ജോലിയിൽ പെട്ടുപോയോ? നിലവിലെ ജോലി ഉപേക്ഷിക്കാനാകുന്നില്ലേ? നിങ്ങൾ ജോബ് ഹഗ്ഗിങ്ങിന്റെ പിടിയിലാണ്

ജോലിയിൽ വിരസതയുണ്ടെങ്കിലും നിലവിലെ ജോലിയിൽ മുറുകെപ്പിടിച്ചിരിക്കുന്നവരാണ് ഇന്ന് പലരും. സാമ്പത്തിക അനിശ്ചിതത്വം, സുസ്ഥിരമായ ഒരു ജോലി കണ്ടെത്തുന്നതിലുള്ള ഉത്കണ്ഠ എന്നിവയാണ് ഇതിനുപ്രധാനകാരണം. ഇതൊരുതരം ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയാണിതെന്നു പറയാം. ഇപ്പോഴത്തെ ജോലിയിൽ എത്രമാത്രം നിരാശയുണ്ടോ, അത്രത്തോളം തന്നെ അത് ഉപേക്ഷിച്ച് മറ്റൊരു ജോലി കണ്ടെത്താനുള്ള ഒരു മാറ്റത്തിന് ഭയപ്പെടുകയും ആളുകൾ ചെയ്യുന്നു എന്നതും മറ്റൊരു കാരണമാണ്.
അത് നിങ്ങൾ ആ ജോലിയെ സ്നേഹിക്കുന്നതുകൊണ്ടോ കമ്പനിയിൽ നിങ്ങൾക്ക് വളർച്ചയുള്ളതുകൊണ്ടോ അല്ല, മറിച്ച് നിങ്ങളുടെ നിലവിലെ ജോലിയിൽ പിടിച്ചുനിൽക്കുന്നത് സുരക്ഷിതമാണെന്ന് തോന്നുന്നതുകൊണ്ടാണ്. നിങ്ങൾ ഒരു കമ്പനിയിൽ ദീർഘകാലം തുടരുന്നുണ്ടെങ്കിൽ, വേണ്ട എന്ന് പറയാൻ ഭയപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിലും കൂടുതൽ ജോലികൾ നിങ്ങൾ എപ്പോഴും ഏറ്റെടുക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഒരു 'ജോബ് ഹഗ്ഗർ' ആണ്. ജോബ് ഹഗ്ഗിങ് എന്ന് തൊഴിൽ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്ന ഈ പ്രവണത, ഭാവിയിലെ അനിശ്ചിതത്വം കാരണം തൊഴിലാളികളിലെ, നിലവിലെ ജോലി നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങളെയാണ് സൂചിപ്പിക്കുന്നത്.
അമേരിക്കൻ തൊഴിൽ വിപണിയെക്കുറിച്ചുള്ള ലേബർ ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കുകൾ പ്രകാരം, 2024-ൽ 39.6 ദശലക്ഷം തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു. ഇത് 2023-നെ അപേക്ഷിച്ച് 11 ശതമാനവും 2022-നെ അപേക്ഷിച്ച് 22 ശതമാനവും കുറവാണ്. ഇത് ആളുകൾ പഴയതുപോലെ ജോലികൾ മാറുന്നില്ലെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, 2025-ൽ സ്വമേധയാ ജോലി ഉപേക്ഷിക്കുന്നവരുടെ നിരക്ക് 2 ശതമാനത്തിന് താഴെയായി. പുതിയ നിയമനങ്ങളും രാജിവയ്ക്കലും ഗണ്യമായി കുറഞ്ഞു.
ഈ മാറ്റത്തിന് പ്രധാനകാരണം രാജ്യത്തെ സാമ്പത്തികസാഹചര്യവും തൊഴിലാളികളുടെ മനോഭാവവുമാണ്. കമ്പനികൾ പഴയ രീതിയിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നില്ല. ഇതോടെ തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ കുറഞ്ഞു. തൊഴിലവസരങ്ങളും തൊഴിലില്ലാത്തവരുടെ എണ്ണവും തമ്മിലുള്ള അനുപാതവും ഗണ്യമായി കുറഞ്ഞു. 2022 മാർച്ചിൽ ഒരാൾക്ക് രണ്ട് ജോലി ഒഴിവുകൾ ഉണ്ടായിരുന്നെങ്കിൽ, 2025 ജൂണിൽ ഇത് ഏകദേശം ഒന്നായി കുറഞ്ഞു. ഈ സാഹചര്യം തൊഴിലാളികളുടെ മനോഭാവത്തെ മാറ്റിമറിച്ചു. തൊഴിൽരഹിതരായ യുവാക്കൾക്ക് ഈ പ്രവണത വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ആളുകൾ ജോലി ഉപേക്ഷിക്കാത്തതിനാൽ പുതിയ ഒഴിവുകൾ കുറയുകയും അത് പുതിയ തൊഴിലന്വേഷകരുടെ അവസരങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
എന്നാൽ ഈ ജോബ് ഹഗ്ഗിങ്ങ് ട്രെൻഡിനുപിന്നിൽ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. പുതിയ അവസരങ്ങൾ വരുമ്പോൾ അവയെ തള്ളിക്കളയാൻ ഇത് കാരണമാകും. നിങ്ങളുടെ കംഫർട്ട് സോണിന് പുറത്തുള്ള മാറ്റങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും അത്തരം മാറ്റങ്ങൾ അപകടകരമാണെന്ന ചിന്തയിൽ, സൗകര്യപ്രദമായ കാര്യങ്ങൾ മാത്രം തുടർന്നുകൊണ്ടേയിരിക്കുന്നു. പുതിയ കഴിവുകൾ പഠിക്കുന്നതിനോ കരിയറിലെ മുന്നേറ്റത്തിനോ കാരണമായേക്കാവുന്ന അവസരങ്ങൾ ഏറ്റെടുക്കുന്നതിനേക്കാൾ, സുരക്ഷിതരായിരിക്കുന്നതിന് നിങ്ങൾ മുൻഗണന നൽകുന്നു. മാത്രമല്ല ഈ ചിന്ത മറ്റൊരു അവസരം നേടാൻ കഴിയില്ലെന്നോ, പുതിയ ജോലിയിൽ ഇണങ്ങിച്ചേരാൻ സാധിക്കില്ലെന്നോ ഭയപ്പെടുന്നു.
ഒരേ ജോലിയിൽ തുടരുന്നത് ശമ്പള വർദ്ധന നഷ്ടപ്പെടുത്തുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ജോലിയിൽ അമിതമായി സുരക്ഷിതത്വം തോന്നുന്നത് തൊഴിൽവളർച്ചയെ തടസ്സപ്പെടുത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ഭാവിയിൽ തൊഴിൽവിപണിയിൽ അവരുടെ സാധ്യതകളെ ഇല്ലാതാക്കിയേക്കാം. നിലവിൽ തൊഴിൽ ഉപേക്ഷിക്കാത്തത് തൊഴിലാളികളുടെ സംതൃപ്തി കാരണമല്ല മറിച്ച്, കൂടുതൽ നല്ലൊരു അവസരം വരുന്നതുവരെ കാത്തിരിക്കുന്ന മനോഭാവമാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു സർവേ പ്രകാരം, 65 ശതമാനം തൊഴിലാളികളും തങ്ങൾ ജോലിയിൽ അകപ്പെട്ടുപോയതായി പറയുകയുണ്ടായി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore the `job hugging` trend: why people stay in unfulfilling jobs due to economic uncertainty, fear of change, and comfort zones.