ഭാര്യയെ സണ്ണി വെടിവെച്ചുകൊന്നതാണെന്നും അതല്ല അവര്‍ ആത്മഹത്യ ചെയ്തതാണെന്നും രണ്ട് വാദങ്ങളുയര്‍ന്നു

ഡിസംബര്‍ 22, 1957. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞതേയുള്ളൂ. തിരുവല്ലയിലെ മേലാംപറമ്പില്‍ വീട്ടില്‍നിന്ന് ആദ്യം വലിയൊരു ശബ്ദം മുഴങ്ങി, പടക്കം പൊട്ടുന്നതുപോലൊന്ന്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ അതേ പോലൊന്ന് കൂടി കേട്ടു. ക്രിസ്മസിനോടടുപ്പിച്ചുള്ള ദിവസങ്ങളിലൊന്നായതുകൊണ്ട് അയല്‍വാസികളൊഴികെ ആരും അതത്ര കാര്യമാക്കിയില്ല. പടക്കം പൊട്ടുന്നതായിരിക്കാമെന്ന് കരുതി.
എന്നാല്‍ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു വാര്‍ത്തയെത്തി, മേലാംപറമ്പില്‍ മാത്യു(സണ്ണി)വിന്റെ ഭാര്യ വെടിയേറ്റ് മരിച്ചിരിക്കുന്നു. അധികം വൈകാതെ പോലീസ് എത്തി, തെളിവെടുപ്പായി. ഒടുവില്‍ സണ്ണിയെ കൈവിലങ്ങ് വെച്ച് കൊണ്ടുപോവുന്നത് കണ്ടപ്പോള്‍, നാട്ടുകാര്‍ക്കത് മറ്റൊരു ഞെട്ടലായിരുന്നു.
തിരുവല്ലയിലെ ട്യൂട്ടോറിയല്‍ കോളേജ് ഉടമയും ചങ്ങനാശ്ശേരി കോളേജിലെ അധ്യാപകനുമായിരുന്നു സണ്ണി. ഭാര്യ അമ്മാളും മൂന്ന് മക്കളുമൊത്ത് സന്തോഷത്തോടെയുള്ള ജീവിതം. കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും കോളേജിലെ ജോലി ഒഴിവാക്കി, പൂര്‍ണമായും ട്യൂട്ടോറിയല്‍ കോളേജിലേക്കായി സണ്ണിയുടെ ശ്രദ്ധ. അതിനിടെയാണ് അവിടെ ട്യൂഷനായെത്തിയ ലിസിയുമായി അയാള്‍ പ്രണയത്തിലാവുന്നത്. അവര്‍ പലയിടങ്ങളിലും യാത്ര പോയി, ഒരുമിച്ച് താമസിച്ചു. മറ്റൊന്നിനെക്കുറിച്ചും അവരതിനിടയില്‍ ചിന്തിച്ചില്ല. കുറേക്കാലം വീട്ടുകാരൊന്നുമറിയാതെ ആ ഇഷ്ടം കൊണ്ടുനടന്നു. കാണാത്ത സമയത്ത് പരസ്പരം കത്തുകളിലൂടെ സംസാരിച്ചു. അതിന് പ്രത്യേക കോഡുഭാഷയുമുണ്ടായിരുന്നു അവര്‍ക്ക്.
അതിനിടയിലാണ് ഒരുദിവസം ലിസിക്ക് അയക്കാനായി സണ്ണി എഴുതിവെച്ച കത്ത് അമ്മാളിന്റെ കൈയില്‍ കിട്ടുന്നത്. അവര്‍ നേരെ ലിസി പഠിക്കുന്ന കോളേജിലേക്ക് പോയി. പ്രിന്‍സിപ്പാളിനോടും അധ്യാപകരോടും കാര്യം പറഞ്ഞു, ലിസിയെ കണ്ട് സംസാരിച്ചു. സംസാരത്തിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമായി. അതിനിടയില്‍ അമ്മാള്‍ ലിസിയുടെ മുഖത്തടിക്കുകയും ചെയ്തു. അവസാനം അടിച്ചതിന് മാപ്പുപറഞ്ഞിട്ടാണ് അമ്മാള്‍ കോളേജില്‍നിന്നിറങ്ങുന്നത്.
ആ സംഭവത്തോടെ വീട്ടിലെ സ്വസ്ഥതയും സമാധാനവും നശിച്ചു. അമ്മാളിന് എല്ലാത്തിലും സംശയമായി. സണ്ണിക്ക് വീട്ടില്‍നിന്ന് ഒറ്റയ്ക്ക് പുറത്തുപോകാനുള്ള സ്വാതന്ത്ര്യവുമില്ലാതായി. എവിടെ പോകുമ്പോഴും കൂടെ അമ്മാളുമുണ്ടാവും.
