'ഭര്‍ത്താവ് ആബിദിനെ ഇനി കാണുമോ? ബോംബ് ശബ്ദം നെഞ്ചുലയ്ക്കുന്നു' പങ്കാളികളെ പിരിഞ്ഞ ഗാസയിലെ സ്ത്രീകള്‍

പല രാത്രികളിലും റഹീല്‍ ഉണര്‍ന്ന് കിടക്കും. മുഖത്തുകൂടി കണ്ണുനീര്‍ ഒഴുകുന്നുണ്ടാകും. ഫോണ്‍ കൈയില്‍പിടിച്ച് ഭര്‍ത്താവിന്റെയോ പിതാവിന്റെയോ സന്ദേശം വരുന്നുണ്ടോയെന്ന് കണ്ണും നട്ടിരിക്കും. പ്രാര്‍ഥിച്ച് രാത്രികള്‍ തള്ളിനീക്കും. ദൂരെനിന്നു കേള്‍ക്കുന്ന ബോംബുകളുടെ ഭീകരമായ ശബ്ദം, പ്രിയപ്പെട്ടവനും കുടുംബവും നേരിട്ടേക്കാവുന്ന ആപത്തിനെക്കുറിച്ച് നിരന്തരമായി ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. അവര്‍ സുരക്ഷിതരാണോ, ഇനി കാണുമോ എന്നറിയാതെ വേദിപ്പിച്ച് ദിവസങ്ങള്‍ കടന്നുപോകുന്നു...
'ജൂണില്‍ ഞാനറിഞ്ഞു, എന്റെ ഭര്‍ത്താവിന്റെ സഹോദരന്‍ കൊല്ലപ്പെട്ട വിവരം. ഈ സമയത്ത് ഗാസാ സിറ്റിയില്‍ എന്റെ ഭര്‍ത്താവിനെ ആശ്വസിപ്പിക്കാന്‍ ഞാനുണ്ടായിരുന്നെങ്കില്‍...കുടുംബാംഗങ്ങളെ മരണം കവര്‍ന്നതറിഞ്ഞിട്ടും ഇത്രയും ദൂരെനിന്ന് നിസ്സഹായയായി ഇരിക്കാനേ എനിക്കാവുന്നുള്ളൂ. ഇനി ഭര്‍ത്താവ് ആബിദിനെ കാണാന്‍ കഴിയുമോ? എനിക്കുറപ്പില്ല.'- ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയവേ, റഹീല്‍ എന്ന 27-കാരി അല്‍ജസീറ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണിത്. കുടുംബത്തിന്റെ നിര്‍ബന്ധപ്രകാരം ഗാസയില്‍ നിന്ന് ഖാന്‍ യൂനിസിലേക്ക് കുഞ്ഞിനെയുമെടുത്ത് പുറപ്പെട്ടതായിരുന്നു അവര്‍.
സ്വന്തം ഹൃദയം തകരുമ്പോഴും, മാതാവിന്റെയും സഹോദരിമാരുടെയും സംരക്ഷണത്തിന്റെ ചുമതലയേറ്റെടുത്ത് മനസ്സിനെ ശക്തിപ്പെടുത്തിയിരിക്കുകയാണവര്‍. 'ഞാന്‍ അവര്‍ക്കായി ശക്തമായി നിലകൊള്ളണം, ഒരു ദിവസം, നമ്മുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കുമെന്നും ജീവിതം തിരിച്ചുകിട്ടുമെന്നും വിശ്വസിക്കണം'-റഹീല്‍ പറഞ്ഞു.
