പാട്ടെഴുത്തിന്റെ പേരില്‍ ബ്രിട്ടീഷ് ഭീഷണി നേരിട്ട കവി; ഒടുവിൽ ഒളിവിൽ പോകേണ്ടിവന്നു

'ഏ മേരെ വതന്‍ കേ ലോഗോം'...എക്കാലവും ഓര്‍മിക്കപ്പെടുന്ന ദേശഭക്തിഗാനങ്ങളിലൊന്നാണിത്. പാടിയത് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറാണ്. എന്നാല്‍, മനോഹരമായ വരികളെഴുതിയതോ? രാഷ്ട്രകവി എന്നറിയപ്പെടുന്ന കവി പ്രദീപാണ്. സൈനികരോടുള്ള ആദരവാണ് ഈ വരികളെഴുതാന്‍ കവി പ്രദീപിനെ പ്രേരിപ്പിച്ചത്. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍, 4000-ഓളം ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരുടെ ഓര്‍മയ്ക്കായാണ് അദ്ദേഹം ഇതെഴുതിയത്.
ഒരിക്കല്‍ അദ്ദേഹം ബോംബെയിലെ മാഹിം ബീച്ചിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് മനസ്സില്‍ ചില വരികള്‍ തോന്നിയത്. ഉടനെ കൂടെയുള്ളയാളുടെ കൈയില്‍നിന്ന് പേന വാങ്ങി. കൈയില്‍ പേപ്പറൊന്നുമില്ല. ഒന്നും നോക്കിയില്ല, സിഗരറ്റിന്റെ പാക്കറ്റ് കീറി, അതിനുള്ളില്‍ ഈ പാട്ടിന്റെ ആദ്യത്തെ കുറച്ചുവരികളെഴുതി.
കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ നിര്‍മാതാവ് മെഹ്ബൂബ് ഖാന്‍, കവി പ്രദീപിനെ കാണാനെത്തി. "1963-ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഒരു ഫണ്ട് റെയ്‌സിങ് പരിപാടി നടത്തുന്നു. അതില്‍നിന്ന് കിട്ടുന്ന തുക, വീരമൃത്യ വരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കും. ലതാ മങ്കേഷ്‌കറിന്റെ പാട്ടാണ് പ്രധാന ആകര്‍ഷണം. അവിടെ അവതരിപ്പിക്കാനൊരു പാട്ടുവേണം”. ഇതായിരുന്നു മെഹ്ബൂബ് ഖാന്റെ ആവശ്യം. അപ്പോഴാണ് സിഗരറ്റ് പാക്കറ്റിലെഴുതിയ ആ വരികള്‍ കവി പ്രദീപ് ഓര്‍ക്കുന്നത്. അധികം വൈകാതെ അതിന്റെ ബാക്കിയുള്ള വരികളുമെഴുതി.
ഡല്‍ഹിയിലെ രാംലീല മൈതാനിയിലായിരുന്നു പരിപാടി. ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തില്‍ പുറംലോകം ആദ്യമായി ഈ പാട്ടുകേട്ടു. സാക്ഷിയായി ഉണ്ടായിരുന്നത് രാഷ്ട്രപതി എസ്.രാധാകൃഷ്ണന്‍, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ക്കൊപ്പം ആയിരക്കണക്കിന് ജനങ്ങളും. 'അള്ളാ തേരേ നാം' എന്ന ഭജനാണ് ലത ആദ്യം പാടിയത്. രണ്ടാമതായി 'ഏ മേരെ വതന്‍ കേ ലോഗോം'.
