നിക്ഷേപതട്ടിപ്പുകളില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്?

കാലാവധിയെത്തിയ എഫ്.ഡി പുതുക്കിയിടുന്നതിനാണ് സൗമ്യ ബാങ്കിലെത്തിയത്. സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ ലഭിക്കുമെന്ന വാഗ്ദാനം കേട്ട് നിക്ഷേപം മറ്റൊരു പദ്ധതിയിലേക്ക് മാറ്റുകയും ചെയ്തു. ഒരു ലക്ഷം രൂപ വീതം അഞ്ച് വര്‍ഷം നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്നായിരുന്നു വിശ്വസിപ്പിച്ചത്. ഓഹരി നിക്ഷേപവും ഇന്‍ഷുറന്‍സും കൂട്ടിക്കലര്‍ത്തിയുള്ള യുലിപ് പ്ലാനിലാണ് ചേര്‍ത്തിയത് എന്നൊന്നും സൗമ്യക്കറിയില്ലായിരുന്നു. സ്ഥിര നിക്ഷേപ പദ്ധതികളിലേതുപോലെ ഉറപ്പുള്ള നേട്ടം ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതിയില്‍നിന്ന് പിന്മാറാനായതിന്റെ ആശ്വാസത്തിലാണ് സൗമ്യ ഇപ്പോള്‍.
നിക്ഷേപം ഇരട്ടിപ്പിച്ച് തരാമെന്ന വാഗ്ദാനത്തില്‍ പണം നഷ്ടപ്പെടുത്തുന്ന നിരവധിപ്പേരുടെ കഥകള്‍ ദിനംപ്രതി കേള്‍ക്കുന്നുണ്ട്. രണ്ടുതരം തട്ടിപ്പുകളാണ് പൊതുവേ നിക്ഷേപരംഗത്തുള്ളത്. ഒന്ന് പണമിരട്ടിപ്പിന് പിന്നിലെ തട്ടിപ്പ് പദ്ധതികളും മറ്റൊന്ന് കൂടുതല്‍ നേട്ടം വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ചുള്ള തെറ്റായ വിപണനവും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും 'മിസ് സെല്ലിങ്' ധാരാളം നടക്കുന്നുണ്ട്.
നഷ്ട സാധ്യതയുണ്ടെന്ന് അറിയാതെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഓഹരി വിപണിയിലെ നിക്ഷേപത്തിന് ഉയര്‍ന്ന റിസ്‌ക് ഉണ്ടെന്ന് കരുതുന്നവരില്‍ പലരും മ്യൂച്വല്‍ ഫണ്ടില്‍ അതില്ലെന്ന് വിശ്വസിക്കുന്നു. തട്ടിപ്പുകളിലെല്ലാം ചെന്നുചാടുന്നതോ ഉന്നത വിദ്യാഭ്യാസം നേടിയവരും ഉയര്‍ന്ന ജീവിത നിലവാരമുള്ളവരും.
തട്ടിപ്പുകളെക്കുറിച്ച് ഇത്രയധികം അവബോധമുള്ള ഒരു സമൂഹം ഇതുവരെയുണ്ടാട്ടുണ്ടാവില്ല. എന്നിട്ടും പോണ്‍സി സ്‌കീമുകളുടെയും തെറ്റായ വിപണനത്തിന്റെയും ഇരകളാകുന്നത് എന്തുകൊണ്ടാണ്?
എളുപ്പത്തില്‍ സമ്പത്തുണ്ടാക്കാനുള്ള വഴികളാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഓഹരിയില്‍നിന്ന് അഞ്ഞൂറും ആയിരവും ശതമാനംവരെ റിട്ടേണ്‍ വാഗ്ദാനം ചെയ്യുമ്പോള്‍ മറ്റൊന്നും ആലോചിക്കാതെ എടുത്തുചാടുന്നത് അതുകൊണ്ടാണ്. അധ്വാനിക്കാതെ പണമുണ്ടാക്കാനുള്ള അത്യാഗ്രഹവും അധ്വാനിച്ച പണം മികച്ച പദ്ധതികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരിക്കാനുള്ള ക്ഷമയും ഇല്ലാത്തതാണ് പ്രധാന കാരണം.
സുഹൃത്തിന്റെയോ അയല്‍ക്കാരന്റെയോ സമ്പത്ത് കാണുന്നതിനേക്കാള്‍ അസ്വസ്ഥതയുണ്ടാക്കുന്ന മറ്റൊന്നില്ല എന്ന റോബര്‍ട്ട് ഇസഡ് അലിബറിന്റെയും ചാള്‍സ് കിന്‍ഡില്‍ബെര്‍ഗിന്റെയും 'മാനിയാസ് പാനിക്‌സ് ആന്‍ഡ് ക്രാഷസ്'ലെ പരാമര്‍ശം ശ്രദ്ധേയമാണ്. മറ്റുള്ളവരേക്കാള്‍ സമ്പത്ത് നേടാനുള്ള മോഹമാണ് തട്ടിപ്പ് പദ്ധതികളിലേക്ക് അന്ധമായി എടുത്തചാടാന്‍ പ്രേരണയാകുന്നത്.
കൂടുതല്‍ നേട്ടത്തിന് കൂടുതല്‍ റിസ്‌ക് എന്നത് തെറ്റിദ്ധരിക്കപ്പെട്ട ആശയമാണ്. വിപണിയിലെ ചാഞ്ചാട്ടവും അതുമായി ബന്ധപ്പെട്ട റിസ്‌കുമാണ് ഇവിടെ വിവക്ഷ. റിസ്‌കിനെക്കുറിച്ച് ബോധ്യമില്ലാത്തതിനാലാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമായി മ്യൂച്വല്‍ ഫണ്ടുകളും ഓഹരി നിക്ഷേപത്തിന് പകരമായി ഡെറിവേറ്റീവ് ഇടപാടുകളും പരിഗണിക്കുന്നത്.
തട്ടിപ്പ് പദ്ധതികളും നിക്ഷേപത്തിലെ റിസ്‌കും പണ്ടും ഇവിടെയു്. അപ്പോള്‍പിന്നെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്? പദ്ധതിയെക്കുറിച്ച് വ്യക്തമായി അറിഞ്ഞ് മാത്രം നിക്ഷേപം നടത്തുക. ആവശ്യമെങ്കില്‍ വിദഗ്ധ ഉപദേശം തേടുകയുമാകാം.
Content Highlights: how to take care investment frauds