അവസാനത്തെ ആനയും കാട്ടിലേക്കുപോയി, അർജന്‌റീനയിൽ ഇനി തടവിൽ ആനകളില്ല

അർജന്റീനയിൽ ഇനി ഒരാനയും അടിമത്തത്തിൽ കഴിയേണ്ടിവരില്ല, ചരിത്രപ്രധാനമായ ചുവടുവെപ്പ് നടത്തി ആനകളെ പൂർണമായും സ്വതന്ത്രരാക്കിയിരിക്കുകയാണ് അർജന്റീന സർക്കാർ. നൂറ്റാണ്ടുകൾക്കു മുമ്പേ ആനകളെ അടിമകളാക്കി വളർത്തിപ്പോന്ന അവയോരോന്നിനെയും ഘട്ടംഘട്ടമായി മോചിപ്പിച്ചു. ഇപ്പോൾ അവസാനത്തെ ആനയേയും കാട്ടിലേക്കയച്ചു.
മെൻഡോസ മൃഗശാലയിൽ നാല് പതിറ്റാണ്ടായി ഏകാന്തവാസം നയിച്ചിരുന്ന ആഫ്രിക്കൻ ആന കെനിയയും കാട്ടിലേക്ക് പോയതോടെ ദൗത്യം പൂർണമായി. ബ്രസീലിലെ ഗ്ലോബൽ എലിഫൻ്റ് സാങ്ച്വറിയിലേക്കാണ് ആറ് ടൺ ഭാരമുള്ള കെനിയയെ മാറ്റിയത്. നലുപതിറ്റാണ്ടിനിടെ കാട്ടുരീതികളും സ്വാഭാവികരീതികളും മറന്നുപോയ കെനിയക്ക് ഇനി സ്വാതന്ത്ര്യം അനുഭവിച്ചുപഠിക്കണം.
വർഷങ്ങൾ നീണ്ട അടിമത്തം കെനിയയെ ശാരീരികവും മാനസികവുമായി തളർത്തിയിട്ടുണ്ട്. കാലിലെ പ്രശ്നങ്ങൾ, പേശികളുടെ ബലക്ഷയം, ഏകാന്തത, ഉത്കണ്ഠ തുടങ്ങിയവ ബാധിച്ചിട്ടുണ്ട്. ബ്രസീലിലെ സങ്കേതത്തിലെ പുനരധിവാസ പ്രക്രിയ പതിയെ ഇതിൽ നിന്നെല്ലാം അവൾക്ക് മോചനം നൽകുമെന്ന് പ്രതീക്ഷിക്കാം. സ്വാഭാവിക ചുറ്റുപാടിലേക്ക് തിരികെവരാനും മറ്റുള്ളവരുമായി ഇടപഴകാനും സഞ്ചരിക്കാനുമെല്ലാം കെനിയ എളുപ്പത്തിൽ ശീലിക്കുമെന്ന് പ്രത്യാശിക്കാം.
കെനിയ ഇപ്പോൾ മറ്റ് ആനകളോടൊപ്പം ജീവിക്കുന്നു, വിശാലമായ സ്ഥലങ്ങളിൽ അലഞ്ഞുനടക്കുന്നു, ചെളിയിലും പുല്ലിലും ഉരുണ്ട് സഹജവിനോദങ്ങൾ ആസ്വദിക്കുന്നു.
2016-ലാണ് അർജന്റീന മൃഗസംരക്ഷണത്തിനുള്ള ഈ യാത്രതുടങ്ങിയത്. മൃഗശാലകൾ പടിപടിയായി അടച്ചുപൂട്ടാനും വിദേശ മൃഗങ്ങളെ സങ്കേതങ്ങളിലേക്കോ രക്ഷാകേന്ദ്രങ്ങളിലേക്കോ മാറ്റാനുമുള്ള നിയമം പാസ്സാക്കിക്കൊണ്ടായിരുന്നു ഇത്. കൃത്രിമ ചുറ്റുപാടുകളിൽ പാർപ്പിച്ചിരിക്കുന്ന ജീവികളുടെ ദുരിതങ്ങൾ അവസാനിപ്പിക്കണമെന്ന സാമൂഹിക ആവശ്യം പരിഗണിച്ചായിരുന്നു സർക്കാരിന്റെ നടപടി.
വനത്തിൽ ഒരാനയ്ക്ക് ദിവസവും കിലോമീറ്ററുകൾ സഞ്ചരിക്കാൻ കഴിയും, എന്നാൽ അടിമത്തത്തിൽ അവ ഏതാനും മീറ്ററുകൾ മാത്രമേ സഞ്ചരിക്കുന്നുള്ളൂ. ഇത് കാലുകൾക്ക് അകാലത്തിൽ തേയ്മാനം, അമിതവണ്ണം, പേശികളുടെ ബലക്ഷയം എന്നിവയ്ക്ക് കാരണമാവുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യുന്നു. പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തേജനങ്ങളുടെ അഭാവം അവയുടെ മാനസികാരോഗ്യത്തെയും നേരിട്ട് ബാധിക്കുന്നു.
അതേസമയം, കാട്ടിലെത്തുംമുമ്പേ ലോകം വിട്ടുപോയ ആനകളെപ്പറ്റിയും അർജന്റീന ഇപ്പോൾ സ്മരിക്കുന്നുണ്ട്. പെലൂസ, മെറി, കുക്കി, ടാമി എന്നീ ആനകൾ സങ്കേതത്തിൽ എത്തുന്നതിനുമുമ്പേ മരിച്ചുപോയവരാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: After 40 years in captivity, Kenya the elephant finds freedom in a Brazilian sanctuary. Argentina celebrates a historic milestone in animal welfare.