“സ്ത്രീകളോട് അവരുടെ ഭാരം, പ്രായം, വിവാഹിതയാണോ, കുട്ടികളുണ്ടാകാൻ പദ്ധതിയുണ്ടോ എന്നൊക്കെ ചോദിക്കുന്നത് നിരാശാജനകമാണ്”

ഗൗരി കിഷൻ, ജ്വാല ഗുട്ട
ഗൗരി കിഷൻ, ജ്വാല ഗുട്ട

കഴിഞ്ഞ ദിവസം, 'അദേഴ്സ്' എന്ന തമിഴ് സിനിമയുടെ പത്രസമ്മേളനത്തിനിടെ നടി ഗൗരി കിഷനോട് ശരീരഭാരത്തെക്കുറിച്ചുള്ള തമിഴ് യൂട്യൂബറിന്റെ ചോദ്യവും നടിയുടെ പ്രതികരണവും ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. ഗൗരി ചോദ്യകർത്താവിനെ പരസ്യമായി വിമർശിക്കുകയും അങ്ങനെയൊരു ചോദ്യം ചോദിച്ചത് തെറ്റായിപ്പോയെന്ന് പറയുകയും ചെയ്തു. ഗൗരിയുടെ പ്രതികരണം വൈറലായതിന് പിന്നാലെ നിരവധി പേർ താരത്തിന് പിന്തുണയുമായി രംഗത്തെത്തി. നടിക്ക് പിന്തുണയുമായി ഏറ്റവും ഒടുവിൽ എത്തിയത് അർജുന അവാർഡ് ജേതാവും ബാഡ്മിന്റൺ താരവുമായ ജ്വാല ഗുട്ടയാണ്.

"സ്ത്രീകളോട് എപ്പോഴും അവരുടെ ഭാരം, പ്രായം, വിവാഹിതയാണോ, കുട്ടികളുണ്ടാകാൻ പദ്ധതിയുണ്ടോ എന്നൊക്കെ ചോദിക്കുന്നത് നിരാശാജനകമാണ്. അതൊക്കെയാണ് അവരുടെ മൂല്യവും ഭാവിയും നിർണ്ണയിക്കുന്നത് എന്ന മട്ടിലാണ് ഈ ചോദ്യങ്ങൾ. അതേസമയം, ഒരു പുരുഷനോട് അവൻ്റെ രൂപത്തെക്കുറിച്ചോ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചോ ഇതേ രീതിയിൽ ആരും ചോദിക്കില്ല. ഇത്തരം വിഡ്ഢിത്തം നിറഞ്ഞ ചോദ്യങ്ങൾ പരിഗണിക്കാതെ സ്ത്രീകൾ വിജയിക്കുന്നതിൽ എന്താണ് തെറ്റ്? കാലഹരണപ്പെട്ടതും സ്ത്രീവിരുദ്ധവുമായ ഈ ചിന്താഗതികളിൽ നിന്ന് നമുക്ക് പുറത്തുവരാം. സ്ത്രീകളെ അവരുടെ രൂപത്തിൻ്റെ പേരിലല്ല, കഴിവിൻ്റെ പേരിൽ വിലമതിക്കാൻ തുടങ്ങാം." ജ്വാല തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

ഗൗരിയുടെ പേര് പരാമർശിച്ചില്ലെങ്കിലും, അവർ എന്താണ് ഉദ്ദേശിച്ചതെന്ന് ഇതിലൂടെ വ്യക്തമാണ്. സംവിധായകൻ അബിൻ ഹരിഹരനൊപ്പം ഇരിക്കുകയായിരുന്ന ഗൗരിയോട് യൂട്യൂബർ ശരീരഭാരത്തെക്കുറിച്ച് ചോദിച്ചു. താൻ ലിംഗവിവേചനപരമായ പരാമർശങ്ങൾക്ക് ഇരയാവുകയാണെന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ട്, ഈ ചോദ്യത്തിന് തന്റെ സിനിമയുമായി എന്ത് ബന്ധമാണുള്ളതെന്ന് അവർ മറുപടി നൽകി.


"ഈ മുറിയിലെ ഏക സ്ത്രീ ഞാനാണ്, ഞാൻ ഒരു സ്ത്രീയായതുകൊണ്ട് മാത്രം നിങ്ങൾ എനിക്ക് അടിസ്ഥാനപരമായ ബഹുമാനം പോലും നൽകുന്നില്ല." ഗൗരി പറഞ്ഞു.

