'സെക്‌സിനോട് നോ പറയാന്‍ സ്വാതന്ത്ര്യമുള്ളത് നാലില്‍ മൂന്ന് സ്ത്രീകള്‍ക്കുമാത്രം'

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ നിരന്തരം, ഓരോ നിമിഷവും നടക്കുന്നുവെന്ന് ഓര്‍മപ്പെടുത്താന്‍ ഒരുദിനം വേണോ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നേക്കാം. പക്ഷേ, ഇപ്പോഴും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യമില്ലാത്ത, അതിക്രമങ്ങളില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയാത്ത എത്രയോ സ്ത്രീകളുണ്ട് ലോകത്തെമ്പാടും. അവര്‍ക്കായി എല്ലാവര്‍ക്കും ഒന്നിക്കാം. 

ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിമരിച്ച മൂന്ന് സ്ത്രീകളോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും നവംബര്‍ 25, International Day for the elimination of violence against women ആയി ആചരിക്കുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ജീവിച്ച മിനേര്‍വ, പാട്രിയ, മറിയ തെരേസ എന്നീ സഹോദരിമാര്‍ അവിടുത്തെ ഏകാധിപതിയായ റഫേല്‍ ട്രുജില്ലോയുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തിരുന്നു. അതിന്റെ ഫലമായി മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടിയും വന്നു, ഈ സഹോദരിമാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും. അവസാനമായി തടങ്കലിലായ മിനേര്‍വയും മറിയ തെരേസയും, അവിടെവെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. അതൊന്നും അവരുടെ ഉള്ളിലെ ജ്വാലയെ കെടുത്തിയില്ല. ജയിലില്‍നിന്ന് സ്വതന്ത്രരായപ്പോഴാണ് മൂന്നുപേരും അതിലൊരാളുടെ പങ്കാളിയും കൊല്ലപ്പെടുന്നത്, 1960 നവംബര്‍ 25-ന്. ഒരു മലയിടുക്കില്‍ തകര്‍ന്ന ജീപ്പിനുള്ളിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. കൊന്നതാണെന്ന് അറിയാതിരിക്കാനായി, അടിച്ചുകൊന്നശേഷം ജീപ്പില്‍ തന്നെയിട്ട് ഒരു പാറക്കെട്ടില്‍നിന്ന് താഴേക്കിടുകയായിരുന്നു. സ്വാഭാവികമായും ട്രുജില്ലോയെ ആയിരുന്നു എല്ലാവര്‍ക്കും സംശയം. ട്രുജില്ലോ സ്‌പോണ്‍സര്‍ ചെയ്ത വാഹനാപകടം എന്നായിരുന്നു ആളുകള്‍ അതിനെ വിശേഷിപ്പിച്ചത്. ജനങ്ങള്‍ ഒത്തുകൂടി, പ്രതിഷേധങ്ങള്‍ നടത്തി. ഒടുവില്‍ ആറുമാസങ്ങള്‍ക്കുശേഷം ട്രുജില്ലോ കൊല്ലപ്പെടുകയും ചെയ്തു. 1981 മുതല്‍ തന്നെ പല സാമൂഹ്യപ്രവര്‍ത്തകരും നവംബര്‍ 25 അതിക്രമങ്ങള്‍ക്കെതിരെയുള്ള ദിവസമായി ആചരിച്ചിരുന്നുവെങ്കിലും, 2000-ലാണ് യു.എന്‍ അത് ഔദ്യോഗികമാക്കിയത്.   

