'സ്ത്രീകളുടെ മത്സരത്തില്‍ എന്തിന് പുരുഷന്മാര്‍'-ഒളിമ്പിക്‌സില്‍ വിവാദം

പാരിസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 66 കിലോ ബോക്‌സിങ് മത്സരം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാന്‍ ഖെലിഫിന്റെ പഞ്ച് താങ്ങാനാവാതെ ഇറ്റലിയുടെ ആഞ്ജല കരീനി മത്സരത്തില്‍ നിന്ന് പിന്മാറിയതാണ് വിവാദമായത്. ബോക്സിങ് മത്സരത്തില്‍ തികച്ചും അസാധാരണമായ ഒരു സംഭവമാണിത്. മത്സരം തുടങ്ങി 46 സെക്കന്‍ഡ് പിന്നിട്ടപ്പോഴേക്കും ആഞ്ജല കരഞ്ഞുകൊണ്ട് കളിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
അവരുടെ മൂക്കിന് പരിക്കേറ്റെന്നാണ് കരുതുന്നത്. മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. ഖെലിഫിന്റെ പഞ്ചുകളോട് 'ഇത് ശരിയല്ല' എന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് താരം പുറത്തിറങ്ങി. ഇതിനു പിന്നാലെ ഖെലിഫ് സ്ത്രീയല്ലെന്നും ട്രാന്‍സ്‌ജെന്‍ഡറോ പുരുഷനോ ആണെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലടക്കം സജീവമായി. എതിരാളി ഏത് ലിംഗത്തില്‍ പെട്ടയാളാണെന്നറിയാതെ സ്ത്രീക്ക് എങ്ങനെ അയാളോട് മത്സരിക്കാന്‍ കഴിയുമെന്നും ചോദ്യമുയര്‍ന്നു.
മുമ്പും വിവാദം
2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയിരുന്നു ഖെലിഫ്. എന്നാല്‍ ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്‍ അവരെ അയോഗ്യയാക്കി. ശരീരത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റീറോണ്‍ കൂടുതലായതാണ് അയോഗ്യയാക്കാന്‍ കാരണമെന്ന് പിന്നീട് അള്‍ജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡി.എന്‍.എ. ടെസ്റ്റില്‍ പുരുഷന്മാര്‍ക്കുള്ള എക്‌സ്, വൈ, ക്രോമസോമുകള്‍ കണ്ടെത്തിയെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഉമര്‍ ക്രെംലേവും പിന്നീട് അറിയിച്ചു. എന്നാല്‍, ഇമാനെ വിലക്കിയ തീരുമാനത്തെ ഒളിമ്പിക് കമ്മറ്റി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കിയത്. ഇത്തവണ ഐ.ഒ.സി.യിലെ ബോക്‌സിങ് യൂണിറ്റാണ് മത്സരം സംഘടിപ്പിച്ചത്. 25 വയസ്സുള്ള ഖെലിഫ് 51 തവണയാണ് റിങ്ങിലിറങ്ങിയത്. ഒന്‍പതെണ്ണത്തില്‍ മാത്രമേ തോറ്റിട്ടുള്ളൂ. കഴിഞ്ഞ ഒളിമ്പിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു.
ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് അടക്കമുള്ളവര്‍ ഒളിമ്പിക്‌സ് സമിതിക്കെതിരേ വിമര്‍ശനവുമായെത്തിയിട്ടുണ്ട്. 'ഈ ഭ്രാന്ത് എന്ന് അവസാനിക്കും? പുരുഷന് സ്ത്രീയാവാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കാത്തത്?' അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്ത്രീകളുടെ ബോക്‌സിങ് മത്സരത്തില്‍ പുരുഷന്മാര്‍ മത്സരിക്കരുതെന്നാണ് ജെ.കെ. റൗളിങ്ങ് പ്രതികരിച്ചത്. കരീനിയെന്ന വനിതാ ബോക്‌സറുടെ ഒളിമ്പിക്‌സ് സ്വപ്‌നം ഖെലിഫ് എന്ന പുരുഷ ബോക്‌സര്‍ തകര്‍ത്തുവെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
Content Highlights: imane khelif defeats angela carini in 46 seconds at paris olympics