റിവോള്‍വര്‍ റാണിക്കും കാലാ ജഠേഡിക്കും 250-ഓളം പോലീസുകാരുടെ കാവലില്‍ വിവാഹം

കുപ്രസിദ്ധ ഗുണ്ടാനേതാവ് സന്ദീപ് എന്ന കാല ജഠേഡിക്കും റിവോള്‍വര്‍ റാണി എന്നറിയപ്പെടുന്ന അനുരാധയും ചൗധരിക്കും കനത്ത പോലീസ് കാവലില്‍ വിവാഹം. ചൊവ്വാഴ്ച ഡല്‍ഹിയിലെ ദ്വാരകയിലായിരുന്നു വിവാഹം. തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന സന്ദീപിന് വിവാഹത്തിനായി ഡല്‍ഹി കോടതി പരോള്‍ അനുവദിക്കുകയായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനുരാധ നിലവില്‍ ജാമ്യത്തിലാണ്.
വിവാഹച്ചടങ്ങു നടന്ന ദ്വാരകയിലെ കേന്ദ്രത്തിനു ചുറ്റും ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ സ്‌പെഷ്യല്‍ വെപണ്‍സ് ആന്‍ഡ് ടെക്‌നിക്‌സ് സംഘത്തിലെ 150 മുതല്‍ 200 വരെ അംഗങ്ങള്‍ കാവലിനുണ്ടായിരുന്നു. വിവാഹത്തില്‍ ആരൊക്കെ പങ്കെടുക്കണമെന്ന കാര്യവും പോലീസ് നിയന്ത്രണത്തിലായിരുന്നു. മാനുഷികപരിഗണനയുടെ പേരിലാണ് വിവാഹത്തിന് പരോള്‍ അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്. സന്ദീപിന്റെ അഭിഭാഷകന്‍ രോഹിത് ദലാല്‍ മുഖേനയായിരുന്നു ഇരുവരുടെയും വിവാഹആവശ്യം കോടതിയിലെത്തിയത്.
ആറുമണിക്കൂര്‍ പരോള്‍
ഒരിക്കല്‍ തലയ്ക്ക് ഏഴുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച സന്ദീപിന് ആറുമണിക്കൂറാണ് കോടതി പരോള്‍ അനുവദിച്ചത്. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം നാലുമണി വരെ. സന്ദീപ് രക്ഷപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ട് സകലപഴുതുകളും അടച്ചായിരുന്നു പോലീസിന്റെ സുരക്ഷ. വിവാഹം നടന്ന കെട്ടിടത്തിന്റെ കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍, ആളുകളെ അടുത്തുനിരീക്ഷിക്കാന്‍ ഡ്രോണുകള്‍, വിവാഹത്തിനു പ്രവേശിക്കുന്നവര്‍ക്ക് ബാര്‍കോഡ് ബാന്‍ഡുകള്‍ തുടങ്ങി ഒട്ടേറെ സുരക്ഷാ മുന്‍കരുതലുകള്‍ പോലീസ് സ്വീകരിച്ചു. എന്‍ട്രി പാസ് ഇല്ലാതെ ആര്‍ക്കും അകത്തുകടക്കാനോ സമീപത്തെവിടെയെങ്കിലും വാഹനം പാര്‍ക്ക് ചെയ്യാനോ അനുമതിയുണ്ടായിരുന്നില്ല. ഹോളിന്റെ എല്ലാ ദിക്കുകകളിലും ഉള്‍വശത്തും സി.സി.ടി.വി. ഘടിപ്പിക്കാനും പോലീസ് നിര്‍ദേശം നല്‍കി.
ഹൈടെക് ആയുധങ്ങളുമായാണ് പോലീസ് എത്തിയത്. ക്രൈംബ്രാഞ്ച്, ഹരിയാണ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തുടങ്ങിയവയുടെ യൂണിറ്റുകളും കാവലിനുണ്ട്. രാജസ്ഥാന്‍ പോലീസും എന്‍.ഐ.എ.യും ചടങ്ങുകള്‍ നിരീക്ഷിക്കുന്നുണ്ട്. വിവാഹത്തില്‍ പങ്കെടുക്കുന്ന 150 കുടുംബാംഗങ്ങളുടെ പട്ടിക സന്ദീപിന്റെ കുടുംബം പ്രാദേശികപോലീസിന് നേരത്തേ കൈമാറിയിരുന്നു. വെയ്റ്റര്‍മാര്‍ അടക്കമുള്ളവരെ തിരിച്ചറിയാന്‍ ഐ.ഡി. കാര്‍ഡ്് സജ്ജമാക്കി.
ഹരിയാണയിലെ സോനിപത് സ്വദേശിയാണ് സന്ദീപ്. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്റ്റ് അടക്കം ഒട്ടേറെ ക്രിമിനല്‍ കുറ്റങ്ങള്‍ സന്ദീപിനെതിരേയുണ്ട്. 2021 ജൂലായില്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഇരുവരെയും അറസ്റ്റുചെയ്തു. സന്ദീപിന്റെ സംഘത്തില്‍ പെട്ടയാളാണ് ലേഡി ഡോണ്‍ എന്നും മാഡം മിന്‍സ് എന്നുമെല്ലാം അറിയപ്പെടുന്ന അനുരാധ. മറ്റൊരു കുറ്റവാളി ആനന്ദ്പാല്‍ സിങ്ങിന്റെയും അടുപ്പക്കാരിയായ അനുരാധക്കെതിരേ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ചയടക്കം രാജസ്ഥാനിലും ഡല്‍ഹിയിലുമായി ഒട്ടേറെ കേസുകളുണ്ട്.
സന്ദീപിന് ആറുമണിക്കൂര്‍ പരോളിന് ശേഷം തിഹാര്‍ ജയിലിലേക്ക് തിരിച്ചുപോകണം. ബുധനാഴ്ച രാവിലെ 11-മണിക്കാണ് വധുവിന്റെ ഗൃഹപ്രവേശ ചടങ്ങ്. ബുധനാഴ്ച സന്ദീപിനെ ഗ്രാമത്തിലേക്ക് കൊണ്ടുപോകും. അവശേഷിക്കുന്ന വിവാഹച്ചടങ്ങുകള്‍ അവിടെ വെച്ചുനടക്കും. ഈ സമയം പോലീസ് സന്ദീപിനെ അനുഗമിക്കും.
Content Highlights: Gangster Kala Jathedi Gets Married To 'Revolver Rani' In Delhi