ഒരു സിനിമയുടെ പ്രതിഫലം 20 കോടി വരെ; ദീപികയുടെ ഏകദേശ ആസ്തി 500 കോടി രൂപ

ദീപിക പദുകോൺ
ദീപിക പദുകോൺ

ഫാഷൻ മോഡലാവുക എന്ന സ്വപ്‌നത്തോടുകൂടിയാണ് ദീപിക പദുകോൺ തന്റെ ബാഡ്മിന്റൺ കരിയർ ഉപേക്ഷിച്ചത്. എന്നാൽ ബോളിവുഡിലെത്തിയതോടെ ദീപികയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 'ഓം ശാന്തി ഓ'മിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ പകുതിയിലേറെ പടങ്ങളും സൂപ്പർഹിറ്റായി. ചെന്നൈ എക്‌സ്പ്രസ്, രാംലീല, പികു, ബാജിറാവു മസ്താനി, പദ്മാവത്, ഗെഹരായിയാം, തമാശ, പത്താൻ, ജവാൻ, കൽക്കി, സിംഗം എഗെയ്ൻ...ലിസ്റ്റ് നീളും. അതോടെ ദീപികയുടെ പ്രതിഫലവും ക്രമേണ വർധിച്ചു. ഇന്ന് കോടികളാണ് ഒരു സിനിമയ്ക്കായി അവർക്ക് ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 15 കോടി മുതൽ 20 കോടി വരെയാണ് ഒരു പടത്തിന് താരത്തിന്റെ പ്രതിഫലം. അതിനൊപ്പം ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ്, സംരംഭങ്ങൾ എന്നിവയിലൂടെയും കോടികളാണ് ദീപികയുടെ കൈകളിലെത്തുന്നത്.

2022-ലാണ് 82°E എന്ന സ്‌കിൻകെയർ ബ്രാൻഡ് അവർ തുടങ്ങുന്നത്. ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിൽ താരതമ്യേന നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയതെങ്കിലും, ചെലവുകൾ വെട്ടിക്കുറച്ച് ലാഭം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

ദീപികയും രൺവീർ സിങ്ങും താമസിക്കുന്നത് മുംബൈയിലെ പ്രശസ്തമായ ബാന്ദ്രയിലാണ്. അവിടെ കടലിന് അഭിമുഖമായുള്ള വിശാലമായ അപാർട്ട്‌മെന്റിന്റെ വില ഏകദേശം 119 കോടിയാണ്. 2022-ലാണ് ഇതു വാങ്ങിയത്. 11,266 സ്‌ക്വയർഫീറ്റിലായിട്ടാണ് ഈ അപാർട്ട്‌മെന്റുള്ളത്. ഇതേ സമുച്ചയത്തിൽ തന്നെ മറ്റൊരു ഫ്‌ളാറ്റുമുണ്ട് ദീപികയ്ക്ക്. അതിന്റെ മതിപ്പുവില 18 കോടിയാണ്. അതിനൊപ്പം വർളിയിലെ ബ്യൂമണ്ട് ടവേഴ്‌സിലും അവർക്ക് അപാർട്ട്‌മെന്റുണ്ട്. മുംബൈയിലെ തന്നെ പ്രഭാദേവിയിലുള്ള വീട് 2013-ൽ 16 കോടിക്കാണ് ദീപിക വാങ്ങിയത്. അതിനൊപ്പം അലിബാഗിൽ അവധിക്കാലബംഗ്ലാവ് ഉൾപ്പെടെയുള്ള വിശാലമായ സ്ഥലവും താരദമ്പതിമാരുടെ പേരിലുണ്ട്. രണ്ടേകാൽ ഏക്കറോളം സ്ഥലമാണ് അവിടെയുള്ളത്. 22 കോടിക്കാണ് ഈ സ്ഥലം വർഷങ്ങൾക്കുമുമ്പ് വാങ്ങിയത്. കണക്കുകൾ പ്രകാരം ദീപികയുടെ ഏകദേശ ആസ്തി 500 കോടി വരെയാണ്. ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി, റേഞ്ച് റോവർ വോഗ്, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ വണ്ടികളാണ് ദീപികയുടെ പക്കലുള്ളത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore Deepika Padukone`s massive net worth of 500 crore! Discover her film fees, brand endorsements, business ventures, and luxurious real estate