മരണഭീതിയില്‍ സല്‍മാന്‍ ഖാന്‍, ആരാണ് ലോറന്‍സ് ബിഷ്‌ണോയ്

സല്‍മാന്‍ ഖാന്‍ | AFP
സല്‍മാന്‍ ഖാന്‍ | AFP

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. നേതാവുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകം രാജ്യത്തെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ഉത്തരവദിത്തം ഏറ്റെടുക്കുകയും ചെയ്തു. ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുപിന്നാലെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കുടുംബവും ഭീതിയിലാണ്. സല്‍മാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ബാബാ സിദ്ധീഖി എന്നതും ബിഷ്‌ണോയ് സംഘം നേരത്തേ സല്‍മാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുമെല്ലാം ഭീതിക്ക് ആഴം കൂട്ടുന്നു. സല്‍മാന്‍റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ് പോലീസ് ഇപ്പോള്‍. വീട്ടില്‍ സന്ദര്‍ശകരെയും വിലക്കിയിട്ടുണ്ട്.  

സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന മുംബൈയിലെ ഗ്യാലക്സി അപ്പാര്‍ട്ട്മെന്റിനുനേരെ കഴിഞ്ഞ ഏപ്രില്‍ 14-ന് വെടിവെപ്പുണ്ടായിരുന്നു. അദ്ദേഹത്തിനുനേരെ നടക്കുന്ന തുടര്‍ച്ചയായ വധഭീഷണിയുമായി ചേര്‍ത്തുവായിക്കുമ്പോള്‍ താരത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് സംശയിക്കുകയാണ് ബന്ധപ്പെട്ടവര്‍.

പുലര്‍ച്ചെയായിരുന്നു സല്‍മാന്റെ വീടിനുനേരെ ആക്രമണം. മോട്ടോര്‍ബൈക്കിലെത്തിയ രണ്ടുപേര്‍ വീടിന്റെ ഒന്നാംനിലയിലെ ബാല്‍ക്കണിയിലേക്ക് വെടിയുതിര്‍ത്തു. ലോറന്‍സ് ബിഷ്ണോയിയുടെ സംഘം തന്നെയായിരുന്നു അതിനുപിന്നിലെന്ന് പിന്നീട് വ്യക്തമായി. കഴിഞ്ഞ ഏതാനും മാസങ്ങളിലായി തുടര്‍ച്ചയായി സംഘം സല്‍മാനെ ഭീഷണിപ്പെടുത്തുന്നുണ്ട്. 2024 ജനുവരിയില്‍ രണ്ട് അജ്ഞാതര്‍ വ്യാജപ്പേരില്‍ പന്‍വേലിനടുത്തുള്ള തന്റെ ഫാംഹൗസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് സൽമാൻ വെളിപ്പെടുത്തിയിരുന്നു. പഞ്ചാബി പാട്ടുകാരനായ സിദ്ദു മൂസാവാല 2022-ല്‍ വെടിയേറ്റുമരിച്ചതുമായി ബന്ധപ്പെട്ടും ബിഷ്‌ണോയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. 

ഗുജറാത്തിലെ സബര്‍മതി ജയിലിലാണ് ലോറന്‍സ് ബിഷ്‌ണോയ് ഇപ്പോഴുള്ളത്. ഇവിടെനിന്ന് മാറ്റുന്നത് വിലക്കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാണ് ബാബാ സിദ്ദിഖിയുമായുള്ള ശത്രുതയ്ക്ക് പ്രധാന കാരണമെന്ന് കരുതുന്നു, ഉത്തരവ് 2024 ഓഗസ്റ്റ് വരെയാണ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നതെങ്കിലും പിന്നീട് നീട്ടിയത് പ്രകോപനമുണ്ടാക്കിയെന്നാണ് അനുമാനം. അതേസമയം, ജയിലില്‍ ഇരുന്നുകൊണ്ട് കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ബിഷ്‌ണോയ്.  

ആരാണ് ലോറന്‍സ് ബിഷ്‌ണോയ്
ബിഷ്‌ണോയ് സമുദായാംഗമായ ലോറന്‍സ് ബിഷ്‌ണോയ് പഞ്ചാബിലെ ഫിറോസ്പുരിലാണ് ജനിച്ചത്. 31 വയസ്സുണ്ട്. പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിമേഖല. 2010-ല്‍ 12-ാം തരം പൂര്‍ത്തിയാക്കിയ ബിഷ്ണു കോളേജ് വിദ്യാഭ്യാസത്തിനായി ചണ്ഡീഗഢിലേക്കു പോയി. ഡി.എ.വി. കോളേജില്‍ ചേര്‍ന്ന് വിദ്യാര്‍ഥി രാഷ്ട്രീയത്തിലും ഭാഗമായി. സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പ്രസിഡന്റായി. ഗുണ്ടാനേതാക്കളുമായി പരിചയത്തിലാവുന്നതും കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നതും അക്കാലത്താണ്. ആദ്യകേസ് വധശ്രമമായിരുന്നു. പിടിച്ചുപറി, അതിക്രമിച്ചുകടക്കല്‍ എന്നിങ്ങനെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലിരിക്കെ തന്നെ ഒട്ടറെ കേസുകള്‍. ഗുണ്ടാക്കൊലപാതകങ്ങള്‍ ഒട്ടേറെയെണ്ണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. കൊലക്കുറ്റവും കവര്‍ച്ചയുമടക്കം 20-ലേറെ കേസുകളുണ്ട്. ഇയാളുടെ ഗുണ്ടാസംഘത്തില്‍ 700-ഓളം ഷൂട്ടര്‍മാരുണ്ട്. 

എന്തുകൊണ്ട് സല്‍മാന്‍ ഖാന്‍
പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാണ എന്നിവിടങ്ങളില്‍ നിന്ന് ഗുണ്ടാപ്രവര്‍ത്തനം മുംബൈയിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സംഘത്തിന്റെ ശ്രമമായിട്ടാണ് പോലീസ് ഇതിനെ കരുതുന്നത്. കുപ്രസിദ്ധി നേടുന്നതിന്റെ ഭാഗമായിട്ടാവാം സല്‍മാനെ ലക്ഷ്യമിടുന്നത്. അതേസമയം, കൃഷ്ണമൃഗത്തെ പവിത്രമായി കാണുന്നവരാണ് ബിഷ്ണോയ് സമുദായം. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സൽമാനെതിരേ കേസുവന്നതിനു പിന്നാലെ 2018-ല്‍ അദ്ദേഹത്തെ വധിക്കാന്‍ സമുദായത്തില്‍ നിന്ന് ചിലര്‍ ആഹ്വാനം ചെയ്തിരുന്നു. ജോധ്പുരില്‍ വെച്ച് ഖാന്‍ കൊല്ലപ്പെടുമെന്ന കൊലവിളിയുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
 

Content Highlights: lawrence bishnoi gang threats to salman khan