60 പെരുമ്പാമ്പിനെ പിടികൂടിക്കൊന്നു, പൈത്തൺ ചലഞ്ചിൽ മുന്നിലെത്തിയ വേട്ടക്കാരി

ബർമീസ് പെരുമ്പാമ്പുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് അമേരിക്കയിലെ സൗത്ത്ഫ്ളോറിഡ. അധിനിവേശജീവിയായ ബർമീസ് പെരുമ്പാമ്പുകൾ പ്രാദേശികജീവികളുടെ നിലനിൽപിനും ആവാസവ്യവസ്ഥയ്ക്കും വെല്ലുവിളിയായി മാറിയിട്ട് കുറച്ചുകാലമായി. ഇവയെ ഉന്മൂലനം ചെയ്യുന്നതിനായി പൈത്തൺ ചലഞ്ച് എന്നപേരിൽ വർഷംതോറും മത്സരം തന്നെ സംഘടിപ്പിക്കാറുണ്ട് അധികൃതർ. പത്തുദിവസത്തെ ചലഞ്ചിൽ വിജയിക്ക് ഏകദേശം 8.7 ലക്ഷം രൂപയാണ് സമ്മാനം.
ഇത്തവണത്തെ ചലഞ്ചിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആദ്യമായി ഒരു വനിത ചലഞ്ചിൽ വിജയിയായി. 60 പാമ്പുകളെ പിടികൂടിക്കൊന്ന നേപ്പിൾസ് സ്വദേശിനിയും 29-കാരിയുമായ ടെയ്ലർ സ്റ്റാൻബെറിയയാണത്. 2013-ൽ മത്സരം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ പാമ്പുകളെ പിടികൂടിയതും ഈ വർഷമായിരുന്നു. 294 എണ്ണം. ചലഞ്ചിൽ 900-ത്തിലധികം പേർ പങ്കെടുക്കുകയും ചെയ്തു. പാമ്പുപിടിത്തക്കാരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. മത്സരാർഥികൾ പാമ്പുകളെ പിടികൂടി മനുഷ്യത്വപരമായി കൊല്ലണമെന്നാണ് ചട്ടം.
സ്റ്റാൻബെറി 33 പെൺ പാമ്പുകളെയും 27 ആൺ പാമ്പുകളെയുമാണ് പിടികൂടിയത്. അതിൽ ഏറ്റവും വലിയ പാമ്പിന് ഒൻപത് അടിയിൽ കൂടുതൽ നീളവും ഏകദേശം 16 പൗണ്ട് ഭാരവുമുണ്ടായിരുന്നു. തെക്കൻ തണ്ണീർത്തടങ്ങളിൽ പാമ്പിൻ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന സമയമായതിനാലാണ് ചലഞ്ചിന് ഈ സമയം തന്നെ തിരഞ്ഞെടുത്തത്.
എന്തുകൊണ്ട് ഭീഷണി
എവർഗ്ലേഡ്സ് നാഷണൽ പാർക്കിൽ നടന്ന ഒരു പഠനത്തിൽ, റക്കൂണുകളെയും മുയലുകളെയുമെല്ലാം ബർമീസ് പെരുമ്പാമ്പ് വ്യാപകമായി വേട്ടയാടുന്നുണ്ടെന്നും ഇത്തരം മൃഗങ്ങളുടെ എണ്ണത്തിൽ 85 ശതമാനം മുതൽ 100 ശതമാനം വരെ കുറവുണ്ടാകാൻ കാരണമായെന്നും കണ്ടെത്തി. 2021-ലെ ഫ്ലോറിഡ പൈത്തൺ കൺട്രോൾ പ്ലാൻ അനുസരിച്ച്, 1980-കളുടെ മധ്യത്തോടെയാണ് പാർക്കിൽ ഈ പെരുമ്പാമ്പുകളെത്തിയത്. എങ്ങനെ ഇവിടെയെത്തിയെന്ന് വ്യക്തമല്ലെങ്കിലും പിന്നീട് അവയുടെ വ്യാപനത്തിന് കാരണമായി. 2019 മുതൽ സൗത്ത് ഫ്ലോറിഡയിൽനിന്ന് വേട്ടക്കാർ 15,800-ൽ അധികം പാമ്പുകളെ പിടികൂടി നീക്കം ചെയ്തിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn about Florida`s efforts to control the invasive Burmese python population and its impact on the Everglades ecosystem.