ആണാണെന്ന ആരോപണത്തോട് പ്രതികരിച്ച് ഇമാന്‍ ഖെലിഫ്

ഇമാന്‍ ഖെലിഫ്‌ | AP
ഇമാന്‍ ഖെലിഫ്‌ | AP

പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 66 കിലോ ബോക്സിങ് വിഭാഗത്തിലെ അള്‍ജീരിയന്‍ താരത്തിനെതിരേ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങളുയർന്നിരുന്നു. ഇമാന്‍ ഖെലിഫ് എന്ന 25-കാരി സ്ത്രീയല്ലെന്നും പുരുഷനാണെന്നുമാണ് ആരോപണം. ഖെലിഫിന്റെ പഞ്ച് താങ്ങാനാവാതെ ഇറ്റലിയുടെ ആഞ്ജല കരീനി മത്സരത്തില്‍ നിന്ന് പിന്മാറുകയും ഇത് ശരിയല്ലെന്ന് അവര്‍ ഉറക്കെ പറയുകയും ചെയ്തതോടെ താരത്തിന്റെ യോഗ്യത സംബന്ധിച്ച വിവാദമുയര്‍ന്നു. മത്സരം തുടങ്ങി 46 സെക്കന്‍ഡ് പിന്നിട്ടപ്പോഴേക്കും ആഞ്ജല കരഞ്ഞുകൊണ്ട് കളിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതോടെ വിഷയം ആളിക്കത്തി. 

ഖെലിഫ് സ്ത്രീയല്ലെന്നും ട്രാന്‍സ്ജെന്‍ഡറോ പുരുഷനോ ആണെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലടക്കം സജീവമായി. എതിരാളി ഏത് ലിംഗത്തില്‍ പെട്ടയാളാണെന്നറിയാതെ സ്ത്രീക്ക് എങ്ങനെ അയാളോട് മത്സരിക്കാന്‍ കഴിയുമെന്നും ചോദ്യമുയര്‍ന്നു. എന്നാലിപ്പോള്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് താരം.

'ഒളിമ്പിക് തത്വങ്ങളും ഒളിമ്പിക് ചാര്‍ട്ടറും ഉയര്‍ത്തിപ്പിടിക്കാനും കായികതാരങ്ങളെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഞാന്‍ ലോകത്തിലെ എല്ലാ ആളുകള്‍ക്കും സന്ദേശം കൈമാറുകയാണ്, കാരണം ഇതിന് വലിയ പ്രത്യാഘാതങ്ങളുണ്ട്' എസ്.എന്‍.ടി.വി.യില്‍ അറബിക് ഭാഷയില്‍ നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 'അത്തരം കാര്യങ്ങള്‍ക്ക് ആളുകളെ നശിപ്പിക്കാന്‍ കഴിയും, ചിന്തകളെയും ആത്മാവിനെയും മനസ്സിനെയും കൊല്ലാനാവും, ഭിന്നിപ്പിക്കാന്‍ കഴിയും. അതിനാല്‍, ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെടുന്നു.'

'ആഴ്ചയില്‍ രണ്ട് ദിവസം ഞാന്‍ എന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. അവരെ ഇതൊന്നും ആഴത്തില്‍ ബാധിച്ചിട്ടില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നെക്കുറിച്ചോര്‍ത്ത് അവര്‍ക്ക് ആശങ്കയുണ്ട്. ദൈവത്തിന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഇതൊരു സ്വര്‍ണ്ണ മെഡലില്‍ കലാശിക്കും, അതായിരിക്കും എല്ലാവര്‍ക്കുമുള്ള തന്റെ മികച്ച പ്രതികരണ'മെന്നും അവര്‍ പറഞ്ഞു. 

ഐ.ഒ.സിയും പ്രസിഡന്റ് തോമസ് ബാച്ചും നല്‍കിയ പിന്തുണയ്ക്ക് അവര്‍ നന്ദി പറയുകയും ചെയ്തു. 'ഒളിമ്പിക് കമ്മിറ്റി എന്നോട് നീതി പുലര്‍ത്തി, ഇതില്‍ ഞാന്‍ സന്തുഷ്ടയാണ്, അത് സത്യത്തെ തുറന്നുകാണിക്കുന്നു.'-അവര്‍ പറഞ്ഞു. 

മുമ്പും വിവാദം
2023 ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയിരുന്നു ഖെലിഫ്. എന്നാല്‍ ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാജ്യാന്തര ബോക്സിങ് അസോസിയേഷന്‍ അവരെ അയോഗ്യയാക്കി. ശരീരത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണ്‍ കൂടുതലായതാണ് അയോഗ്യയാക്കാന്‍ കാരണമെന്ന് പിന്നീട് അള്‍ജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡി.എന്‍.എ. ടെസ്റ്റില്‍ പുരുഷന്മാര്‍ക്കുള്ള എക്സ്, വൈ, ക്രോമസോമുകള്‍ കണ്ടെത്തിയെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഉമര്‍ ക്രെംലേവും പിന്നീട് അറിയിച്ചു. എന്നാല്‍, ഇമാനെ വിലക്കിയ തീരുമാനത്തെ ഒളിമ്പിക് കമ്മിറ്റി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കിയത്. 

Content Highlights: do not bully, algerian boxer imane khelif breaks silence on gender row