ദിനാചരണം ബംഗളൂരുവില്‍നിന്ന് (ഫയല്‍ചിത്രം) / AFP

പേടിപ്പെടുത്തുന്ന കണക്കുകള്‍
വീട്ടിനുള്ളിലെ കണക്കുകളാണ് ഏറ്റവുമധികം ഞെട്ടിക്കുന്നത്. 2022-ലെ 'ദ ഇന്റര്‍നാഷണല്‍ മെന്‍ ആന്‍ഡ് ജെന്‍ഡര്‍ ഇക്വാലിറ്റി' സര്‍വേ പ്രകാരം 57 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ അവരുടെ ലൈംഗികപരമായുള്ള കാര്യത്തിലും ഗര്‍ഭിണിയാവണോ എന്ന കാര്യത്തിലും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നുള്ളൂ. ഈ റിപ്പോര്‍ട്ട് പ്രകാരം നാലില്‍ മൂന്ന് സ്ത്രീകള്‍ക്ക് മാത്രമേ സെക്‌സിനോട് നോ പറയാനും അവകാശമുള്ളൂ. മൂന്നിലൊന്ന് സ്ത്രീകള്‍ അവരുടെ ജീവിതകാലത്തൊരിക്കലെങ്കിലും ശാരീരിക, ലൈംഗിക പീഡനങ്ങള്‍ക്കിരയായിട്ടുണ്ടെന്ന് യു.എന്നിന്റെ കണക്കുകള്‍ പറയുന്നു. കോവിഡിനുശേഷം അത് മൂന്നില്‍ രണ്ടായി മാറി. എന്നാല്‍, പത്തിലൊരാള്‍ മാത്രമേ പരാതിപ്പെടുന്നുള്ളൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് മൂന്ന് സ്ത്രീകളില്‍ ഒരാള്‍ ഗാര്‍ഹികപീഡനങ്ങള്‍ക്കിരയാവുന്നു എന്നാണ്.
2021-ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ 72 സെക്കന്‍ഡിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഡല്‍ഹിയാണ് ഇതില്‍ ഏറ്റവും മുന്നില്‍. കോവിഡ് കാലത്താണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടുതലുണ്ടായത്. ഭര്‍ത്താവിന്റെയോ ഭര്‍തൃവീട്ടുകാരുടെയോ ഉപദ്രവമാണ് ഇതിലേറ്റവും കൂടുതല്‍. 31.8 ശതമാനം. 
അതേസമയം ആഗോളതലത്തില്‍ പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് മുതല്‍ പത്ത് ഇരട്ടിവരെ ജോലികള്‍ സ്ത്രീകള്‍ ശമ്പളമില്ലാതെ ചെയ്യുന്നു. വീട്ടുജോലികളും കുട്ടികളെ നോക്കലുമൊക്കെ അതില്‍പ്പെടുന്നു.   

യു.എന്‍ വിമന്‍ പറയുന്നു:

  • പത്തില്‍ നാല് സ്ത്രീകളും പൊതുവിടങ്ങളില്‍ സുരക്ഷിതരല്ല. 
  • 65 ശതമാനം സ്ത്രീകളും ജീവിതത്തില്‍ എപ്പോഴെങ്കിലും അതിക്രമം നേരിട്ടവരാണ്.
  • നാലിലൊന്ന് സ്ത്രീകള്‍ക്കും വീട് സുരക്ഷിതമല്ല.
  • അഞ്ചിലൊന്ന് സ്ത്രീകള്‍ക്കും പകല്‍സമയത്തുപോലും ഒറ്റയ്ക്ക് നടക്കുമ്പോള്‍ സുരക്ഷിതരല്ലെന്ന് അനുഭവപ്പെടുന്നു. 

പൊതുവിടങ്ങള്‍ മുതല്‍ വീട് വരെ
ശൈശവവിവാഹം, ശാരീരികോപദ്രവവും ബലാത്സംഗവും, കൊലപാതകം, ഗാര്‍ഹികപീഡനം, ആസിഡ് അറ്റാക്ക്, മനുഷ്യക്കടത്ത് എന്നിങ്ങനെ പല രീതിയിലാണ് അതിക്രമങ്ങള്‍ നേരിടുന്നത്. പങ്കാളിയില്‍നിന്ന് നേരിടേണ്ടിവരുന്ന ശാരീരികപീഡനങ്ങളും ബലാത്സംഗവുമെല്ലാം ഇതിലുള്‍പ്പെടും. സ്ത്രീയുടെ സമ്മതമില്ലാതെ നടക്കുന്ന ഏതൊരു ലൈംഗികബന്ധവും, ബലാത്സംഗമായിട്ട് തന്നെയാണ് കണക്കാക്കുക. പക്ഷേ, അതെല്ലാം കുടുംബജീവിതത്തില്‍ സ്വാഭാവികമാണെന്ന് ചിന്തിക്കുന്നവരാണ് സ്ത്രീകളിലേറെയും. ഇതിനെല്ലാം പുറമെയുണ്ടാവുന്ന മാനസികമായ പീഡനങ്ങളും. തൊഴിലിടങ്ങളില്‍ സ്ത്രീകളെ സ്പര്‍ശിക്കുക, ലൈംഗികചുവയുള്ള സംസാരം നടത്തുക, അശ്ലീലചിത്രം കാണിക്കുക എന്നിവയെല്ലാം ലൈംഗികപീഡനത്തിന്റെ പരിധിയില്‍ വരുന്നു. 

പങ്കാളി നിങ്ങളോട് മോശമായി പെരുമാറുന്നുണ്ടോ?

