വിജയിച്ചാൽ ക്ഷേത്ര പരിസരത്ത് ഇറച്ചിക്കടകൾ നിരോധിക്കും; പ്രചരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഖുശ്ബു

വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ (AIADMK) സഖ്യകക്ഷിയായ, പുതിയ നീതി കച്ചിക്ക് (PNK) വേണ്ടി മധുരയിലെ സ്ഥാനാർത്ഥിയായി രാഷ്ട്രീയപ്രവേശനം നടത്തുകയാണ് സംവിധായകനും നടനുമായ സുന്ദർ സി. അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്രയ്ക്ക് പൂർണ്ണപിന്തുണയുമായി ഭാര്യയും ബിജെപി നേതാവുമായ ഖുശ്ബു രംഗത്തുണ്ട്. സുന്ദർ സി.ക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകളെ സോഷ്യൽ മീഡിയയിലൂടെ അവർ രൂക്ഷമായി വിമർശിച്ചിരുന്നു.
മധുര സെൻട്രൽ മണ്ഡലത്തിൽ താൻ വിജയിച്ചാൽ ഇറച്ചിക്കടകൾ നിരോധിക്കുമെന്ന് സുന്ദർ പറഞ്ഞതായി കഴിഞ്ഞ ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ പ്രചരിച്ചിരുന്നു. മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്നും ഈ പോസ്റ്റുകൾ അവകാശപ്പെട്ടു.
എന്നാൽ ഈ വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി സുന്ദർ തന്നെ ആദ്യം രംഗത്തെത്തി. "മധുര സെൻട്രൽ മണ്ഡലത്തിൽ ജയിച്ചാൽ ഇറച്ചിക്കടകൾ അടപ്പിക്കുമെന്ന് ഞാൻ പറഞ്ഞതായുള്ള വാർത്തകൾ തികച്ചും അസത്യമാണ്. ജനങ്ങളുടെ വികാരങ്ങളെയും അവകാശങ്ങളെയും ഞാൻ മാനിക്കുന്നുണ്ടെന്ന് അവർക്കറിയാം. നേർക്കുനേർ മത്സരിക്കാൻ ധൈര്യമില്ലാത്തവർ കുറുക്കുവഴികൾ തേടുകയാണ്. ഇത്തരം തരംതാഴ്ന്ന പ്രവൃത്തികൾക്ക് നമ്മുടെ ഐക്യത്തിലൂടെയും വിജയത്തിലൂടെയും നമ്മൾ മറുപടി നൽകും," അദ്ദേഹം തമിഴിൽ കുറിച്ചു.
ഭരണകക്ഷിയായ ഡി.എം.കെ (DMK) ആണ് ഇത്തരം വ്യാജപ്രസ്താവനകൾക്ക് പിന്നിലെന്ന് ഖുശ്ബു ആരോപിച്ചു. "നന്മയുള്ള ഒരു മനുഷ്യന്റെ സത്യസന്ധതയെ നേരിടാൻ കഴിയാതെ വരുമ്പോഴാണ് അവർ ഇത്തരം വ്യാജകഥകൾ മെനയുന്നത്. ഡി.എം.കെ ഭയപ്പെടുന്നു എന്നത് ഇതിൽ നിന്ന് വ്യക്തമാണ്. പിന്തുണ നേടാനായി ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് തിരിച്ചടിയാകും. മധുരയിലെ ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി അറിയാം, അവർ സുന്ദർ സി.ക്കൊപ്പം നിൽക്കും," ഖുശ്ബുവും കുറിച്ചു.
2010-ൽ ഡി.എം.കെയിലൂടെയാണ് ഖുശ്ബു രാഷ്ട്രീയജീവിതം ആരംഭിച്ചത്. പിന്നീട് 2014-ൽ കോൺഗ്രസിൽ ചേർന്നു. 2020-ൽ ബിജെപിയിൽ അംഗമായ അവർ, 2025-ൽ തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റായി നിയമിതയായി. ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലൂടെയാണ് സുന്ദർ രാഷ്ട്രീയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
അഭിനയരംഗത്തും ഇരുവരും സജീവമാണ്. ഖുശ്ബു 2025-ൽ 'നേസിപ്പായ' എന്ന തമിഴ് ചിത്രത്തിലും 2026-ൽ 'സുബേദാർ' എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിരുന്നു. സുന്ദർ സംവിധാനം ചെയ്ത 'ഗ്യാങ്ങേഴ്സ്' നിർമ്മിച്ചതും ഖുശ്ബു ആണ്. സുന്ദർ സംവിധാനം ചെയ്ത് അഭിനയിച്ച 'ഗ്യാങ്ങേഴ്സ്', 'വല്ലൻ' എന്നീ ചിത്രങ്ങൾ 2025-ൽ പുറത്തിറങ്ങിയിരുന്നു. 'വൺ ടു വൺ' എന്ന ചിത്രത്തിൽ നടനായും, 'മൂക്കുത്തി അമ്മൻ 2', 'പുരുഷൻ' എന്നീ ചിത്രങ്ങളുടെ സംവിധായകനായും അദ്ദേഹം ഈ വർഷം പ്രേക്ഷകർക്ക് മുന്നിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sundar C enters 2026 Tamil Nadu politics representing PNK., Khushbu Sundar defends her husband against rumors of banning meat shops., The couple attributes the disinformation campaign to DMK., Sundar C emphasizes respect for public sentiment and democratic values., Full support from BJP leadership for the upcoming April 23 election.