ഡിസംബര്‍ 22-നും സണ്ണി പുറത്തുപോകുമ്പോള്‍, അമ്മാളും കൂടെപ്പോയി. വൈകുന്നേരമാണ് തിരിച്ചെത്തിയത്. അവര്‍ തമ്മില്‍ വലിയ ബഹളമായി. അതുകഴിഞ്ഞാണ് പുറത്തെ കാര്‍ഷെഡില്‍വെച്ച് അമ്മാളിന് വെടിയേല്‍ക്കുന്നത്. ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
വെടിവെക്കുന്നതിന് ആരും സാക്ഷികളായുണ്ടായിരുന്നില്ല. ശബ്ദം മാത്രം കേട്ടതാണ്. ആ ശബ്ദത്തിനുശേഷം സണ്ണിയുടെ കാര്‍ പുറത്തേക്ക് പോവുന്നത് കണ്ടവരുമുണ്ട്. അമ്മാളിനെ സണ്ണി വെടിവെച്ച് കൊന്നതാണെന്നും അതല്ല അവര്‍ ആത്മഹത്യ ചെയ്തതാണെന്നും രണ്ട് വാദങ്ങളുണ്ടായി. ഒടുവില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി സണ്ണിയെ വിട്ടയച്ചു. കേസ് ഹൈക്കോടതിയിലെത്തി. പലരെയും വിസ്തരിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍, ഫോറന്‍സിക് പ്രൊഫസര്‍, ഗണ്‍ സ്‌പെഷലിസ്റ്റ് എന്നിവര്‍ കോടതിയിലെത്തി. അമ്മാളിന്റെ ശരീരത്തില്‍ കണ്ട വെടിയുണ്ട തറച്ച പാട് പരിശോധിച്ചതില്‍നിന്ന് അത് കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് അവര്‍ മൊഴിനല്‍കി. ലിസിയും സണ്ണിയും അയച്ചിരുന്ന കത്തുകളൊക്കെ കോടതിയില്‍ ഹാജരാക്കി. അവര്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാത്യു എന്ന പേരില്‍ പലയിടത്തും താമസിച്ചിരുന്നുവെന്ന് തെളിഞ്ഞു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊല നടത്തിയതിന്, ഹൈക്കോടതി സണ്ണിക്ക് പരമാവധി ശിക്ഷ തന്നെ വിധിച്ചു, മരണംവരെ തൂക്കിലേറ്റുക. സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. ഒടുവില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. അമ്മ മരിച്ച ചെറിയ കുഞ്ഞുങ്ങള്‍, അച്ഛന്‍ കൂടി ഇല്ലാതായാല്‍ അനാഥരാവുമെന്നായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്. ഒടുവില്‍ ശിക്ഷ ജീവപര്യന്തം തടവുശിക്ഷയായി കുറച്ചു.
ഈ സംഭവമാണ് കാനം ഇ.ജെ, ഭാര്യ എന്ന പേരില്‍ നോവലാക്കിയത്. അതേപേരിലുള്ള സിനിമ 1962 ഡിസംബര്‍ 20-നാണ് റിലീസാവുന്നത്. ഉദയയുടെ ബാനറില്‍ കുഞ്ചാക്കോയാണ് നിര്‍മാണം. സംവിധാനവും കുഞ്ചാക്കോ തന്നെ. സംഭാഷണങ്ങളെഴുതിയത് പൊന്‍കുന്നം വര്‍ക്കിയും. സത്യനാണ് സിനിമയില്‍ ഭര്‍ത്താവായി അഭിനയിക്കുന്നത്. ഭാര്യയായി രാഗിണിയും കാമുകിയായി പുതുമുഖനടി രാജശ്രീയും. കാമുകിയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുകയും അവര്‍ ബോധംകെട്ട് വീഴുകയും ചെയ്യുന്നു. മരിച്ചെന്ന് കരുതി, അച്ഛന്റെ നിര്‍ദേശപ്രകാരമാണ് അയാള്‍ അവര്‍ക്കുനേരെ വെടിവെക്കുന്നത്.
പാട്ടുകളാല്‍ സമ്പന്നമാണ് സിനിമ. അതെല്ലാം ആളുകള്‍ക്കിന്നും ഏറെ പ്രിയപ്പെട്ടത്. പെരിയാറേ പെരിയാറേ, ഓമനക്കയ്യില്‍, പഞ്ചാരപ്പാലുമിട്ടായി...വയലാര്‍ രാമവര്‍മയുടെ വരികള്‍ക്ക് ജി.ദേവരാജനാണ് സംഗീതം കൊടുത്തത്. യേശുദാസ്, പി.സുശീല, എസ്.ജാനകി, എ.എം. രാജ, ജിക്കി എന്നിവരാണ് പാടിയത്.
Content Highlights: crime stories and movies based on it