വിഴുങ്ങിയാല്‍ ചെകിളയിലൂടെ പുറത്തുചാടും; ഇത് ഹൊറര്‍ സിനിമയല്ല

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

ശരീരം തുളച്ച് അകത്തു കയറിക്കൂടുന്ന പിരാന മത്സ്യങ്ങളെ ഹൊറര്‍ സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. വിഴുങ്ങിയ ജീവിയുടെ ഉള്ളില്‍ നിന്ന് ജീവനോടെ പുറത്തുചാടുന്ന അവതാരങ്ങളെ ഹോറര്‍ സിനിമകളില്‍ മാത്രമേ നമുക്ക് കാണാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ സമുദ്രത്തിനടിയില്‍ അങ്ങനെ പലതും നടക്കുന്നുണ്ട്. പറഞ്ഞുവരുന്നത് ജാപ്പനീസ് ഈലിന്റെ കാര്യമാണ്. ഇരപിടിയന്‍ മത്സ്യങ്ങള്‍ വിഴുങ്ങി അവയുടെ ദഹനനാളത്തിലെത്തിയാലും അവിടെനിന്ന് ജീവനോടെ പുറത്തുചാടാന്‍ ജാപ്പനീസ് ഈലിന് സാധിക്കും.

പുതിയ കണ്ടുപിടിത്തമാണിത്. ഡാര്‍ക്ക് സ്ലീപ്പര്‍ എന്നുപേരുള്ള ഇരപിടിയന്‍ മത്സ്യങ്ങളുടെ ചെകിളപ്പൂക്കളിലൂടെയാണ് ഈലുകള്‍ പുറത്തുകടക്കുന്നത്. വിഴുങ്ങിയ ഇരപിടിയന്‍ മത്സ്യത്തിന്റെ ദഹനനാളത്തിലെത്തുന്ന ഈലുകള്‍ അവിടെനിന്ന് ആദ്യം അന്നനാളത്തിലേക്ക് തിരിച്ചുവരും. ശേഷം ചെകിളകളില്‍ വാലുകൊണ്ട് കുത്തി അതിലൂടെ ഊര്‍ന്ന് പുറത്തേക്ക് ചാടും. വേട്ടക്കാരായ മത്സ്യങ്ങളില്‍ നിന്ന് ഈലുകള്‍ വായിലൂടെ രക്ഷപ്പെടുന്നുവെന്നാണ് ആദ്യം കരുതിയിരുന്നത്, എന്നാല്‍ ചെകിളപ്പൂക്കളിലൂടെയാണെന്ന് ഇപ്പോള്‍ കണ്ടെത്തി. 

ജപ്പാനിലെ നാഗസാക്കി സര്‍വകലാശാലയിലെ ഗവേഷകനായ യുഹ ഹസിഗവയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനു പിന്നില്‍. കറന്റ് ബയോളജിയില്‍ ലേഖനം പ്രസിദ്ധീകരിച്ചു. രണ്ടുതരം മത്സ്യങ്ങളെയും ഒരു ടാങ്കില്‍ ഇട്ടശേഷം സംഘം നിരീക്ഷിക്കുകയായിരുന്നു.  

ഈലുകളുടെ വയറിലെ അറയിലും വാലിലും ബേറിയം സള്‍ഫേറ്റ് കുത്തിവച്ചിരുന്നു, വിഴുങ്ങിയ മത്സ്യത്തിന്റെ ശരീരത്തിനുള്ളിലും  ഈലിനെ എക്‌സ്-റേ വീഡിയോ സിസ്റ്റം ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ ഇതിലൂടെ സാധിച്ചു. 32 ഈലുകളെ സ്ലീപ്പര്‍ ഫിഷ് പിടികൂടി വിഴുങ്ങിയതായി സംഘം രേഖപ്പെടുത്തി. ചിലത് വേട്ടക്കാരന്റെ വയറ്റില്‍ പൂര്‍ണ്ണമായി പ്രവേശിക്കുകയും പുറത്തേക്കുള്ള വഴിതേടി വട്ടമിട്ട് സഞ്ചരിക്കുകയും ചെയ്തു. വിഴുങ്ങിയ ഒമ്പത് ഈലുകള്‍ വാല്‍ ഉപയോഗിച്ച് പുറത്തുകടന്നു. 

അതേസമയം രക്ഷപ്പെട്ട ഈലുകള്‍ക്ക് ചില പരിക്കുകളൊക്കെ പറ്റിയിട്ടുണ്ട്. എല്ലാ ഈലുകള്‍ക്കും ജീവനോടെ വിജയകരമായി പുറത്തുവരാന്‍ സാധിച്ചതുമില്ല. നാലെണ്ണത്തിന് വാലുമാത്രം പുറത്തെത്തിക്കാന്‍ സാധിച്ചു. പിന്നെ കുടുങ്ങിപ്പോയി. രണ്ടെണ്ണം വാല് നീട്ടിയ ദിശ തെറ്റിപ്പോയി. അതേസമയം, ഇരപിടിയന്‍ മത്സ്യത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടുമില്ല. 

വിഴുങ്ങിയശേഷം ഇരപിടിയന്‍ മത്സ്യത്തിന്റെ ദഹനനാളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് സ്ഥിരീകരിച്ച ഒരേയൊരു മത്സ്യമാണ് ജാപ്പനീസ് ഈല്‍ എന്ന് സംഘം അവകാശപ്പെട്ടു. ഈലിന്റെ ശരീരത്തിന്റെ ആകൃതിയാണ് അവയെ ഇതിനു സഹായിച്ചത്. ജപ്പാന്‍, കൊറിയ, തയ്‌വാന്‍, ചൈന, വിയറ്റ്‌നാം, വടക്കന്‍ ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ കാണുന്ന മത്സ്യമാണ് ജാപ്പനീസ് ഈല്‍.

Content Highlights: japanese eels can escape predators stomach