‘ഷാരൂഖ് കുട്ടിക്കാലത്തെ ക്രഷ്, ആമിറിനൊപ്പം പ്രവർത്തിക്കാൻ മോഹം, സല്‍മാനെ അറിയില്ല’

ഗുനീത് മോംഗ / ANI
ഗുനീത് മോംഗ / ANI

ഓസ്‌കാര്‍ ജേതാവായ നിര്‍മ്മാതാവാണ് ഗുനീത് മോംഗ. ഇവര്‍ അടുത്തിടെ കോമള്‍ നാഹ്തയുടെ 'ഗെയിം ചേഞ്ചേഴ്സ്' എന്ന പോഡ്കാസ്റ്റില്‍ പങ്കെടുത്തു. ചലച്ചിത്ര നിര്‍മ്മാതാവായ അവര്‍ ഷാരൂഖ് ഖാനോടുള്ള ആരാധന പ്രകടിപ്പിക്കുകയും, ആമിര്‍ ഖാനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും, മൂവരില്‍ ഏറ്റവും ജനപ്രീതി കുറഞ്ഞ നടനായി സല്‍മാന്‍ ഖാനെ തിരഞ്ഞെടുക്കുകയും ചെയ്തു.

ഒരു റാപ്പിഡ്-ഫയര്‍ റൗണ്ടില്‍, മൂന്ന് ഖാന്മാരെ റാങ്ക് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. ഗുനീതിന്റെ പെട്ടെന്നുള്ള മറുപടി ഇങ്ങനെയായിരുന്നു, 'ഷാരൂഖ് ഖാന്‍ എന്റെ കുട്ടിക്കാലത്തെ ക്രഷ് ആണ്. മുംബൈയിലേക്ക് വരാന്‍ എനിക്ക് പ്രചോദനമായത് ഷാരൂഖ് ഖാനാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഖാന്‍ ആമിറാണ്.'

സല്‍മാനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗുനീത് ഇങ്ങനെ പറഞ്ഞു, 'എനിക്ക് അദ്ദേഹത്തെ അറിയില്ല. അദ്ദേഹത്തിന് എന്നെ അറിയാമെന്നും ഞാന്‍ കരുതുന്നില്ല. ഞാന്‍ ആമിറിനെയും ഷാരൂഖിനെയും കണ്ടിട്ടുണ്ട്, പക്ഷേ സല്‍മാനെ ഇതുവരെ കണ്ടിട്ടില്ല.' ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ഖാന്മാരെ റാങ്ക് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, അവര്‍ ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനെയും, തുടര്‍ന്ന് ആമിര്‍ ഖാനെയും, മൂന്നാമതായി സല്‍മാന്‍ ഖാനെയും തിരഞ്ഞെടുത്തു.

പ്രശസ്ത നിര്‍മ്മാതാവും സിഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ സ്ഥാപകയുമാണ് ഗുനീത് മോംഗ. മുംബൈ ആസ്ഥാനമായുള്ള ഈ പ്രൊഡക്ഷന്‍ ഹൗസാണ് 'ദി ലഞ്ച്ബോക്സ്' (2013), 'മസാന്‍' (2015), 'സുബാന്‍' (2016), 'പഗ്ലൈറ്റ്' (2021) തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ പ്രശംസ നേടിയ നിരവധി സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള അക്കാദമി അവാര്‍ഡ് നേടിയ 'പീരിയഡ് എന്‍ഡ് ഓഫ് സെന്റന്‍സ്' (2019) എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു അവര്‍.

നെറ്റ്ഫ്‌ലിക്‌സിന്റെ 'ദി എലിഫന്റ് വിസ്പറേഴ്സ്' (2022) എന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിലൂടെ ഗുനീത് തന്റെ രണ്ടാമത്തെ ഓസ്‌കാര്‍ നേടി. അവരുടെ ഏറ്റവും പുതിയ നിര്‍മ്മാണ സംരംഭം റാം റെഡ്ഡി സംവിധാനം ചെയ്ത് മനോജ് ബാജ്പേയി അഭിനയിച്ച 'ജുഗ്‌നുമ - ദി ഫേബിള്‍' ആണ്. ദീപക് ദോബ്രിയാല്‍, പ്രിയങ്ക ബോസ്, ഹിരല്‍ സിദ്ധു, അവ്ന്‍ പൂക്കോട്ട്, തിലോത്തമ ഷോം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: oscar-winning producer guneet monga reveals her childhood crush on shah rukh khan, desire to work with aamir khan, and ranks salman khan lowest in popularity.