ഇന്ത്യയുടെ മരുമകന്റെ രാജ്യത്തെ ആദ്യ ഷോ; ആഘോഷമാക്കി ആരാധകര്‍

നിക് ജോനസ് സഹോദരങ്ങളായ ജോ, കെവിന്‍ എന്നിവര്‍ക്കൊപ്പം / AP
നിക് ജോനസ് സഹോദരങ്ങളായ ജോ, കെവിന്‍ എന്നിവര്‍ക്കൊപ്പം / AP

ജോനസ് ബ്രദേഴ്‌സ് എന്ന അമേരിക്കന്‍ പോപ്പ് ബാന്‍ഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ഷോ ആയിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച. അവര്‍ തങ്ങളുടെ ആദ്യ ഷോയ്ക്കായി ഇന്ത്യയിലേക്ക് വരുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ആരാധകര്‍ ആഹ്ലാദത്തിലായി. ഇന്ത്യയുടെ മരുമകനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളുമായി അവരത് ആഘോഷമാക്കി. 

കെവിന്‍ ജോനസ്, ജോ ജോനസ്, നിക് ജോനസ് എന്നിവരടങ്ങുന്നതാണ് ജോനസ് ബ്രദേഴ്‌സ് ബാന്‍ഡ്. അഭിനേത്രി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് കൂടിയാണ് നിക്. അതുകൊണ്ട് നിക്കിനെ പാപ്പരാസികളും ആരാധകരും സ്‌നേഹത്തോടെ ജീജു (മരുമകന്‍) എന്നാണ് വിളിക്കുന്നത്. 

പ്രിയങ്ക ചോപ്രയും നിക് ജോനസും വിവാഹവേളയില്‍

മ്യൂസിക് ഷോയ്ക്കായി എയര്‍പോര്‍ട്ടിലെത്തിയതുമുതല്‍ പാപ്പരാസികള്‍ ജോനസ് ബ്രദേഴ്‌സിന്റെ പുറകെയായിരുന്നു. പരിപാടിക്ക് മുമ്പ് ബാന്‍ഡിനെ പരിചയപ്പെടുത്തുമ്പോഴും, ജീജു എന്ന് വിളിച്ചാണ് കെവിന്‍ തന്റെ സഹോദരനെ ആസ്വാദര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. ലോലപലൂസ ഇന്ത്യയുടെ പരിപാടിക്കായാണ് സഹോദരങ്ങള്‍ മുംബൈയിലെത്തിയത്. 

ഗായകന്‍ മാത്രമല്ല, അഭിനേതാവും ഗാനരചയിതാവ് കൂടിയാണ് നിക്കോളാസ് ജെറി ജോനസ് എന്ന നിക് ജോനസ്. ഏഴാം വയസ്സിലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2002-ല്‍ പത്താമത്തെ വയസ്സില്‍ സ്വന്തമായി ഒരു ആല്‍ബം സോങ് ഇറക്കുകയും ചെയ്തു. അതോടെ നിക് എന്ന കൊച്ചുപയ്യനെ ലോകം മുഴുവന്‍ ശ്രദ്ധിച്ചുതുടങ്ങി. അതേവര്‍ഷം തന്നെ തന്റെ സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ബാന്‍ഡ് തുടങ്ങി. പതിനൊന്ന് വര്‍ഷത്തോളമുള്ള സംഗീതയാത്രയില്‍ അനേകം വേദികളില്‍ അവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. 2013-ല്‍ അവര്‍ ബാന്‍ഡ് പിരിച്ചുവിട്ടെങ്കിലും, ആറുവര്‍ഷത്തിനുശേഷം വീണ്ടും ഒരുമിച്ചു. 


 

Content Highlights: jonas brothers first show in india