‘ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു, പക്ഷെ തന്റെ പരിമിതികൾ അദ്ദേഹത്തിന് അറിയാമായിരുന്നു’

ജോൺ എബ്രഹാം, റിമി സെൻ | Instagram
ജോൺ എബ്രഹാം, റിമി സെൻ | Instagram

ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 'ധൂം.' ഇപ്പോഴിതാ ചിത്രത്തിലെ സഹ താരമായിരുന്ന ജോൺ എബ്രഹാമിനെ കുറിച്ച് നടി റിമി സെൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കരിയറിന്റെ തുടക്കത്തിൽ അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ലായിരുന്നു, എന്നാൽ തന്റെ അഭിനയ പരിമിതികളെ തന്ത്രപരമായി മറച്ചുവെച്ചതിന് ജോണിനെ "ബുദ്ധിമാൻ" എന്ന് വിശേഷിപ്പിക്കുകയാണ് റിമി. സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവർക്ക് ഉദാഹരണമായി ജോണിനെ അവർ ചൂണ്ടിക്കാട്ടി.

"മനുഷ്യർ സാധാരണയായി അവരുടെ പോസിറ്റീവ് വശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ആരെങ്കിലും തന്റെ പരിമിതികൾ തിരിച്ചറിഞ്ഞ്, ഇതാണ് എന്റെ പ്രശ്നം എന്ന് മനസ്സിലാക്കി അതിൽ പ്രവർത്തിക്കുകയാണെങ്കിൽ, ആ വ്യക്തിക്ക് വലിയ ഉയരങ്ങളിൽ എത്താൻ കഴിയും. ഇതിന് ഏറ്റവും മികച്ച ഉദാഹരണം ജോൺ എബ്രഹാമാണ്. കരിയറിന്റെ തുടക്കത്തിൽ അദ്ദേഹം ഒരു മോഡലായിരുന്നു, അഭിനയിക്കാൻ അറിയില്ലായിരുന്നു. ആളുകൾ പലതും സംസാരിക്കുമായിരുന്നു, പക്ഷേ അദ്ദേഹം ഒന്നും മറുപടി പറഞ്ഞില്ല" 'ബിൽഡ്കാപ്‌സ് റിയൽ എസ്റ്റേറ്റ്' എന്ന സ്ഥാപനവുമായുള്ള സംഭാഷണത്തിൽ റിമി സെൻ പറഞ്ഞു.

"അദ്ദേഹം തിരഞ്ഞെടുത്ത വേഷങ്ങളിൽ അദ്ദേഹത്തിന് നല്ല ലുക്ക് ഉണ്ടായിരുന്നു, എന്നാൽ അധികം അഭിനയിക്കേണ്ടി വന്നതുമില്ല, കൂടുതലും ആക്ഷൻ സിനിമകൾ. ആളുകൾ തന്നെ ചോദ്യം ചെയ്യാത്ത രീതിയിൽ തന്നെ സുന്ദരനായി കാണിക്കുന്ന കാര്യങ്ങളാണ് ചെയ്തത്. അദ്ദേഹം വളരെ ബുദ്ധിമാനായ ഒരു നടനാണെന്ന് എനിക്ക് പറയേണ്ടി വരും. പിന്നീട് ജനപ്രീതി ലഭിക്കുകയും ആളുകൾ തിരിച്ചറിയാൻ തുടങ്ങുകയും ചെയ്തപ്പോൾ, പതുക്കെ പതുക്കെ അഭിനയം പഠിച്ചെടുത്തു."

2003-ൽ 'ജിസം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ജോൺ എബ്രഹാം ഒരു മോഡലായാണ് കരിയർ ആരംഭിച്ചത്. "കുറച്ചുകാലം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങൾക്ക് അനുഭവങ്ങൾ ഉണ്ടാകും. അതിനുശേഷം അഭിനയിക്കാൻ അവസരമുള്ള വേഷങ്ങൾ തന്ത്രപരമായി ഏറ്റെടുത്തു. അദ്ദേഹം ശരിയായിരുന്നു, എനിക്ക് വ്യക്തിപരമായി അറിയാം, അദ്ദേഹം ഒരു ബിസിനസ്സുകാരനായി, നിർമ്മാണ രംഗത്തേക്ക് കടന്നു, വിശ്വാസ്യതയുള്ള ഹിറ്റ് സിനിമകൾ പോലും നൽകി," വർഷങ്ങളിലൂടെ തന്റെ കഴിവുകൾ മിനുക്കിയെടുത്തതിന് റിമി ജോണിനെ അഭിനന്ദിച്ചു.

സിനിമ വിട്ടശേഷം ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സിലാണ് റിമി ഇപ്പോൾ. "ദുബായ് എല്ലാവരെയും വളരെ സ്നേഹത്തോടെ സ്വീകരിക്കുന്ന ഇടമാണ്. ഇവിടെ പള്ളികളുണ്ട്, ക്ഷേത്രങ്ങളുമുണ്ട്. അവർ എല്ലാവരെയും പരിഗണിക്കുന്നു. ആളുകളുടെ ജീവിതം മികച്ചതും എളുപ്പമുള്ളതും സുഖകരവുമാക്കുന്നതിലാണ് ഈ നഗരത്തിന്റെ പ്രധാന ശ്രദ്ധ" റിമി പറയുന്നു.

ഹംഗാമ, ധൂം, ഗോൽമാൽ, ഫിർ ഹേരാ ഫേരി, ജോണി ഗദ്ദാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ റിമി സെൻ അഭിനയിച്ചിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rimi Sen reveals how John Abraham cleverly masked acting limitations early in his career. Discover his smart strategy for success and growth.