ഇസ്രയേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ജീവനുംകൊണ്ട് ഓടിയപ്പോള്‍ കുടുംബത്തില്‍ നിന്ന് ചിതറിപ്പോയവരാണ് ഗാസയില്‍ അവശേഷിക്കുന്നവരില്‍ ഭൂരിഭാഗവും. ഇസ്രയേല്‍ ആക്രമണം തുടങ്ങിയതുതൊട്ട് ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് പട്ടിണിയും മരണഭയവുമായി കൈക്കുഞ്ഞുങ്ങളെ മാത്രം കൈയിലെടുത്ത് നടന്നവര്‍, ഒപ്പമോടിയവരില്‍ വേണ്ടപ്പെട്ടവരുമുണ്ടോയെന്ന് തിരിഞ്ഞുനോക്കാന്‍പോലും കഴിയാത്തവര്‍... തൊട്ടടുത്ത നിമിഷത്തില്‍ മരണം തങ്ങള്‍ക്കു മുമ്പിലെത്തുമെന്ന ഭയമല്ലാതെ അവരെ മറ്റൊന്നും നയിക്കുന്നില്ല. പങ്കാളികളെ വേര്‍പെടുത്തിയ, മക്കളെയും രക്ഷിതാക്കളെയും വേര്‍പെടുത്തിയ, സഹോദരങ്ങളെ വേര്‍പെടുത്തിയ യുദ്ധം ഇനിയും അവസാനിക്കാത്തത് അവരെ കഠിനദുഖത്തിലാഴ്ത്തുകയാണ്. ദുരന്തമുഖത്തുനിന്ന് കുഞ്ഞുങ്ങളെ സുരക്ഷിതസ്ഥാനത്തെത്തിക്കാന്‍ ഭര്‍ത്താക്കന്മാരെ വിട്ട് ഓടിപ്പോവേണ്ടിവന്ന ഒട്ടേറെ സ്ത്രീകളുണ്ട്.
'അവന്റെ വിധിയെന്തെന്ന് അറിയാത്തതാണ് വലിയ വേദന'
റഹീലിനെപ്പോലെത്തന്നെയാണ് വലായുടെയും അവസ്ഥ. മൂന്നുകുട്ടികളുടെ അമ്മയാണവര്‍. മൂന്നു കുഞ്ഞുങ്ങളുടെ സുരക്ഷയെക്കരുതി ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് അവര്‍ സുരക്ഷിതമെന്ന് കരുതുന്ന അഭയാര്‍ഥി ക്യാമ്പിലേക്ക് മാറിയത്. ഇവിടെനിന്ന് മധ്യഗാസയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. നിരന്തരമായ ബോംബാക്രമണമുണ്ടായപ്പോള്‍ വലായും ഭര്‍ത്താവും താത്കാലികമായി പിരിയാന്‍ തീരുമാനമെടുത്തു. നവംബറില്‍ മക്കളെയും കൊണ്ട് വലാ തെക്കുഭാഗത്തേക്ക് സഞ്ചരിച്ചു. പരിക്കേറ്റ പിതാവിനെ പരിചരിക്കാന്‍ ഭര്‍ത്താവ് വീട്ടില്‍ തന്നെ തുടര്‍ന്നു. ഭക്ഷണമില്ലാതെ, സംരക്ഷണമില്ലാതെ, മക്കളുടെ അച്ഛനും അമ്മയുമാവുകയാണ് 31-കാരി വലായിപ്പോള്‍.
'സ്വന്തം രക്ഷിതാക്കളെപ്പോലെ ആര്‍ക്കും മക്കളെ പരിചരിക്കനാവില്ലല്ലോ...എല്ലാ രാത്രിയും അവര്‍ കരയുന്നു, പിതാവിനെ കാണണം, സുരക്ഷിതരാവണം, എനിക്ക് അവരെ ആശ്വസിപ്പിക്കാനാവുന്നില്ല. ആശയവിനിമയം സാധ്യമാകുന്നില്ല. കുട്ടികള്‍ പിതാവിനെപ്പറ്റി ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഉറങ്ങാനാവുന്നില്ല. ഭര്‍ത്താവിനെപ്പറ്റിയുള്ള ആധിയാണ്. എന്റെയൊരു ഭാഗം ഇല്ലാത്തതുപോലെ, അദ്ദേഹത്തെപ്പറ്റി ഒന്നുമറിയാതെ ജീവിക്കുന്നതാണ് ഏറ്റവും വലിയ വേദന. ഇപ്പോള്‍ എട്ടുമാസമായി പിരിഞ്ഞിട്ട്, അദ്ദേഹവുമായി ഒന്നിക്കുന്നത് വിദൂരസ്വപ്‌നമായി അവശേഷിക്കുകയാണ്. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഭര്‍ത്താവിനെ വിട്ട്, വടക്കന്‍ മേഖല വിട്ട് കുഞ്ഞുങ്ങളുമായി പോരാന്‍ തീരുമാനിച്ച ദിവസത്തെ ഞാനിന്ന് പഴിക്കുന്നു.'-വലാ പറയുന്നു.
