ഉഴുന്നുചോറ്, ഒരപ്പം മുതല്‍ ഇടിച്ചക്കക്കൂട്ട് വരെ...ആവേശമായി ഗൃഹലക്ഷ്മി ഹോം ഷെഫ് മത്സരം

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

ചേമ്പിന്‍തണ്ട് തീയല്‍, ഇടിച്ചക്കക്കൂട്ട്, മീന്‍നിറച്ചത്, വാഴക്കൂമ്പ്-ചേനത്തണ്ട് തോരന്‍...നാടന്‍വിഭവങ്ങളുടെ രുചിമേളമൊരുക്കി ഗൃഹലക്ഷ്മി ഹോം ഷെഫ് നാലാം സീസണ്‍ തിരുവനന്തപുരം സോണല്‍ മത്സരം ആവേശമായി. പരമ്പരാഗത തിരുവനന്തപുരം വിഭവങ്ങള്‍ക്കൊപ്പം കേരളത്തിന്റെ വൈവിധ്യമാര്‍ന്ന രുചികളും വിധികര്‍ത്താക്കള്‍ക്ക് മുന്നിലെത്തി. നാട്ടോര്‍മ്മകളിലേക്ക് തിരികെ നടത്തുന്ന ഉഴുന്നുചോറ്, അറയട, മുലാഞ്ഞിക്കൂട്ട്, ഒരപ്പം തുടങ്ങിയ വിഭവങ്ങളും മത്സരത്തിന്റെ മാറ്റുകൂട്ടി. മസ്‌കറ്റ് ഹോട്ടല്‍ കണ്‍സല്‍ട്ടന്റ് ഷെഫ് എസ്.എച്ച്. അരുണ്‍, പാചകവിദഗ്ധ നസിയ ആയിഷ എന്നിവര്‍ വിധികര്‍ത്താക്കളായി.

മത്സരാര്‍ഥികള്‍ വിധികര്‍ത്താക്കള്‍ക്കൊപ്പം / ഫോട്ടോ: എന്‍.എം.പ്രദീപ്

ആറ് സോണുകളിലായി നടക്കുന്ന ഹോം ഷെഫിന്റെ പ്രാഥമികഘട്ട മത്സരങ്ങളില്‍ ആദ്യത്തേതാണ് തമ്പാനൂര്‍ ടെറസ് ബിസിനസ് ആന്‍ഡ് ലെഷര്‍ ഹോട്ടലില്‍ നടന്നത്. കോട്ടയം, തൃശ്ശൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും സോണല്‍ മത്സരങ്ങള്‍ നടക്കും.

തിരഞ്ഞെടുക്കുന്ന 15 പേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കുക. സോണല്‍ മത്സരങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിഭവങ്ങള്‍ ഫൈനലില്‍ തത്സമയം പാചകം ചെയ്യണം. പാചകരംഗത്തെ പ്രമുഖരും സെലിബ്രിറ്റികളും ചേര്‍ന്ന് ഫിനാലെയിലെ വിജയികളെ കണ്ടെത്തും. ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 50000 രൂപ ലഭിക്കും. 30000, 20000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക. ഇതോടൊപ്പം 15 ഫൈനലിസ്റ്റുകളുടെയും ഫോട്ടോയും വിഭവങ്ങളുടെ റെസിപ്പിയും ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിക്കും.

വിഡിയം ആണ് ഹോം ഷെഫ് നാലാം സീസണിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ഇന്ത്യന്‍ ഓയില്‍ പ്രെസന്റിങ് സ്‌പോണ്‍സറും. ഗോള്‍ഡ് വിന്നര്‍ ഹെല്‍ത്ത് പാര്‍ട്ണറും ഹൈനസ് വെല്‍നസ് പാര്‍ട്ണറുമാണ്. ടെറസ് ബിസിനസ് ആന്‍ഡ് ലെഷറായിരുന്നു തിരുവനന്തപുരത്തെ വെന്യു പാര്‍ട്ണര്‍.

Content Highlights: grihalakshmi home chef zonal competition