ലോകത്ത് ഏറ്റവുമധികം പിരമിഡുകളുള്ള രാജ്യം ഈജിപ്തല്ലെന്നറിയാമോ?

പിരമിഡുകളെപ്പറ്റി പറയുമ്പോള്‍ ഈജിപ്താണ് നമ്മുടെയെല്ലാം മനസ്സിലേക്കെത്തുക. ലോകത്തെ പിരമിഡുകളുടെ ആസ്ഥാനം ഈജിപ്താണെന്നാണ് നമ്മളെല്ലാം കരുതിവെച്ചിരിക്കുന്നത്. എന്നാല്‍ ഏറ്റവുമധികം പിരമിഡുകളുള്ള രാജ്യം ഈജിപ്ത് അല്ലെന്നതാണ് യാഥാര്‍ഥ്യം. ഈജിപ്ത് ഉള്‍പ്പെടുന്ന വടക്കേ ആഫ്രിക്കയില്‍ പോലുമല്ലിത്.
ഈജിപ്തിന്റെ തെക്കന്‍ അയല്‍രാജ്യമായ സുഡാനാണ് ആ സ്ഥാനം. 200-നും 255-നുമിടയിലാണ് സുഡാനിലെ പിരമിഡുകളുടെ എണ്ണം. ഈജിപ്തില്‍ 138 എണ്ണമേയുള്ളൂ. പുരാതന ഈജിപ്തുകാരാവാം സുഡാനിലെ പിരമിഡുകള്‍ പണിഞ്ഞതെന്നൊരു തെറ്റിദ്ധാരണയും ഇവിടെ വരാനിടയുണ്ട്. എന്നാല്‍ പുരാതന കുഷ് സാമ്രാജ്യമാണ് സുഡാനില്‍ പിരമിഡുകള്‍ പണിഞ്ഞത്. 1070 ബിസി മുതല്‍ എഡി 350 വരെ നൈല്‍ നദിക്കരയിലെ നൂബിയ എന്നറിയപ്പെടുന്ന പ്രദേശം ഭരിച്ചിരുന്നവരാണിവര്‍.
ഈജിപ്തുകാര്‍ പിരമിഡുകള്‍ നിര്‍മിച്ച് ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുഷുകള്‍ പിരമിഡുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. രണ്ട് സംസ്‌കാരങ്ങളും അവരുടെ മരിച്ചവരെ സംസ്‌കരിക്കാനായാണ് ഇവ ഉപയോഗിച്ചിരുന്നത്. ഒട്ടേറെ കാര്യങ്ങളില്‍ ഈജിപ്ഷ്യന്‍ സംസ്‌കാരം നൂബിയന്‍ രാജാക്കന്മാരെ സ്വാധീനിച്ചിട്ടുണ്ട്. പിരമിഡുകള്‍ അതിലൊന്നാണ്.
വ്യത്യാസം
രണ്ടു സംസ്‌കാരങ്ങളിലും നിര്‍മിച്ച പിരമിഡുകളുടെ വലിപ്പത്തില്‍ വ്യത്യാസമുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ പിരമിഡുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സുഡാനീസ് പിരമിഡുകള്‍ക്ക് വലിപ്പം കുറവാണെന്ന് യുനെസ്‌കോ പറയുന്നു. കുഷുകളുടെ ശരാശരി പിരമിഡിന്റെ ഉയരം ആറുമുതല്‍ 30 മീറ്റര്‍ വരെയാണ്. ഈജിപ്തിലേത് 138 മീറ്റര്‍ വരെയുണ്ട്. പുരാതന മെറോയ് നഗരത്തിലെ പിരമിഡാണ് വലിപ്പത്തില്‍ മുമ്പിലുള്ള ഒന്ന്. ഈ നഗരത്തിലാണ് ആകെയുള്ള 255 പിരമിഡില്‍ 200-ഉം ഉള്ളത്. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നിന്ന് 220 കിലോമീറ്റര്‍ വടക്കാണ് മെറോയ് നഗരം. മണല്‍ക്കല്ലിലും ഗ്രാനൈറ്റിലുമാണ് സുഡാനിലെ പിരമിഡുകള്‍ പണിഞ്ഞിരിക്കുന്നത്. വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതിനാല്‍ നാശത്തിന്റെ വക്കിലാണിന്ന്. ഇറ്റാലിയന്‍ നിധിവേട്ടക്കാരും ഒട്ടേറെ പിരമിഡുകള്‍ നശിപ്പിച്ചിട്ടുണ്ട്.
ആരാണ്, ഏത് കാലഘട്ടത്തിലാണ് പിരമിഡുകള്‍ നിര്‍മ്മിച്ചതെന്ന് അറിയാമെങ്കിലും, ഗവേഷകര്‍ക്ക് സുഡാനീസ് പിരമിഡുകളെക്കുറിച്ച് ഇപ്പോഴും പൂര്‍ണ്ണമായി ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈജിപ്തുകാര്‍ ഉപയോഗിച്ച അതേ രീതികളാണോ അവര്‍ ഉപയോഗിച്ചത്, ഒരെണ്ണം സ്ഥാപിക്കാന്‍ എത്ര സമയമെടുത്തു... തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിവില്ല.
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ പിരമിഡും ഈജിപ്തില്‍ അല്ല. മെക്‌സിക്കോയിലെ ഗ്രേറ്റ് പിരമിഡ് ഓഫ് ചോലൂലയാണ് ഏറ്റവും വലിയ പിരമിഡ്. ഒരു പര്‍വതത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന നിലയിലാണിത്.
Content Highlights: egypt is not the country with the most pyramids