ഇടവേളകൾ ആഘോഷമാക്കുന്ന കിസ് ക്യാം; വിസിലടിച്ചും കൈയടിച്ചും പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്ന കാണികൾ

ഫോട്ടോ: GettyImages
ഫോട്ടോ: GettyImages

ഒരു കിസ് ക്യാം തീർത്ത അലയൊലികൾ ഇനിയും തീർന്നിട്ടില്ല. അതിലുൾപ്പെട്ട ആൻഡി ബൈറണും ഭാര്യയും വിവാഹമോചിതരാവുന്നുവെന്ന വാർത്തകളും സജീവമാണ്. അതിനിടെ കിസ് ക്യാമിന്റെ പിന്നാലെയാണ് എല്ലാവരും. വിദേശരാജ്യങ്ങളിൽ വളരെ ജനകീയമായ വാക്കാണ് കിസ് ക്യാം. അവിടെ സ്‌പോർട്‌സ് മത്സരങ്ങൾ, മ്യൂസിക് ഷോ തുടങ്ങിയവയ്ക്കിടയിലുള്ള ഒരു വിനോദമായിട്ടാണ് പലപ്പോഴും കിസ് ക്യാം കരുതുന്നത്. ഇടവേളകളിൽ ബോറടിച്ചിരിക്കുന്ന ആളുകൾക്ക് ഒരു വിനോദത്തിനുള്ള അവസരം തുറന്നിടുകയാണ് ചെയ്യുന്നത്.

ഒരു ക്യാമറ ജനക്കൂട്ടത്തിനിടയിൽനിന്ന് പങ്കാളികളെ കണ്ടെത്തുന്നു. എന്നിട്ട് അവരുടെ ചിത്രങ്ങൾ അവിടെയുള്ള ജംബോട്രോൺ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. കുറച്ചു സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ദൃശ്യമായിരിക്കുമത്. ബാക്ക്ഗ്രൗണ്ടിൽ ചിലപ്പോൾ ഒരു പ്രണയഗാനവും മുഴങ്ങുന്നുണ്ടാവും. പങ്കാളികളുടെ ചിത്രങ്ങൾ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുമ്പോൾ, ചുറ്റുമുള്ളവർ അവരെ കൈയടിച്ചും ആർത്തുവിളിച്ചും പ്രോത്സാഹിപ്പിക്കും. ആൾക്കൂട്ടത്തിന്റെ ബഹളത്തിനിടയിൽ തന്നെ ചിലർ ആവേശത്തോടെ ചുംബിക്കും, മറ്റുചിലർ സ്‌ക്രീനിൽ തങ്ങളുടെ ദൃശ്യം കാണുമ്പോൾ തന്നെ ഒളിക്കും. പങ്കാളികൾ ചുംബിക്കുമ്പോൾ കൂടിനിൽക്കുന്നവർ വിസിലടിച്ചും കൈയടിച്ചുമാണ് ആഘോഷമാക്കുന്നത്. ചുംബിച്ചില്ലെങ്കിൽ കൂക്കിവിളിച്ചാണ് അതിനെ അവർ വരവേൽക്കുന്നത്. ഇങ്ങനെയാണ് ഇടയ്ക്കുള്ള ബ്രേക്കുകൾ കാണികൾ ആവേശകരമാക്കുന്നത്.

പങ്കാളികളെ തിരഞ്ഞെടുത്താൽ അനൗൺസർ കാണികളെ ഇതിനെക്കുറിച്ച് അറിയിക്കും. അതോടെ എല്ലാവരുടെയും കണ്ണുകൾ അതിലേക്കാവും. 1980-കളിൽ കാലിഫോർണിയയിലാണ് കിസ് ക്യാം എന്ന പരിപാടി തുടങ്ങിയതെന്ന് പറയപ്പെടുന്നു. അന്ന് പ്രൊഫഷണൽ ബേസ്‌ബോൾ ഗെയിമിനിടയിലെ ബ്രേക്കുകൾ ആസ്വദിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണത് തുടങ്ങിയത്. അതിനൊപ്പം പുതുതായി സ്ഥാപിച്ച വലിയ സ്‌ക്രീനുകളുടെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന ചിന്തയും കിസ് ക്യാമിലേക്കെത്തുകയായിരുന്നു. പങ്കാളികൾ വിസമ്മതിച്ചാൽ പരിപാടിയുടെ സംഘാടകർ തന്നെ ചില ജീവനക്കാരെ 'കിസ് ക്യാമി'ലേക്ക് നിയോഗിക്കാറുമുണ്ട്. കൂടുതൽ രസകരമാക്കാനായി ചിലപ്പോൾ മാസ്‌കോട്ടും (ഭാഗ്യചിഹ്നങ്ങൾ) കിസ് ക്യാമിൽ പങ്കെടുക്കാറുണ്ട്.

