കോണ്ടം നിർമാണം ആമത്തോടും ആട്ടിന്‍കുട്ടിയുടെ കുടലും മൃഗങ്ങളുടെ കൊമ്പും കൊണ്ടായിരുന്നു

ഫോട്ടോ: Shutterstock
ഫോട്ടോ: Shutterstock

എത്രയൊക്കെ ചര്‍ച്ചകളും അവബോധപരിപാടികളും നടത്തുമ്പോഴും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം ഇന്നും വളരെ കൂടുതലാണ്. അതിന്റെ ഭാഗമായുണ്ടാവുന്ന ലൈംഗികസംബന്ധമായ അസുഖങ്ങള്‍ വേറെയും. ഈ പശ്ചാത്തലത്തിൽ കോണ്ടം ഉപയോഗത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാനായി ലോകാരോഗ്യ സംഘടന ഫെബ്രുവരി 13, ലോക കോണ്ടം ദിനമായി ആചരിക്കുകയും ചെയ്യുന്നു.

2024-ല്‍ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണല്‍ ഓഫീസ് ഒരു കണക്ക് പുറത്തുവിട്ടിരുന്നു. അതുപ്രകാരം കൗമാരക്കാര്‍ക്കിടയില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം 2014-നുശേഷം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. കോണ്ടം ഉപയോഗം വളരെ കുറവാണെന്നത് തന്നെയാണ് ഇതിന്റെ അര്‍ത്ഥം. ലോകാരോഗ്യ സംഘടനയുടെ മറ്റു ചില കണക്കുകള്‍ ഇങ്ങനെ. 

ഓരോ ദിവസവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ ഒരു ദശലക്ഷത്തിലേറെ ആളുകള്‍ രോഗബാധിതരാവുന്നു, അതും 15-നും 49-നുമിടയ്ക്കുള്ള പ്രായത്തില്‍. 2022-ല്‍ മാത്രം 8 ദശലക്ഷം പേര്‍ക്കാണ് സിഫിലിസ് എന്ന അസുഖം ബാധിച്ചത്. 80 ദശലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭം ധരിക്കുകയും ചെയ്യുന്നു.  

ഇന്നും കോണ്ടം എന്ന വാക്ക് അല്പം ചമ്മലോടെയും നാണത്തോടെയുമാണ് സമൂഹം ചര്‍ച്ച ചെയ്യുന്നത്. ആഗ്രഹിക്കാതെയുള്ള ഗര്‍ഭധാരണം നിയന്ത്രിക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി മാത്രം പലപ്പോഴും മാറുന്നു. 2019-2021-ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നല്‍കുന്ന വിവരമിങ്ങനെ. 76 ശതമാനം പേരും ഇന്ത്യയില്‍ യാതൊരു തരത്തിലുള്ള മുന്‍കരുതലുകളും ലൈംഗികബന്ധത്തില്‍ സ്വീകരിക്കുന്നില്ല.  

നൂറ്റാണ്ടുകള്‍ മുമ്പുതന്നെ കോണ്ടം ഉപയോഗം ഉണ്ടായിരുന്നുവെന്ന് രേഖകള്‍ പറയുന്നു. ഓയില്‍ഡ് സില്‍ക്ക് പേപ്പറിലോ ആട്ടിന്‍കുട്ടിയുടെ കുടലിലോ നിര്‍മിച്ചിരുന്ന കോണ്ടമാണത്രേ ആദ്യം ഉപയോഗിച്ചിരുന്നത്. ജപ്പാനില്‍ ആമയുടെ തോടിലോ മൃഗങ്ങളുടെ കൊമ്പിലോ ആയിരുന്നു നിര്‍മാണം. ഇംഗ്ലണ്ടിലെ രാജാവായ ഹെന്റി എട്ടാമന്റെ കാലത്ത് മൃഗങ്ങളുടെ അവയവങ്ങള്‍ കൊണ്ടുണ്ടാക്കിയ കോണ്ടം ഉണ്ടായിരുന്നുവെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. 