സിനിമയെക്കുറിച്ചോ തന്റെ കഥാപാത്രത്തെക്കുറിച്ചോ ചോദ്യങ്ങളില്ലാത്തതിനെ അവർ ചോദ്യം ചെയ്യുകയും എന്തുകൊണ്ടാണ് നടിമാരോട് സ്ഥിരമായി ശരീരഭാരത്തെക്കുറിച്ച് ചോദിക്കുന്നതെന്നതിനെക്കുറിച്ചും അവർ സംസാരിച്ചു.

നടൻ കവിൻ, ഗായിക ചിന്മയി, നടി ഖുശ്ബു സുന്ദർ, റിച്ച ഛദ്ദ, സുപ്രിയ മോനോൻ, അഹാന കൃഷ്ണ തുടങ്ങിയ പ്രമുഖർ ഗൗരിക്ക് പിന്തുണയുമായി രംഗത്തെത്തുകയും തമിഴ് സിനിമയിലെ സ്ത്രീവിരുദ്ധമായ മാധ്യമരീതികളെ അപലപിക്കുകയും ചെയ്തു.

മോശം പരാമർശങ്ങൾക്കെതിരെ പ്രതികരിച്ച ഗൗരിയെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്ന് ചിന്മയി തന്റെ എക്സ് പോസ്റ്റിലൂടെ കുറിച്ചു.
"ഗൗരി ചെയ്തത് വളരെ നല്ല കാര്യമാണ്. നിങ്ങൾ അനാദരവും അനാവശ്യവുമായ ഒരു ചോദ്യത്തെ ചോദ്യം ചെയ്യുന്ന നിമിഷം, നിങ്ങളെ നിശബ്ദരാക്കാൻ ഒരുപാട് പേർ ശ്രമിക്കും. ഇത്രയും ചെറുപ്പമായ ഒരാൾ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്തതിൽ അഭിമാനമുണ്ട്. ഒരു നടനോടും അവരുടെ ശരീരഭാരം എത്രയാണെന്ന് ചോദിക്കാറില്ല. എന്തിനാണ് ഒരു നടിയോട് ഇങ്ങനെ ചോദിച്ചതെന്ന് മനസ്സിലാകുന്നില്ല."

നിങ്ങളെപ്പോലുള്ള സ്ത്രീകളാണ് ഞങ്ങൾക്ക് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാൻ പ്രചോദനം നൽകുന്നതെന്നും നൽകിയ പിന്തുണയ്ക്ക് ചിന്മയിയോട് ഗൗരി നന്ദിയും പറഞ്ഞു.

നടിയായതിനാൽ ശരീരഭാരം കുറയ്ക്കണമെന്ന് അടുത്തിടെ ഒരു മാധ്യമപ്രവർത്തകൻ പരാമർശിച്ചതിനെക്കുറിച്ചും താരം ഇതോടൊപ്പം തുറന്നുപറഞ്ഞു.

ഇന്ന് തിയേറ്ററിലെത്തുന്ന 'അദേഴ്‌സ്' എന്ന മെഡിക്കൽ ത്രില്ലറിൽ നവാഗതനായ ആദിത്യ മാധവന്റെ നായികയായാണ് ഗൗരി അഭിനയിക്കുന്നത്. അഞ്ജു കുര്യൻ, മുനിഷ്കാന്ത്, ഹരീഷ് പേരടി, മാലാ പാർവതി, ജഗൻ, ആർ സുന്ദർരാജൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിൽ, ഡോക്ടറുടെ വേഷമാണ് ഗൗരി കെെകാര്യം ചെയ്യുന്നത്. ആദിത്യ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലും.

ഗ്രാൻഡ് പിക്ചേഴ്സ് ബാനറിൽ മുരളി നിർമ്മിക്കുകയും, കാർത്തിക് ജി, അധിരാജ് പുരുഷോത്തമൻ എന്നിവർ സഹനിർമ്മാണം നിർവഹിക്കുകയും ചെയ്ത 'അദേഴ്‌സ്' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജിബ്രാൻ വൈഭോദ്ധയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Gouri Kishan powerfully responds to an inappropriate body weight question at her film `Others` event.