കിസ് ക്യാമിൽ ഉൾപ്പെടുന്നവർ പങ്കാളികൾ തന്നെ ആവണമെന്നില്ല. സുഹൃത്തുക്കളോ, ബന്ധുക്കളോ അതുമല്ലെങ്കിൽ അപരിചിതരോ ആവാം. പലപ്പോഴും അങ്ങനെയുള്ള കിസ് ക്യാം മൊമന്റുകളും ഉണ്ടായിട്ടുണ്ട്. ഒരു ബേസ് ബോൾ മത്സരത്തിനിടയിൽ ക്യാമറ, പങ്കാളികളിലേക്ക് തിരിഞ്ഞു. യുവാവിന് ചുംബിക്കാൻ താത്പര്യമില്ലായിരുന്നു, അതുകൊണ്ട് അനങ്ങാതെ ഫോൺ നോക്കിയിരുന്നു. എന്നാൽ, കൂടെയുള്ള കാമുകിക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. തൊട്ടടുത്തുളള അപരിചിതനെ ചുംബിച്ചാണ് അവരത് ആഘോഷമാക്കിയത്.

കിസ് ക്യാം പുതിയ കാലത്ത് വിമർശനങ്ങളും നേരിടുന്നുണ്ട്. താത്പര്യമില്ലാത്തവരുടെ പോലും ദൃശ്യം, സ്‌ക്രീനിലെത്തുന്നതാണ് ഒന്നാമത്തെ വിമർശനം. ഇഷ്ടമില്ലാത്തവർ പോലും ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കണമെന്ന് സംഘാടകർ നേരത്തെ തന്നെ ക്യാമറാ ഓപ്പറേറ്റർമാർക്ക് നിർദേശം നൽകാറുണ്ടത്രേ. താത്പര്യമില്ലാത്തവരെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കാറുണ്ടെന്നും പറയുന്നു.

'കോൾഡ് പ്ലേ'യുടെ സംഗീതപരിപാടിക്കിടെ ആസ്ട്രോണമർ മുൻ സിഇഒ ആൻഡി ബൈറണും കമ്പനി എച്ച്ആർ മാനേജർ ക്രിസ്റ്റിൻ കാബോട്ടും ലൈവ് ക്യാമറയിൽ കുടുങ്ങിയത് വിവാദമായിരുന്നു. വലിയ സ്‌ക്രീനിൽ തങ്ങളുടെ ചിത്രം തെളിഞ്ഞുവന്നപ്പോൾ, അവർ ഒളിക്കുന്ന ദൃശ്യവും വൈറലായിരുന്നു. പരിപാടിക്കിടെ ഗായകൻ ക്രിസ് മാർട്ടിൻ ഇതിനെക്കുറിച്ച് സംസാരിക്കുക കൂടി ചെയ്തതോടെ, സോഷ്യൽ മീഡിയയിലെങ്ങും ഈ ദൃശ്യം ചർച്ചാവിഷയമായി. ഒളിക്കാൻ ശ്രമിക്കുന്നത് കണ്ടതോടെ, 'അവർക്ക് നാണമായിരിക്കാം, അല്ലെങ്കിൽ മറ്റു ബന്ധമായിരിക്കാം' എന്നാണ് ക്രിസ് മാർട്ടിൻ മൈക്കിലൂടെ പറഞ്ഞത്.

അതിനുപിന്നാലെ ആസ്‌ട്രോണമർ സിഇഒ സ്ഥാനം ആൻഡി ബൈറണ് നഷ്ടമായി. സംഭവം പുറത്തുവന്നതോടെ കമ്പനി അദ്ദേഹത്തിന് നിർബന്ധിത അവധി നൽകിയിരുന്നു. അതിനുപിന്നാലെ ബൈറൺ ജോലി രാജിവെച്ചു. 2023-ലാണ് ബൈറൺ ആ സ്ഥാനത്തേക്ക് എത്തുന്നത്. മേഗൻ കെറിഗനാണ് ഭാര്യ. മസാച്യുസെറ്റ്‌സിലെ ബാൻക്രോഫ്റ്റ് സ്‌കൂൾ അസോസിയേറ്റ് ഡയറക്ടർ ആണവർ. രണ്ടുമക്കളുമുണ്ട്. സംഭവം പുറത്തുവന്നതോടെ മേഗൻ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽനിന്ന് ഭർത്താവിന്റെ പേര് നീക്കുകയും ചെയ്തു. അവർ വിവാഹമോചിതരാവുകയാണെന്നും പറയപ്പെടുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: kiss cam moment at a coldplay concert leads to a ceo`s resignation, explore the controversy and the history of kiss cam