1923-ല്‍ സ്ത്രീകള്‍ക്കായുള്ള കോണ്ടവും നിര്‍മിക്കപ്പെട്ടു. ജനനനിയന്ത്രണം എന്ന ലക്ഷ്യവുമായി മേരി സ്‌റ്റോപ്‌സ് എന്ന സ്ത്രീയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. കട്ടിയുള്ള റബ്ബര്‍ കൊണ്ടാണിത് നിര്‍മിക്കപ്പെട്ടത്. കഴുകി വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന  തരത്തിലായിരുന്നുവിത്. 1993-ല്‍ ഇതിന്റെ കുറച്ചുകൂടി ആധുനികമായവയും പുറത്തുവന്നു. പക്ഷേ, സ്ത്രീകള്‍ക്കിടയില്‍ ഈ കോണ്ടം ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടും പേടിയും കാരണം ഇതിനേറെ പ്രചാരം കിട്ടിയില്ല.  

അഡ്രിയാന ബെര്‍ട്ടിനി നിര്‍മിച്ച വസ്ത്രങ്ങള്‍

പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന അനാറ്റമിസ്റ്റ് കൂടിയായ ഗബ്രിയേല്‍ ഫല്ലോപ്പിയോയുടെ പുസ്തകങ്ങളില്‍ കോണ്ടങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ പുസ്തകം മറ്റുള്ളവര്‍ കാണുന്നത്. താന്‍ നിര്‍മിച്ചെന്ന് അദ്ദേഹം അവകാശപ്പെടുന്ന കോണ്ടം, ലിനന്റെ നേര്‍ത്ത ആവരണമാണ്. ഇത് കുറേ മരുന്നുകൂട്ടുകളില്‍ മുക്കിവെച്ച് ഉണങ്ങിയശേഷമാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാലിത് ലൈംഗികരോഗങ്ങള്‍ പകരുന്നത് തടയാനുള്ള മാര്‍ഗമായിട്ടായിരുന്നു അദ്ദേഹം കണ്ടത്. പ്രത്യേകിച്ച് സിഫിലിസ് എന്ന രോഗം. ലൈംഗികരോഗമുള്ള പങ്കാളിയുമായുള്ള ബന്ധത്തിനുശേഷം ആ ഉറകള്‍ ധരിച്ചാല്‍, അണുക്കള്‍ നശിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. 18-ാം നൂറ്റാണ്ടില്‍ ഇതിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. 1839-ലാണ് റബ്ബര്‍ കോണ്ടം ആദ്യമായി നിര്‍മിക്കപ്പെടുന്നത്. ഇതിനുപിന്നില്‍ അമേരിക്കന്‍ കെമിസ്റ്റായ ചാള്‍സ് ഗുഡ്ഇയര്‍ ആണ്. 

കോണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ആളുകള്‍ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബ്രസീലിയന്‍ കലാകാരിയാണ് അഡ്രിയാന ബെര്‍ട്ടിനി. സ്ത്രീകള്‍ക്കായി ഭംഗിയുള്ള കോണ്ടം ഡ്രസ് ഡിസൈന്‍ ചെയ്തും മറ്റുമാണ്, അവര്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിച്ചത്. അതിനൊപ്പം പാവകളുടെ വസ്ത്രമുണ്ടാക്കാനും മൊബൈല്‍ കവറുണ്ടാക്കാനുമെല്ലാം അവര്‍ കോണ്ടം ഉപയോഗിച്ചു. ഈ വസ്ത്രങ്ങളെല്ലാം വെച്ച് അവരൊരു ശില്‍പശാലയും സംഘടിപ്പിച്ചു. Dress Up Against AIDS: Condom Couture എന്നായിരുന്നു അതിന്റെ പേര്. ഡ്രസ്സും സ്യൂട്ടും സ്‌കര്‍ട്ടുമെല്ലാം ഇങ്ങനെ അഡ്രിയാന തയ്യാറാക്കി. 

''ഇന്നും കോണ്ടം എന്നാല്‍ ഏറ്റവും മോശം കാര്യമായാണ് സമൂഹം കാണുന്നത്. വസ്ത്രം പോലെ സാധാരണമാണ് അതുമെന്ന് ആളുകളെ മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്'', അഡ്രിയാന പറയുന്നു. കോണ്ടം ആര്‍ട്ട് വര്‍ക്ക്‌ഷോപ്പുകളും അവര്‍ നടത്തുന്നു. ക്വാളിറ്റി ടെസ്റ്റില്‍ തള്ളിപ്പോവുന്ന കോണ്ടങ്ങളാണ് അഡ്രിയാന ഇതിനായി ഉപയോഗിച്ചത്. 


 

Content Highlights: history of condoms