'പ്രിയ ഒരു ചൂതാട്ടക്കാരി, ഈ രേഖ എഴുതിയത് ഒരു മകനല്ല, അമ്മയെ സ്വത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ആഗ്രഹിച്ച ഒരാളാണ്'

അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്തിനെച്ചൊല്ലി തുടരുന്ന നിയമപോരാട്ടത്തില്‍ രണ്ടാനമ്മ പ്രിയ സച്ച്ദേവിനെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ച് കരിഷ്മ കപൂറിന്റെ മക്കളായ സമൈറയും കിയാനും. പ്രിയ ഒരു 'കടുത്ത ചൂതാട്ടക്കാരി'യാണെന്നും തങ്ങളുടെ അനന്തരാവകാശം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അവരുടെ അഭിഭാഷകന് ആരോപിച്ചു.
സഞ്ജയ് കപൂറിന്റെ എസ്റ്റേറ്റുമായി ബന്ധപ്പെട്ട അനന്തരാവകാശ തര്‍ക്കം ഡല്‍ഹി ഹൈക്കോടതിയിലാണിപ്പോള്. അന്തരിച്ച പിതാവിന്റെ സ്വകാര്യ സ്വത്തില്‍ ഓഹരി ആവശ്യപ്പെട്ട് വാദികളായ സമൈറ കപൂറും സഹോദരനും നല്കിയ ഹര്‍ജി ജസ്റ്റിസ് ജ്യോതി സിങ്ങാണ് പരിഗണിച്ചത്. സഞ്ജയുടെ വിധവ പ്രിയ, അവരുടെ മകന് അസാരിയസ്, കൂടാതെ അമ്മ റാണി കപൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
'ആ സ്ത്രീ ഒരു കടുത്ത ചൂതാട്ടക്കാരിയാണ്' വാദിഭാഗം അഭിഭാഷകന് ജഠ്മലാനി പറഞ്ഞു. 'അവര്‍ക്ക് നല്ലത് വരട്ടെ, പക്ഷേ രണ്ട് കുട്ടികളുടെ അനന്തരാവകാശം കവര്‍ന്നെടുക്കുന്ന വില നല്കി അത് വേണ്ട' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കേസ് അത്യാഗ്രഹപരമായ ഉദ്ദേശ്യങ്ങളുടെ ഫലമാണെന്ന പ്രിയയുടെ അഭിഭാഷകന്റെ വാദങ്ങളെയും ജഠ്മലാനി വിമര്‍ശിച്ചു. 'അവര്‍ക്ക് ലഭിക്കുന്നതെല്ലാം അവരുടെ മുത്തശ്ശിയില്‍ നിന്നും അച്ഛനില്‍ നിന്നുമാണ്. നിങ്ങള്‍ അവരെ അത്യാഗ്രഹികള്‍ എന്ന് വിളിക്കുന്നോ? മാഡം, നിങ്ങളുടെ അത്യാഗ്രഹം അതിലും വലുതാണ്-അത് ഈ വില്പത്രത്തിന്റെ ഓരോ വരിയിലും എഴുതിയിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.
ജഠ്മലാനിയുടെ അഭിപ്രായത്തില്‍, വില്പത്രത്തില് സഞ്ജയുടെ അമ്മ റാണി കപൂറിനെക്കുറിച്ച് പരാമര്‍ശമില്ല. 'അവരെ ഒഴിവാക്കിയത് യുക്തിക്കും മാന്യതയ്ക്കും നിരക്കാത്തതാണ്. ഈ രേഖ എഴുതിയത് ഒരു മകനല്ല, മറിച്ച് അമ്മയെ സ്വത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ആഗ്രഹിച്ച ആരോ ആണെന്ന് ഇത് കാണിക്കുന്നു' അദ്ദേഹം കോടതിയോട് പറഞ്ഞു.
പ്രിയ നേരിട്ട് 60% സ്വത്തും, മകനിലൂടെ 12% സ്വത്തും, കപൂര്‍ കുടുംബ ട്രസ്റ്റിന്റെ 75% വും നിയന്ത്രിക്കുന്നുവെന്നും ജഠ്മലാനി അവകാശപ്പെട്ടു. 'അനന്തരാവകാശമല്ല. വൈധവ്യത്തിന്റെ മറവിലുള്ള ഒരു കയ്യേറ്റമാണിത്' അദ്ദേഹം പറഞ്ഞു.
പ്രമുഖ ഓട്ടോ പാര്‍ട്സ് നിര്‍മ്മാതാക്കളായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനായ സഞ്ജയ് കപൂര്‍, ലണ്ടനില്‍ പോളോ കളിക്കുന്നതിനിടെ ജൂണിലാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് വ്യക്തമായി. 2016-ലാണ് കരിഷ്മ കപൂറും സഞ്ജയും വിവാഹമോചിതരാകുന്നത്. അവര്‍ക്ക് സമൈറ, കിയാന് എന്നീ രണ്ട് മക്കളുണ്ട്. 2017-ലാണ് സഞ്ജയ് പ്രിയയെ വിവാഹം ചെയ്തത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: karisma kapoor`s children, samaira and kiaan, have made new allegations against stepmother priya sachdev in the ongoing legal battle over industrialist sanjay kapoor`s estate, calling her a `hardcore gambler`.