അതിനുശേഷമുണ്ടായ സംഭവങ്ങള്‍ ലതാ മങ്കേഷ്‌കര്‍ പലരോടും പറഞ്ഞിട്ടുണ്ട്. ''ആദ്യത്തെ രണ്ടുഗാനങ്ങളും കഴിഞ്ഞപ്പോള്‍, ഞാന്‍ ബാക്ക് സ്‌റ്റേജിലേക്ക് പോയി. അവിടെയിരുന്ന് ഒരു കോഫി കുടിക്കുകയായിരുന്നു. 'ഏ മേരെ വതന്‍' ഉണ്ടാക്കിയ അലയൊലികളെ കുറിച്ചൊന്നും അപ്പോള്‍ ഒരു ധാരണയുമില്ലായിരുന്നു. പെട്ടെന്നാണ് മെഹ്ബൂബ് ഖാന്‍ അങ്ങോട്ടുവന്നത്. എന്റെ കൈപിടിച്ച് അദ്ദേഹം പറഞ്ഞു, 'വരൂ, പണ്ഡിറ്റ്ജി വിളിക്കുന്നുണ്ട്'. എന്തിനാണെന്ന് മനസ്സിലായില്ല. അവിടെ എത്തിയപ്പോള്‍ നെഹ്‌റുജിയും രാധാകൃഷ്ണന്‍ജിയുമൊക്കെ എഴുന്നേറ്റുനിന്ന് എന്നെ സ്വീകരിച്ചു. മെഹ്ബൂബ് ഖാന്‍ നെഹ്‌റുജിയോട് ചോദിച്ചു, 'ഇതാണ് ഞങ്ങളുടെ ലത. ഇവളുടെ പാട്ട് എങ്ങനെയുണ്ടായിരുന്നു?' അതിന് അദ്ദേഹം തന്ന മറുപടിയിങ്ങനെ, 'എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി'.
പക്ഷേ ദുഖകരമായ ഒരു സത്യമുണ്ട് ഇതിനുപിന്നില്‍. മനോഹരമായ വരികളെഴുതിയ കവി പ്രദീപ് ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടില്ല എന്നതാണത്. അതുകൊണ്ട് ആ പാട്ടുണ്ടാക്കിയ ആവേശം അദ്ദേഹത്തിന് നേരിട്ടുകാണാനും കഴിഞ്ഞില്ല. പ്രദീപ് നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് ലത ഇത് പാടാന്‍ തയ്യാറായത്. ഈ പാട്ട് റിഹേഴ്‌സല്‍ ചെയ്യാന്‍ ലതയ്ക്ക് ആവശ്യമായ സമയം കിട്ടിയിരുന്നില്ലത്രേ. അതുകൊണ്ട് ആശാ ഭോസ്ലെയെക്കൊണ്ട് പാടിപ്പിക്കാന്‍ ലത ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ കവി പ്രദീപ് അതിന് സമ്മതിച്ചില്ല. ''പ്രദീപ്ജിയാണ് എന്നോടിത് പാടാന്‍ പറയുന്നത്. അന്നേറെ തിരക്കുള്ള സമയമാണ്. എനിക്ക് പറ്റില്ലായിരുന്നു. പക്ഷേ പ്രദീപ്ജിക്ക് നിര്‍ബന്ധമായിരുന്നു ഞാന്‍ പാടണമെന്ന്. ലതാ, നീ നോക്കിക്കോ. ഈ പാട്ട് ആളുകളെന്നും ഓര്‍ക്കുമെന്ന് അദ്ദേഹം എന്നോട് ഉറപ്പിച്ചുപറഞ്ഞു''.
രാഷ്ട്രകവിയുടെ ജനനം
മധ്യപ്രദേശിലെ ഉജ്ജയിനിലാണ് അദ്ദേഹത്തിന്റെ ജനനം. ശരിക്കുമുള്ള പേര് രാമചന്ദ്ര നാരായണ്‍ജി ദ്വിവേദി എന്നാണ്. പഠനമെല്ലാം ലക്‌നൗവിലായിരുന്നു. അന്നുതന്നെ ഹിന്ദിയില്‍ കവിതകളെഴുതാന്‍ തുടങ്ങി. അത് മനോഹരമായ ശബ്ദത്തില്‍ വായിച്ച് മറ്റുള്ളവരെ ആകര്‍ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പല കവിസമ്മേളനങ്ങളുടെയും ഭാഗമായി അന്നുതന്നെ അദ്ദേഹം. കവി പ്രദീപ് എന്ന തൂലികാനാമവും സ്വീകരിച്ചു.
