അവര്‍ സാധാരണ തൊഴിലാളികള്‍, അവരോട് മാന്യമായി പെരുമാറൂ, ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വീര്‍ ദാസും സോനു സൂദും

വിർ ദാസ്, സോനു സൂദ്- ഫോട്ടോ: എ.എഫ്.പി., പി.ടി.ഐ.
വിർ ദാസ്, സോനു സൂദ്- ഫോട്ടോ: എ.എഫ്.പി., പി.ടി.ഐ.

ഇന്‍ഡിഗോ വിമാനപ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് യാത്രക്കാര്‍. അപ്രതീക്ഷിതമായെത്തിയ ഈ പ്രതിസന്ധി യാത്രക്കാരുടെ എല്ലാ പദ്ധതികളെയും തെറ്റിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുകളിലെല്ലാം യാത്രക്കാരുടെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. പലപ്പോഴും പ്രതിഷേധത്തിന് മുന്നില്‍ നിസ്സഹായരാവുന്നത് എയര്‍പോര്‍ട്ടിലെ കൗണ്ടറിലുള്ള സാധാരണ തൊഴിലാളികളും.
ഇപ്പോഴിതാ ഇന്‍ഡിഗോയിലെ കൗണ്ടര്‍ സ്റ്റാഫിനോട് മാന്യമായി പെരുമാറാന്‍ അഭ്യര്‍ഥിക്കുകയാണ് ബോളിവുഡ് താരങ്ങളായ വിര്‍ ദാസും സോനു സൂദും. എക്‌സിലൂടെയാണ് ഇരുവരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
' ഇന്‍ഡിഗോ ചെയ്യേണ്ട ശരിയായ കാര്യം എന്തെന്നാല്‍, യാതൊരു അധികാരവും ഇല്ലാത്ത, താഴേത്തട്ടിലെ ജീവനക്കാര്‍, കാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരെ അലര്‍ച്ചയും ബഹളവും കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുന്നതിന് പകരം അവരുടെ മുതിര്‍ന്ന മാനേജ്‌മെന്റ് സ്റ്റാഫിനെ എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിക്ക് നിര്‍ത്തണം. തീരുമാനമെടുക്കാന്‍ കഴിവുള്ള സിഇഒ മുതല്‍ വൈസ് പ്രസിഡന്റുമാര്‍ വരെ എല്ലാവരും.' കോമേഡിയനും നടനുമായ വിര്‍ ദാസ് എക്‌സില്‍ കുറിച്ചു.

അതേസമയം ഇന്‍ഡിഗോയെ മൊത്തത്തില്‍ പിന്തുണച്ചായിരുന്നു സോനു സൂദിന്റെ പ്രതികരണം.
' വിമാനം വൈകുന്നത് നിരാശാജനകമാണ്. എങ്കിലും അത് പരിഹരിക്കാന്‍ ശ്രമിക്കുന്നവരുടെ മുഖങ്ങള്‍ ഓര്‍ക്കുക. ഇന്‍ഡിഗോ ജീവനക്കാരോട് ദയയും വിനയവും കാണിക്കുക. ടിക്കറ്റ് റദ്ദാക്കപ്പെട്ടതിന്റെ ഭാരവും അവര്‍ വഹിക്കുന്നുണ്ട്. നമുക്ക് അവരെ പിന്തുണയക്കാം''- സോനു സൂദ് കുറിച്ചു.
അതേസമയം, ശനിയാഴ്ചയും ഇന്‍ഡിഗോ വന്‍പ്രതിസന്ധി നേരിട്ടു. വെള്ളിയാഴ്ച ആയിരത്തിലധികം സര്‍വീസുകളാണ് റദ്ദാക്കിയത്. ഈ മാസം പകുതിവരെ ഈ പ്രതിസന്ധി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Passengers face Indigo flight disruptions. Vir Das & Sonu Sood ask for respectful treatment of ground staff amidst the ongoing crisis