‘രണ്ട് വ്യക്തികൾ തമ്മിലുള്ള വിഷയങ്ങളിൽ, അധിക്ഷേപങ്ങൾക്കും സ്വഭാവഹത്യയ്ക്കും ഇരയാക്കപ്പെടുന്നത് സ്ത്രീ മാത്രമാണ്’

തങ്ങൾക്കിഷ്ടമില്ലാത്ത സ്ത്രീകളെയും സ്വന്തം അധ്വാനത്താൽ ഉയർന്ന നിലയിലെത്തിയവരെയും നിശ്ശബ്ദരാക്കാൻ സമൂഹം എന്നും പ്രയോഗിക്കുന്ന എളുപ്പവഴിയാണ് ‘സ്വഭാവഹത്യ’. സ്ത്രീകളെ അധിക്ഷേപിക്കുന്ന ഈ രീതിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും പാർലമെന്റ് അംഗവുമായ കങ്കണ റണൗട്ട്. തമിഴ്നാട്ടിൽ നടി തൃഷ കൃഷ്ണനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ത്രീ സമത്വത്തെക്കുറിച്ചും അവർ നേരിടുന്ന മാനസികാക്രമണങ്ങളെക്കുറിച്ചും നടി തുറന്നടിച്ചത്.
കുളുവിൽ നടന്ന ഔദ്യോഗിക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കങ്കണ. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും തൃഷയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വിവാദങ്ങളും തുടർന്നുണ്ടായ രാഷ്ട്രീയ അധിക്ഷേപങ്ങളുമാണ് ഈ വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചത്.
"ജോലി ചെയ്യുന്ന, വിജയികളായ സ്ത്രീകൾ, അഭിനേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ അല്ലെങ്കിൽ അധികാര സ്ഥാനങ്ങളിലിരിക്കുന്നവർ ഇവരുടെയൊക്കെ സ്വഭാവത്തെ അധിക്ഷേപിച്ച് താഴെയിറക്കുക എന്നത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും കണ്ടുവരുന്ന രീതിയാണ്. സ്ത്രീകളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്താണ് സമൂഹം എപ്പോഴും അവരെ തളർത്താൻ നോക്കുന്നത്," കങ്കണ വ്യക്തമാക്കി.
തൃഷയുടെ പേര് നേരിട്ട് പറയാതെ തമിഴ്നാട്ടിലെ സംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് അവർ സംസാരിച്ചത്. "തമിഴ്നാട്ടിൽ അടുത്തിടെ നടന്ന സംഭവം നാം കണ്ടതാണ്. ബഹുമാനിക്കപ്പെടുന്ന ഒരു കലാകാരി, വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ വലിയ രീതിയിൽ അധിക്ഷേപിക്കപ്പെട്ടു. രണ്ട് വ്യക്തികൾ തമ്മിലുള്ള വിഷയങ്ങളിൽ പോലും, അധിക്ഷേപങ്ങൾക്കും സ്വഭാവഹത്യയ്ക്കും എപ്പോഴും ഇരയാക്കപ്പെടുന്നത് സ്ത്രീ മാത്രമാണ്. ഇത് മാറേണ്ട സമയമായി," കങ്കണ കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 15-ന് ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ പങ്കെടുത്തതാണ് വിവാദങ്ങളുടെ തുടക്കം. ചടങ്ങിൽ മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനും ശോഭയ്ക്കുമൊപ്പമാണ് തൃഷ ഇരുന്നിരുന്നത്. ഇതിന് പിന്നാലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ, കാവേരി നദീജല തർക്ക വിഷയത്തിൽ സംസാരിക്കവേ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ, തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തുകയായിരുന്നു.
സംഭവം വൻ പ്രതിഷേധത്തിന് വഴിവെക്കുകയും ഉദയനിധി സ്റ്റാലിൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാൽ, തൃഷയെയും വിജയ്‌യെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ഇടങ്ങളിലും തുടരുകയാണ്. വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ പുറത്തുവന്നതും, മെയ് മാസം വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തൃഷ പങ്കെടുത്തതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് പ്രചാരണങ്ങൾ കൊഴുക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kangana Ranaut strongly condemned the character assassination of successful women., The statement came in the wake of controversies involving actress Trisha Krishnan and political figures in Tamil Nadu., Highlighted how society frequently targets women in disputes and high-profile positions., Addressed the online gossip and political remarks following Independence Day events.