ഒരു കവിസമ്മേളനത്തിനുവേണ്ടിയാണ് ബോംബെയിലെത്തിയത്. അതിനിടയ്ക്കാണ് സിനിമയില്‍ പാട്ടുകളെഴുതാന്‍ അവസരംകിട്ടുന്നത്. ആദ്യപടം ഹിമാന്‍ഷു റായുടെ 'കങ്കണ്‍' ആയിരുന്നു. പുറകെ വേറെയും അവസരങ്ങളെത്തി. അതോടെ ബോംബെയില്‍ സ്ഥിരതാമസമാക്കി. അതിനുശേഷം ബന്ധന്‍, പുനര്‍ മിലന്‍, നയാ സന്‍സാര്‍, അഞ്ചാന്‍...കുറേ സിനിമകള്‍ക്കുവേണ്ടി എഴുതി. ആ പാട്ടുകളെല്ലാം ഹിറ്റാവുകയും ചെയ്തു.
അടുത്തത് 'കിസ്മത്' എന്ന സിനിമയായിരുന്നു. രാജ്യത്തെ ആദ്യ ബ്ലോക്ബസ്റ്റര്‍ സിനിമ. സിനിമ വിജയിക്കാന്‍ കാരണവും അതിലെ ദേശഭക്തിഗാനങ്ങള്‍ തന്നെ. കവി പ്രദീപിന്റെ സ്റ്റാറ്റസ് ഉയരുന്നതും ഇതിലെ 'ദൂര്‍ ഹഠോ ഏ ദുനിയാ വാലേ ഹിന്ദുസ്ഥാന്‍ ഹമാരാ ഹേ' എന്ന പാട്ടിലൂടെയാണ്. ഇത് ബ്രിട്ടീഷുകാര്‍ക്കെതിരെ ഉള്ളതായിരുന്നു. ഈ വരികളുടെ പേരില്‍ പ്രദീപിന് ഒരുപാട് ഭീഷണിയുണ്ടായി. പ്രദീപിന് അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ഒളിവില്‍ പോകേണ്ടിയും വന്നു.
1700-ലേറെ പാട്ടുകളെഴുതിയിട്ടുണ്ട് അദ്ദേഹം. അതിലേറെയും ദേശഭക്തിഗാനങ്ങള്‍ തന്നെ. അദ്ദേഹത്തിന്റെ 13 പാട്ടുകള്‍ ഉള്‍പ്പെടുത്തി 1958-ല്‍ എച്ച്.എം.വി ഒരു ആല്‍ബം റിലീസ് ചെയ്തു. അതും ചൂടപ്പം പോലെ വിറ്റുപോയി. 1960-കളില്‍ ഫാസ്റ്റ് നമ്പറുകളുടെയും പാശ്ചാത്യസംഗീതത്തിന്റെയും കാലം വന്നപ്പോള്‍, പ്രദീപ് അവഗണിക്കപ്പെടാന്‍ തുടങ്ങി. അപ്പോഴും തളരാതെ അദ്ദേഹം തന്റെ മാജിക്കുകള്‍ തുടര്‍ന്നു. 1975-ല്‍ 'ജയ് സന്തോഷി മാ' എന്ന സിനിമയിലെ 'മേം തോ ആര്‍തി ഉത്താരൂം രേ' എന്ന ഗാനം വളരെ പ്രശസ്തി നേടി. സ്ത്രീകള്‍ പൂജ ചെയ്യുമ്പോള്‍ പോലും ആ പാട്ട് പാടാന്‍ തുടങ്ങി. സിനിമാഗാനം എന്നതിനേക്കാള്‍ തങ്ങളുടെ ജീവിതത്തോട് അടുത്തുനില്‍ക്കുന്ന ഗാനങ്ങളായിട്ടാണ് ആളുകള്‍ പ്രദീപിന്റെ വരികളേറ്റെടുത്തത്. ഒടുവില്‍ സിനിമകളില്‍നിന്ന് പൂര്‍ണമായും അവഗണിക്കപ്പെട്ടപ്പോഴും ബോംബെയില്‍ തന്നെ തുടര്‍ന്നു കവി പ്രദീപ്. 1998 ഡിസംബര്‍ 11-നാണ് അദ്ദേഹം മരിക്കുന്നത്.
(പുനപ്രസിദ്ധീകരണം)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kavi pradeep wrote the lines aye mere watan ke logo