  • നിങ്ങളുടെ ഓരോ നീക്കത്തിലും പങ്കാളി നിങ്ങളെ പിന്തുടരുന്നുണ്ടോ? -ഓരോ സമയത്തും നിങ്ങളെവിടെയാണെന്ന് ചോദിക്കുകയും ബന്ധുക്കളെയും കൂട്ടുകാരെയും കാണുന്നതില്‍നിന്ന് തടയുകയും ചെയ്യുന്നുണ്ടോ?
  • മെസേജിനും കോളുകള്‍ക്കും അപ്പോള്‍ തന്നെ മറുപടി വേണമെന്ന് ശാഠ്യം പിടിക്കുന്നുണ്ടോ? നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ് വേര്‍ഡ് വേണമെന്ന് നിര്‍ബന്ധംപിടിക്കുന്നുണ്ടോ?
  • നിങ്ങള്‍ക്കുവേണ്ടിയുള്ള തീരുമാനങ്ങള്‍ പോലും പങ്കാളിയാണോ എടുക്കുന്നത്?
  • മറ്റുള്ളവരുടെ മുന്നില്‍വെച്ച് താഴ്ത്തിക്കെട്ടുകയും നിങ്ങളുടെ രൂപത്തെയും താത്പര്യങ്ങളെയും നിരന്തരം അപമാനിക്കുന്നുമുണ്ടോ?
  • താത്പര്യമില്ലാതെ നിങ്ങളെ ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നുണ്ടോ?

എങ്കില്‍ ഇതൊക്കെ ഒരു ടോക്‌സിക്ക് ബന്ധത്തിന്റെ ലക്ഷണങ്ങളാണ്.

ഗ്വാട്ടിമാലയില്‍നിന്നുള്ള പ്രകടനം / AP

പുറത്തുപറയാന്‍ മടിക്കുന്നത്...
അതിക്രമമാണ് തനിക്കെതിരെ നടക്കുന്നതെന്നും അതില്‍നിന്ന് രക്ഷപ്പെടുകയെന്നത് അവകാശമാണെന്നും തിരിച്ചറിയാത്തവരാണ് അധികവും. എത്ര മോശം ബന്ധമാണെങ്കിലും അതില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയാത്തവരുമുണ്ട്. അതിന് കാരണങ്ങള്‍ പലതാണ്. സ്ത്രീകള്‍ക്കെതിരെ വിവാഹബന്ധത്തില്‍ നടക്കുന്ന അതിക്രമങ്ങളെ സ്വാഭാവികമായി കാണുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒട്ടും പറ്റില്ലെന്ന് പറയുമ്പോള്‍ പോലും, അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്കില്‍ കുടുക്കിയിടുന്ന വീട്ടുകാരും നാട്ടുകാരും. നീയൊന്ന് അഡ്ജസ്റ്റ് ചെയ്താല്‍ തീരുന്ന പ്രശ്‌നമേയുള്ളൂവെന്ന് കേള്‍ക്കുമ്പോള്‍, താനാണോ കുറ്റക്കാരിയെന്ന് തെറ്റിദ്ധരിച്ചുപോവുന്നവരും കുറവല്ല. അതിനൊപ്പം സാമ്പത്തികമായുള്ള സുരക്ഷിതത്വമില്ലായ്മ, വിവാഹബന്ധം വേര്‍പെടുത്തിയാല്‍ സമൂഹം എങ്ങനെ കാണുമെന്ന പേടി, തുടര്‍ന്ന് വീട്ടിലും നാട്ടിലുമുണ്ടാവുന്ന ഒറ്റപ്പെടല്‍, പിന്നീട് തന്നെയും കുട്ടികളെയും ആര് നോക്കുമെന്ന പേടി...കാരണങ്ങള്‍ നീളുന്നു. അതോടെ എന്തും സഹിച്ച് പിടിച്ചുനില്‍ക്കാമെന്ന് തീരുമാനിക്കുന്നു. അതുമാത്രമല്ല, കോമ്പ്രമൈസ് എന്ന പേരില്‍ വീണ്ടും ആ വിവാഹബന്ധത്തിലേക്ക് തിരിച്ചുപോവേണ്ടി വരുമെന്ന ചിന്തയും അവരെ പേടിപ്പിച്ചേക്കാം. ഇത് വീട്ടിലെ കാര്യം. 
പൊതുവിടത്തില്‍ അപമാനിക്കപ്പെടുമ്പോഴും അത് പുറത്തുപറയുന്നവരുടെ എണ്ണം വളരെ കുറവാണ്. അത് പുറത്തറിഞ്ഞാല്‍ ആളുകള്‍ എന്ത് കരുതുമെന്ന പേടി, എല്ലാവരും തന്നെ തെറ്റുകാരിയായി കാണുമോയെന്ന ഭയം, കുറ്റവാളികളില്‍നിന്ന് വീണ്ടും ഉപദ്രവം ഉണ്ടാവുമോയെന്ന പേടി...ഇതൊക്കെയാണ് അവരെ പിന്തിരിപ്പിക്കുന്നത്. 

 
 

Content Highlights: International Day for the Elimination of Violence against Women 2023