'അവരെന്റെ ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ഞാന്‍ കണ്ടു'
യുദ്ധം ആരംഭിച്ചശേഷവും വടക്കന്‍ ഗാസയില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചവരാണ് ദുവയും ഭര്‍ത്താവ് അബ്ദുള്ളയും. സുരക്ഷ എവിടെയുമില്ലെന്ന തിരിച്ചറിവിലായിരുന്നു അത്. ഗാസ തുറമുഖമേഖലയിലെ വീട്ടില്‍ നിന്ന് യാര്‍മൂഖ് ചത്വരത്തിലേക്ക് താമസം മാറി. ഹമാസുമായോ മറ്റേതെങ്കിലും പാര്‍ട്ടികളുമായോ യാതൊരു ബന്ധവുമില്ല തങ്ങള്‍ക്കെന്ന് പറഞ്ഞ അവര്‍ അതുകൊണ്ട് തങ്ങള്‍ സംരക്ഷിതരാകുമെന്ന് വിശ്വസിച്ചു. എന്നാല്‍ ഇസ്രയേല്‍ സൈന്യം മേഖല വളഞ്ഞ് സ്ത്രീകളെയും മുതിര്‍ന്നവരെയും ഉപദ്രവിക്കുകയും പുരുഷന്മാരെ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ സഹോദരനെയും പിതാവിനെയും കണ്‍മുന്നില്‍ ആക്രമിച്ച് ഇസ്രയേല്‍ സൈന്യം പിടിച്ചുകൊണ്ടുപോയതിന്റെ നടുക്കത്തിലാണ് ദുവ. ആ ഓര്‍മ അവരെ നിരന്തരം വേട്ടയാടുന്നു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇസ്രയേല്‍ സൈന്യം ഇടിച്ചുകയറി വന്നതെന്നു പറഞ്ഞതും ദുവയുടെ ശബ്ദം മുറിഞ്ഞു.
'ഞങ്ങള്‍ നിസ്സഹായരായി. അവരെ ഇസ്രയേല്‍ ജയിലിലേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിഞ്ഞു. അദ്ദേഹത്തിന് ഏല്‍ക്കാനിടയുള്ള പീഡനങ്ങളോര്‍ത്തപ്പോള്‍ സഹിക്കാനായില്ല.'
60 ദിവസത്തോളം ദുവയ്ക്ക് അബ്ദുള്ളയുമായി ബന്ധമുണ്ടായിരുന്നില്ല. ഒന്നര വയസ്സുള്ള മകള്‍ക്കൊപ്പം വടക്കന്‍ ഗാസയില്‍ തുടരുകയായിരുന്നു. പിന്നീട് ഭര്‍ത്താവ് മോചിപ്പിക്കപ്പെട്ടു, തെക്കെവിടെയോ ആണുള്ളത്. വടക്കന്‍ ഗാസയിലേക്ക് ആരെയും സഞ്ചരിക്കാന്‍ അനുവദിക്കുന്നില്ല ഇസ്രയേല്‍. അദ്ദേഹം ഒപ്പമില്ലെന്ന കഠിനമായ സത്യം ഉള്‍ക്കൊള്ളുക എളുപ്പമായിരുന്നില്ല. മകള്‍ക്കുവേണ്ടി ശക്തയായിരിക്കുക എന്നതിനപ്പുറം തനിക്കൊന്നും ചെയ്യാനില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. മരണമുഖത്തുനിന്ന് തുടര്‍ച്ചയായി സുരക്ഷിതസ്ഥലങ്ങള്‍ തേടി അലയുകയാണ് ദുവയും കുടുംബവും.
(കടപ്പാട്: അല്‍ജസീറ)
Content Highlights: how israel’s war on gaza tears spouses apart