് അവര്‍ക്ക് നന്നായി അറിയാം. പരിമിത വരുമാനത്തില്‍ നിന്ന് കുട്ടികളുടെ ഫീസും ആഘോഷത്തിനുള്ള ചെലവും കണ്ടെത്താമെന്നും അവര്‍ക്ക് അറിയാം. ഈ ബുദ്ധി എന്തുകൊണ്ട് സമ്പാദ്യം, നിക്ഷേപം തുടങ്ങിയവയുടെ കാര്യത്തിലും പ്രയോഗിച്ചുകൂട.
ബജറ്റിങ് നടത്തുന്നു എന്നുകരുതി ഒന്നും പിശുക്കുകയൊന്നും വേണ്ട. കുറ്റബോധമില്ലാതെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് പണം ചെലവഴിക്കാനും വലിയ വീട്ടുവീഴ്ചകള്‍ ചെയ്യാതെ പണം സമ്പാദിക്കാനും ബജറ്റിങ് സഹായിക്കും.
വെറും മൂന്നുചുവടുവയ്പുകൊണ്ട് നിങ്ങളുടെ കുടുംബ ബജറ്റില്‍ വലിയ മാറ്റമുണ്ടാക്കാം. ഒരു ഡയറിയും പേനയും 15 മിനിറ്റും മാത്രം മതിയതിന്.
സ്റ്റെപ് 1
നിങ്ങളുടെ മാസവരുമാനം എഴുതുക. ശമ്പളത്തിനുപുറമേ മറ്റ് വരുമാനമുണ്ടെങ്കില്‍ അതും എഴുതാം. വരുമാനമില്ലാത്തയാളാണ് എങ്കില്‍ എങ്കില്‍ വീട്ടുചെലവിനായി ലഭിക്കുന്ന പണം എഴുതാം. അതുമല്ലെങ്കില്‍ പങ്കാളിയുടേതുള്‍പ്പെടെയുള്ള കുടുംബ വരുമാനവും കണക്കാക്കി എഴുതാം.
സ്റ്റെപ് 2
ഇനി പ്രതിമാസ ചെലവ് എഴുതണം. ഇതിനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് എഴുതേണ്ടത്.
1. ഉദാഹരണത്തിന് നിര്‍ബന്ധമായും അടയ്‌ക്കേണ്ട തുക. ഇഎംഐ, വാടക, ബില്ലുകള്‍, ഫീസ്, അത്യാവശ്യ വീട്ടുചെലവുകള്‍
2. സന്തോഷത്തിനും സുഖത്തിനുമായുള്ള ചെലവുകള്‍. ഇടയ്ക്കിടെയുള്ള ഔട്ടിങ്ങ്, ഭക്ഷണം, സിനിമ, മറ്റ് വിനോദം തുടങ്ങിയവ, ഷോപ്പിംഗ്, കോസ്മറ്റിക്‌സ് എന്നിവയും ഇതില്‍ വരും
3. ഭാവിയെ കരുതിയുള്ള നിക്ഷേപ അടവുകള്‍
റിക്കറിംഗ് ഡിപ്പോസിറ്റ്, ചിട്ടി, മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി, എമര്‍ജന്‍സി ഫണ്ടിലേക്കുള്ള അടവ്
സ്റ്റെപ് 3
ചെലവുകള്‍ ട്രാക്ക് ചെയ്യുക. വരവ് കുറവും ചെലവ് കൂടുതലും ആണ് എങ്കില്‍ ഏതൊക്കെ ചെലവുകള്‍ കുറയ്ക്കാം എന്ന് നോക്കുക. മുകളില്‍ സൂചിപ്പിച്ച ഒന്നും മൂന്നും ഇനത്തില്‍ വരുന്നവ കുറയ്ക്കരുത്. പകരം രണ്ടാമത്തെ ഇനത്തില്‍ വരുന്ന ചെലവുകളിലെതോക്കെ കുറയ്ക്കാം എന്നു നോക്കുക. ഓരോന്നും എത്രയെന്ന് പരിശോധിക്കുക. തമ്മില്‍ താരതമ്യം ചെയ്യുക. ഓരോ ദിവസത്തെയും ചെലവുകള്‍ എഴുതി സൂക്ഷിക്കുക. ഇതിനായി കളര്‍ പേനകള്‍ ഉപയോഗിക്കാം. ഫ്രിഡ്ജിലോ മറ്റോ സ്റ്റിക്കിനോട്ടില്‍ ഒട്ടിച്ചുവയ്ക്കാം. അല്ലെങ്കില്‍ ബജറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ ചെലവുകള്‍ മോണിറ്റര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ പാഴ്‌ചെലവുകള്‍ കണ്ടെത്താം. വീട്ടില്‍ എത്ര സിംകാര്‍ഡുകള്‍ ഉണ്ട്. എല്ലാം കൂടി റീചാര്‍ജ് ചെയ്യാന്‍ എത്ര രൂപയാകും. ഒടിടി സബ്‌സ്‌ക്രിപ്ഷന് എത്ര തുകയാകുന്നുണ്ട്. ഇതെല്ലാം കൂടി ചേര്‍ത്ത ഒറ്റ പാക്കേജ് എടുത്താല്‍ എത്രതുക ലാഭിക്കാമെന്ന് നോക്കൂ. ഇങ്ങനെ ഓരോന്നും പരിശോധിക്കണം.
കുടുംബ ബജറ്റ് ഒരു വഴികാട്ടിയും സഹായിയും
നിങ്ങളുടെ സ്വപ്‌നങ്ങള്‍ പ്രതിഫലിക്കുന്ന കണ്ണാടിയാണ് നിങ്ങളുടെ ബജറ്റ്. അത് പരിപൂര്‍ണമൊന്നും ആയിരിക്കില്ല. അത് പക്ഷേ അനുദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കും. എത്ര ചെലവ് ചുരുക്കുന്നു. എത്ര സമ്പാദിക്കുന്നു എന്നതിലൊന്നുമില്ല കാര്യം. എത്രമാത്രം അറിവോടെയാണ് ഓരോ രൂപയും നിങ്ങള്‍ ചെലവഴിക്കുന്നതെന്നും എത്ര ആത്മവിശ്വാസത്തോടെയാണ് ഓരോ രൂപയും സമ്പാദിക്കുന്നതെന്നുമാണ് കാര്യം.
( ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716. ഇ-മെയില്‍: jayakumarkk8@gmail.com)
Content Highlights: Learn how to take control of your finances with these simple budgeting tips. Achieve financial freedom and reach your goals